LIMA WORLD LIBRARY

ദേവീ – ദീപു RS ചടയമംഗലം

ഓർമ്മകളിലൊരുപാട് നെയ്യൊഴിക്കുമ്പോൾ
ശ്രീലകത്തെ മിഴാവിന് മഴയൊഴിയുന്നില്ല…

നേർത്ത പുടവകെട്ടിയ വിഗ്രഹത്തിൽ മുഖത്തെഴുതുമ്പോൾ
അഗ്രഹാരത്തിലെ വിശപ്പിന്റെ പ്രതിധ്വനികൾ മടങ്ങുന്നില്ല.


ചന്ദനച്ചാർത്തിൽ അമ്മ പുഞ്ചിക്കുമ്പോൾ
വേദനകളുടെ വേനൽമഷിത്തണ്ട് ഉൾക്കടൽ വറ്റിക്കുന്നു.

ആത്മാവ് തിരിയിട്ട പഞ്ചശിരോ വിളക്കിനാൽ ആരതിയുഴിയുമ്പോൾ
മുകിൽ വർണ്ണന്റെ ചുണ്ടിലെ വേണുവിന് ശ്രുതി നഷ്ടപ്പെടുന്നു.

ധർമ്മാശുപത്രിയിൽ ഊർദ്ധൻ വലിക്കുന്ന ശിശുവിന്റെ രോദനത്തിനൊപ്പം പഴുത്ത സ്വപ്‌നങ്ങൾ അഭിഷേകം ചെയ്യുമ്പോൾ വിഗ്രഹത്തിന് ചുട്ട് പൊള്ളുന്നു.

ഇന്ദ്രലതകളിൽ ഹേമന്ത സിന്ദൂരച്ചാർത്തഴിക്കുമ്പോൾ
അമ്പലമുറ്റത്തെയാലിലേക്ക്
കുടിയേറുന്ന കലിയുടെ കാളിമ,നൊന്ത് പ്രസവിച്ച മത ഭ്രാന്ത്
ആരെയൊക്കെയോ നക്കിക്കൊല്ലുന്നു.

ബ്രാഹ്മണ്യത്തിന്റെ നൂലുകൾ പറിച്ചെറിഞ്ഞ അന്ധ ഹിമ ശൈലങ്ങളിൽ ഓടി ഒളിക്കുമ്പോൾ
സന്ധ്യ ചുവക്കുന്നു.

മൂന്നിഴ കീറി മൂന്നാഴി ചെങ്കനൽ കോരി യുഗ സൂര്യൻ മുന്നിലണയും വരെ

ഈ അർദ്ധ സ്വർഗ ശ്രീലകത്തിൽ ഉഷ പൂജ ചെയ്ത് നടയടച്ച്
മുഷിയാതെ കാത്തിരിക്കുന്നു.

ഒടുവിൽ കൺതുറന്ന് നട തുറന്ന്
നോക്കുമ്പോൾ അനാദിയിൽ മഹാ ശൂന്യതയുടെ ശംഖനാദം കേൾക്കുന്നു..

 

രചന
ദീപു RS ചടയമംഗലം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px