LIMA WORLD LIBRARY

 നീറിപ്പുകഞ്ഞ  നെരിപ്പോടുകൾ –  ആനന്ദവല്ലി  ചന്ദ്രൻ 

നീറിപ്പുകഞ്ഞ  നെരിപ്പോടുകൾ
സമയം  പത്തര  കഴിഞ്ഞു. മുറിക്കകത്ത് വെളിച്ചമുണ്ട് .
എനിക്ക് ഓഫീസിലെ ഒരുപാട്‌ ജോലി ചെയ്‌തുതീർക്കാനുണ്ട്.
ജോലി  നിർത്തിവെച്ച്  ഞാൻ അമ്മയുടെ  അടുത്ത്  ചെന്നുനോക്കി. അമ്മ, കുളക്കരയിൽ കണ്ണുകളടച്ചിരിക്കുന്ന  കൊറ്റിയെപ്പോലെ ധ്യാനനിരതയായി ഇരിക്കയാണ്. മുന്നിൽ  തുറന്നുവെച്ചിരിക്കുന്ന കഥാപുസ്തകം. അതോ  നോവലോ ? രാത്രിയിലെ  അത്താഴവും, മറ്റു  പണികളും കഴിഞ്ഞാൽ  എന്തെങ്കിലും  വായിക്കുന്നത് അമ്മയുടെ  പതിവാണ്‌. ഇന്ന്  വായിക്കാതെ കണ്ണുകളടച്ചിരിക്കുന്ന അമ്മയെ  നോക്കിനിന്നപ്പോൾ  അത്ഭുതം തോന്നി.  ഞാനവിടെ നിൽക്കുന്നത് അമ്മ അറിഞ്ഞ  മട്ടില്ല. ഞാൻ കുറച്ചുനേരം അമ്മയെത്തന്നെ നോക്കി അവിടെ  നിന്നു.

അമ്മ  ഒമ്പതാം  ക്ലാസ്സിൽ   തോറ്റപ്പോൾ  പഠിപ്പ്‌ നിർത്തേണ്ടിവന്നു. അതിന്നുശേഷം നെൽപ്പാടങ്ങളിൽ പണിക്ക് പോയിത്തുടങ്ങി. കല്യാണാലോചനകളുമായി ആളുകൾ വന്നപ്പോൾ വീട്ടുകാർ അമ്മയെ കല്യാണം കഴിപ്പിച്ചയച്ചു. അച്ഛൻ  അമ്മയെ ബോംബെയിലേയ്ക്ക്  കൊണ്ടുപോന്നു. അച്ഛന്   ഫ്ലാറ്റുകളിൽ പെയിന്റിങ്ങായിരുന്നു ജോലി. അച്ഛനും വലിയ  വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. അവർക്ക് രണ്ടു കുട്ടികൾ.  രാഗിണിയെന്ന ഞാനും, അനിയത്തി ചിന്നുമോളും. ചിന്നുമോൾക്ക്   നാല് വയസ്സായപ്പോൾ  അച്ഛൻ അപകടത്തിൽപെട്ട് മരിച്ചു.   കെട്ടിടം പെയിൻറ് ചെയ്യുമ്പോൾ വളരെ ഉയരത്തിൽനിന്നും
താഴെ വീണാണ് മരിച്ചത്. ഞാൻ ചെറിയ കുട്ടിയായിരുന്നെങ്കിലും
ആ സംഭവം  ഇന്നും  ഓർക്കുന്നുണ്ട് .അതിനുശേഷമാണ് അമ്മ
വീടുകളിൽ  അടിച്ചുവാരിത്തുടയ്ക്കാനും, പാത്രങ്ങൾ കഴുകാനും,
തുണികൾ കഴുകാനും മറ്റുമായി പോയിത്തുടങ്ങിയത്.
ഒരിക്കൽപ്പോലും അമ്മ എന്നേയോ, ചിന്നുമോളേയോ   പണി
ചെയ്തുകൊണ്ടിരിക്കുന്ന വീടുകളിൽ കൊണ്ടുപോയിട്ടില്ല.

ചിന്നുമോൾ പന്ത്രണ്ടാം ക്ലാസ്സിൽ തോറ്റിരിക്കുന്നു.
അത്  അമ്മയെ ഏറെ വേദനിപ്പിച്ച മറ്റൊരു സംഭവമാണ്.
രണ്ട് ദിവസമായി  പരീക്ഷാഫലം വന്നിട്ട്. ചിന്നുമോളും
ആകെ വിഷമത്തിലാണ്‌. അമ്മയ്ക്ക്, ഞങ്ങൾ  രണ്ടുപേരും
പഠിച്ച്  നല്ല  നിലയിലെത്തണമെന്നേയുണ്ടായിരുന്നുള്ളൂ.
അപ്പോഴാണ്  ഓർക്കാപ്പുറത്ത്  ഇങ്ങനെയൊരടിയേറ്റത്.
ഞാൻ ഗ്രാജുവേഷൻ പൂർത്തിയാക്കിയപ്പോൾ അമ്മ ഏറെ
സന്തോഷിച്ചു. മൂന്നുമാസം  കഴിഞ്ഞപ്പോൾ  എനിക്ക്
തരക്കേടില്ലാത്ത  ഒരു കമ്പനി ഓഫീസിൽ കമ്പ്യൂട്ടർ
സെക്ഷനിൽ  ജോലി കിട്ടി. അന്ന് ഏറ്റവും കൂടുതൽ
സന്തോഷിച്ചത്  അമ്മയായിരുന്നു. അമ്മ  എപ്പോഴും
പറയും. “എനിക്കോ   പഠിയ്ക്കാൻ  കഴിഞ്ഞില്ല.
നിങ്ങളെങ്കിലും  പഠിച്ച്  നല്ല നിലയിലെത്തിയാൽ മതി.”

ജോലി  കിട്ടിയെങ്കിലും,  അമ്മയ്ക്കെന്നെ
വിവാഹം  കഴിച്ചുകൊടുക്കാൻ  ധൃതിയായിരുന്നു.
ഒരു  കൊല്ലത്തിനുള്ളിൽ  അമ്മ  എൻറെ  വിവാഹം
നടത്തി. രണ്ട്  കൊല്ലം  കഴിഞ്ഞപ്പോൾ  ഞാൻ
പ്രസവിച്ചു. ഇരട്ടക്കുട്ടികൾ…ഒരാണും, ഒരു പെണ്ണും.
ആറുമാസത്തോളം  കുട്ടികളെ  പരിപാലിക്കാൻ
എന്നെ  സഹായിച്ചത്  എൻറെ  പ്രിയപ്പെട്ട  അമ്മ.
രണ്ടാഴ്ചയിലൊരിക്കൽ ശനിയാഴ്ചയോ, ഞായറാഴ്ചയോ
ഞാൻ അമ്മയുടെ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത
വീട്ടിലേയ്ക്ക്  വരും.
ഞാനിവിടെ  അമ്മയുടെ  വീട്ടിൽ വന്നിട്ട്  കുറച്ചു  ദിവസങ്ങളായി.  ഇവിടെ  വന്നപ്പോൾ  പെട്ടെന്ന്  ലോക്ക് ഡൌൺ  പ്രഖ്യാപിച്ചതുകൊണ്ട്  ഞാനിവിടെ അകപ്പെട്ടു.  അമ്മയിപ്പോൾ  വീടുകളിൽ  ജോലിക്ക്  പോകുന്നില്ല. എങ്കിലും,  നല്ലവരായ  ആ വീട്ടുകാർ  അമ്മയ്ക്ക്  ശമ്പളം
കൊടുത്തുകൊണ്ടിരിക്കുന്നു.

തമിഴ്  നാട്ടിൽ, ചെങ്കൽപ്പേട്ടയിലെ  ഒരു
ഗ്രാമത്തിലാണ്  അമ്മ  ജനിച്ചതും, വളർന്നതും. ഞങ്ങൾക്ക്
തമിഴ്  വായിക്കാനോ, നന്നായി  സംസാരിക്കാനോ
അറിയില്ല. തമിഴ് വാരികകളും, കഥാപുസ്തകങ്ങളും,
അമ്മ  ജോലി ചെയ്യുന്ന  ഒരു  തമിഴത്തി  വീട്ടമ്മയുടെ
വീട്ടിൽനിന്നും  വാങ്ങിച്ചുകൊണ്ടുവരുന്നതാണ്. വായിച്ചു
കഴിഞ്ഞാൽ  അവർക്കുതന്നെ  തിരിച്ചുകൊടുക്കയും
ചെയ്യും.  ഇപ്പോൾ  ലോക്ക് ഡൌൺ  ആയതുകൊണ്ട്
അച്ചടിയും  മറ്റും  ഏതാണ്ട്‌  നിർത്തിവെച്ച  മട്ടല്ലേ ?
വായിക്കാനും അധികം വാരികകളില്ല. പുസ്തകങ്ങളുമില്ല,
പുറത്തെ  പണിയുമില്ല. അതിനാൽ അമ്മയ്ക്ക് നല്ല ബോറടിയാണ്.

ഓരോ ലോക്ക് ഡൌൺ കാലാവധി കഴിയുമ്പോഴേയ്ക്കും ലോക്ക് ഡൌൺ തുടർന്നുപോകാനുള്ള  ഗവൺമെൻറ് അറിയിപ്പ്. വീട്ടിലിരുന്ന് ഓഫീസ് ജോലി ചെയ്ത്  എനിക്കും മടുത്തുതുടങ്ങി. രണ്ടുദിവസമായി  ചിന്നുമോൾക്ക്‌  കുറഞ്ഞ തോതിൽ പനിയും, ജലദോഷവുമുണ്ട്. തീരെ ചുമയില്ല. അമ്മ, ചുക്കും, കുരുമുളകും ചേർത്ത്‌ തിളപ്പിച്ച കാപ്പി  ഇടക്കിടെ അവൾക്ക്‌ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്‌. എരിവുണ്ടെന്ന്  പറഞ്ഞവൾ, അമ്മയ്ക്ക് കാപ്പി തിരിച്ചുകൊടുക്കും. ഒരാഴ്ചയായിട്ടും, അവളുടെ  അസുഖം മാറാത്തപ്പോൾ അമ്മ  അവളെ ആസ്പത്രിയിൽ  കൊണ്ടുപോയി ഡോക്റ്ററെ കാണിച്ചു. അവളുടെ രക്തം പരിശോധിച്ചു. അവൾക്ക്‌ കോവിഡ് -19  ബാധയുണ്ടെന്നും, അവളെ  ആസ്പത്രിയിൽ കിടത്തി ചികിത്സ  നൽകേണ്ടതുണ്ടെന്നും ഡോക്ടർ അറിയിച്ചു. അമ്മയ്ക്ക്  തല  ചുറ്റുന്നതുപോലെ  തോന്നി. ഞാൻ താങ്ങിയിരുന്നില്ലെങ്കിൽ അമ്മ  അവിടെ  വീഴുമായിരുന്നു. അതൊരു സ്വകാര്യ ആസ്പത്രിയായിരുന്നു. എൻറെ  ബാഗിൽ കുറച്ച്‌ പണം  കരുതിയിരുന്നതുകൊണ്ട് ആസ്പത്രിയിലെ ബില്ലുകൾ അടച്ചു. ഞങ്ങളോട് അവിടെ നിൽക്കെണ്ടതില്ലെന്നും, ചിന്നുമോളെ   കാണാൻ അനുവദിക്കയില്ലെന്നും ഡോക്ടർ നിശ്ശങ്കം അറിയിച്ചു .

പിറ്റേന്ന് ഞാനും, അമ്മയും  ആസ്പത്രിയിൽ
പോയി  ചിന്നുമോളുടെ  വിവരങ്ങളാരാഞ്ഞു. വലിയ
വ്യത്യാസമൊന്നുമില്ലെന്നാണ്  ഡോക്ടർ  പറഞ്ഞത്.
അതിൻറെ  പിറ്റേന്നും  പോയി.  പിന്നീടുള്ള  നാല്‌
ദിവസങ്ങളിലും അവിടെപ്പോയി വിവരങ്ങളന്വേഷിച്ചു.
ഡോക്ടറുടെ  മറുപടി  കേട്ട് ഞങ്ങൾ തൃപ്തരായില്ല.
ഒരാഴ്ച  കഴിഞ്ഞപ്പോൾ, ചിന്നുമോളുടെ രക്തസമ്മർദ്ദം
കൂടിയിട്ടുണ്ടെന്നും, മരുന്ന് കൊടുക്കുന്നുണ്ടെന്നും
അറിയാൻ കഴിഞ്ഞു. പനി അല്പം കുറഞ്ഞിട്ടുണ്ടെന്ന്
ഡോക്ടർ  പറഞ്ഞു. രണ്ടു  ദിവസംകൂടി കഴിഞ്ഞപ്പോൾ
രോഗിയെ അടുത്തുള്ള  ആസ്പത്രിയിൽ കൊണ്ടുപോകുന്നതാണ്  നല്ലതെന്ന്  ഡോക്ടർ  ഉപദേശിച്ചു. മൊത്തം  ഒന്നേകാൽ  ലക്ഷം  ഉറുപ്പിക  ചെലവായി. അടുത്തുള്ള ആസ്പത്രിയിൽ  അഞ്ചുദിവസം ചിന്നുമോളെ കിടത്തിയപ്പോൾ, പനി  തീരെ  കുറഞ്ഞു.  എന്നാൽ രക്തത്തിൽ  പഞ്ചസാരയുടെ  അളവ്  കൂടിയതുകൊണ്ട് വേറെ മരുന്ന് കൊടുത്തുതുടങ്ങി. ഏകദേശം    അഞ്ചരലക്ഷത്തോളം ഉറുപ്പിക ഇതിനകം ചെലവായി. അടുത്ത ദിവസം, മുൻസിപ്പാലിറ്റി  ആസ്പത്രിയിൽ  പ്രവേശിപ്പിച്ചു. അല്പം ചുമയും ചിന്നുമോളെ അലട്ടാൻ തുടങ്ങി. രൂപ ചെലവാക്കിയെങ്കിലും രോഗത്തിന് വലിയ ശമനമുമുണ്ടായിട്ടില്ല.

ആസ്പത്രിയിൽ ബെഡ് ഇല്ലെന്ന് പറഞ്ഞു
അധികൃതർ. ചെമ്പൂരിലുള്ള ഒരു സ്വകാര്യ ആസ്പത്രിയിൽ
ചിന്നുമോളെ പ്രവേശിപ്പിച്ചു. മനസ്സും, ശരീരവും
തളർന്നിരിക്കുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ
ചിന്നുമോൾക്ക് ചെറുതായി  ശ്വാസതടസ്സം നേരിട്ടു.
കൂടുതലാവുകയാണെങ്കിൽ  ഐ . സി. യു വിൽ
പ്രവേശിപ്പിക്കേണ്ടി വരുമെന്ന് ഡോക്ടർ താക്കീതു
ചെയ്തു. അമ്മ പണി ചെയ്തുകൊണ്ടിരിക്കുന്ന വീടുകളിലെ
ആൾക്കാരെയെല്ലാം വിവരമറിയിച്ചു. അവരോട്, കുറച്ച്
പണം കടമായി തന്ന്  സഹായിക്കണമെന്നപേക്ഷിച്ച്‌ ഫോൺ
ചെയ്തു. ചിന്നുമോളെ ഐ.സി.യു വിൽ വെന്റിലേറ്ററിൽ
കിടത്തി. ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. കേണപേക്ഷിച്ചിട്ടും,
ഐ. സി. യുവിൽ ഞങ്ങളെ കേറ്റിയില്ല. ഉറക്കവും, ഭക്ഷണവും
ഏറെക്കുറെ ഒഴിവാക്കി  ഞങ്ങൾ. നാളുകൾ മുന്നോട്ട് ചലിച്ചു.
അഞ്ചാം ദിവസം  രാത്രി  പതിനൊന്നുമണിക്ക് ചിന്നുമോൾ
ഞങ്ങളെ  വിട്ടുപിരിഞ്ഞു. അമ്മ, അലമുറയിട്ട്, തലതല്ലി
കരഞ്ഞു. എനിക്ക്  അമ്മയെ  ആശ്വസിപ്പിക്കാൻ
ആയില്ല. എൻറെ  നിയന്ത്രണം  വിട്ടുപോയിരുന്നു.

പിറ്റേദിവസം  രാവിലെ  ഞാനും, അമ്മയും
ആസ്പത്രിയിൽ  പോയി, ചിന്നുവിന്റെ  ശരീരം
വിട്ടുതരണമെന്ന് അപേക്ഷിച്ചു. നിവൃത്തിയില്ലെന്ന്
പറഞ്ഞു ഡോക്ടർ. ചിന്നുമോളെ ഒന്ന് കാണാനെങ്കിലും
ഞങ്ങളെ  അനുവദിക്കേണമെന്ന് യാചിച്ചു. ആസ്പത്രി  ജീവനക്കാർ  മോളുടെ ശരീരം ദഹിപ്പിക്കുന്നേടത്ത്   ഞങ്ങൾക്ക്  പോകാൻ അനുമതിയില്ലായിരുന്നു. എന്നിട്ടും   ഞങ്ങൾ ആ പരിസരത്തുതന്നെ നിന്നൂ, കുറേ നേരംകൂടി. വൈകുന്നേരം ആറുമണിയോടെ, വീട്ടിലേയ്ക്കു തിരിച്ചു , പെയ്തൊഴിയാത്ത മൂടിക്കെട്ടിയ ആകാശംപോലെയുള്ള   മനസ്സുമായി. വിശന്നുവലഞ്ഞ കള്ളൻ അന്യവീട്ടിൽ  കയറി, ആഹാരം ആർത്തിയോടെ  കഴിച്ചുതീർത്തപോലെ   മരണം  ചിന്നുമോളെ തട്ടിയെടുത്തല്ലോ!!
**

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px