LIMA WORLD LIBRARY

കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച 87 കുട്ടികള്‍ക്ക് ധനസഹായം; 3.20 കോടി അനുവദിച്ചു

കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു. 87 കുട്ടികള്‍ക്കായി 3.20 കോടി രൂപയാണ് അനുവദിച്ചത്. മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസുവരെ പ്രതിമാസം 2,000രൂപ വീതവും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ്. ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവ് ആയി മാറിക്കഴിഞ്ഞ് മൂന്നു മാസത്തിനകം കോവിഡ് അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും കോവിഡ് മൂലം നിലവിലുള്ള ഏക രക്ഷിതാവ് മരണപ്പെടുകയും ചെയ്ത കുട്ടികള്‍, മാതാവോ പിതാവോ നേരെത്തെ ഉപേക്ഷിച്ച് ഇപ്പോള്‍ ഏക രക്ഷിതാവ് കോവിഡ് മൂലം മരിക്കുകയും ചെയ്ത കുട്ടികള്‍, മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത് ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്ത കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെ കുടുംബത്തിന്റെ വരുമാന പരിധിയോ മറ്റ് മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നല്‍കുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഫാമിലി പെന്‍ഷന്‍ ലഭിക്കുന്ന കുടുംബങ്ങളെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. നിലവില്‍ കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ സ്‌കീം പ്രകാരമുള്ള ധനസഹായം ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്ന സാഹചര്യത്തിലും പരിഗണിക്കില്ല. എന്നാല്‍ കുട്ടിക്ക് 18 വയസാകുന്നതിന് മുമ്പ് രക്ഷിതാക്കള്‍ക്ക് ഈ സ്‌കീമില്‍ തിരികെ ചേരാവുന്നതും ബാക്കി കാലയളവിലുള്ള സഹായം സ്വീകരിക്കാവുന്നതുമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px