കാബൂൾ ∙ താലിബാന്റെ നിറതോക്കിനു മുന്നിൽ രാജ്യം തോൽവി സമ്മതിച്ചപ്പോഴും ചെറുത്തുനിൽക്കാൻ ധീരത കാട്ടിയ 2 അഫ്ഗാൻ വനിതകളെക്കുറിച്ചാണ് ഇപ്പോൾ ലോകമെങ്ങും ചർച്ച– സലിമ മസാരിയും അര്യാന സയീദും.

തങ്ങൾക്കെതിരെ ആയുധമെടുത്ത വനിതാ ഗവർണറായ സലിമ മസാരിയെ പിന്നീടു താലിബാൻ പിടികൂടി. അവർ എവിടെയുണ്ടെന്ന് വ്യക്തമായിട്ടില്ല. സലിമയെ വധിക്കുമെന്ന ആശങ്ക ശക്തമാണ്.
അഫ്ഗാനിസ്ഥാനിലെ പ്രമുഖ പോപ് ഗായികയും താലിബാന്റെ കടുത്ത വിമർശകയുമായ അര്യാന സയീദാകട്ടെ, യുഎസ് ചരക്കുവിമാനത്തിൽ രക്ഷപ്പെട്ട് ദോഹയിലും പിന്നീടു തുർക്കിയിലുമെത്തി.
സലിമ മസാരി: കരുത്തിന്റെ പര്യായം
അഫ്ഗാനിസ്ഥാനിലെ 3 വനിതാ ഗവർണർമാരിൽ പ്രമുഖയായിരുന്നു സലിമ മസാരി (40). ബൽക്ക് പ്രവിശ്യയിലെ ചഹർകിന്റ് ജില്ലയെ സംരക്ഷിക്കാനാണ് അവർ തോക്കെടുത്തത്. ഷിയ വിഭാഗത്തിലെ ഹസാര സമുദായത്തിൽപ്പെടുന്ന സലിമയുടെ നേതൃത്വത്തിൽ അണിനിരന്ന തദ്ദേശീയരായ പോരാളികൾ അവസാന നിമിഷം വരെ താലിബാനെതിരെ പൊരുതി. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം താലിബാൻ സലിമയെ പിടികൂടിയെന്നാണു കരുതുന്നത്.
2 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയായിരുന്നു ചഹർകിന്റിൽ. യുദ്ധം സർവതും നശിപ്പിച്ചു. ഇപ്പോൾ 30,000 പേർ മാത്രം. അവിടെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായ സലിമ എന്നും താലിബാന്റെ കണ്ണിലെ കരടായിരുന്നു. കഴിഞ്ഞ വർഷം സലിമയുടെ ഇടപെടലിനെ തുടർന്ന് നൂറോളം താലിബാൻ പ്രവർത്തകർ കീഴടങ്ങിയിരുന്നു.
അഫ്ഗാനിൽനിന്ന് ഇറാനിലേക്കു കുടിയേറിയ കുടുംബത്തിലാണു സലിമയുടെ ജനനം. ടെഹ്റാൻ സർവകലാശാലയിൽ നിന്നു ബിരുദം നേടിയ കുറെക്കാലം അവിടെ ജോലി ചെയ്തു. പിന്നീട് നാട്ടിൽ തിരിച്ചെത്തുകയും 2018 ൽ ചഹർകിന്റ് ജില്ലാ ഗവർണറായി ചുമതലയേൽക്കുകയും ചെയ്തു. 2 വർഷം മുൻപ് ഗ്രാമീണരെയും ആട്ടിടയന്മാരെയും കൂട്ടി സുരക്ഷാസേന രൂപീകരിച്ചതോടെ സലിമയ്ക്കു നേരെ താലിബാൻ ആക്രമണം പതിവായി. കഴിഞ്ഞ മേയിൽ ഇവിടെ ഒരു സ്കൂളിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.
അര്യാന സയീദ്: എതിർപ്പിന്റെ സ്വരം
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ പോപ് താരമാണ് അര്യാന സയീദ് (36). തരംകിട്ടിയപ്പോഴെല്ലാം താലിബാനെതിരെ നിശിതവിമർശനവുമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച ധീരവനിത. താലിബാൻ പിടികൂടുമെന്ന് ഉറപ്പായപ്പോൾ കഴിഞ്ഞ ബുധനാഴ്ച യുഎസ് ചരക്കു വിമാനത്തിൽ അവർ രക്ഷപ്പെടുകയായിരുന്നു.
‘മറക്കാനാവാത്ത രാത്രികൾക്കു ശേഷം ഞാനിതാ ജീവനോടെ ഇരിക്കുന്നു. സുരക്ഷിതമായി ദോഹയിലെത്തി. ഇസ്താംബൂളിനുള്ള ഫ്ലൈറ്റ് കാത്തിരിക്കയാണ്–’ 13 ലക്ഷത്തോളം വരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ അവർ അറിയിച്ചു. തുർക്കിയിലേക്കുള്ള യാത്രയുടെ തൽസമയ വിവരങ്ങളും പങ്കുവച്ചു. വീട്ടിൽ എത്തിയശേഷം ലോകത്തെ അറിയിക്കാൻ ഒരുപാടു കഥകളുണ്ടെന്നും കുറിച്ചു.
English Summary: Salima Mazari and Aryana Saeed – two women who fought Taliban













