LIMA WORLD LIBRARY

വിദ്യകൊണ്ട് പ്രബുദ്ധരാകുക! – ജോസ് ക്ലെമൻ്റ്.

ഭാരതം കണ്ടിട്ടുള്ളതിൽ ഏറ്റം ആദരണീയ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്നു ശ്രീനാരായണ ഗുരു. ചിങ്ങമാസത്തിലെ ചതയമാണ് ഗുരുവിൻ്റെ ജന്മദിനം. കേരളത്തിൽ ജാതി വ്യവസ്ഥ വരുത്തിയ ഉച്ചനീചത്വങ്ങളും സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങളുമുള്ള ഒരു കാലയളവിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവുമായി മാറ്റത്തിൻ്റെ മണി മുഴക്കം ഗുരു കേൾപ്പിച്ചത്. വേദങ്ങളിലൂന്നിയ ഹിന്ദു മതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ അദ്ദേഹം അംഗീകരിച്ചിരുന്നെങ്കിലും മതത്തിലെ ജാതി വ്യവസ്ഥയേയും സാമൂഹ്യ ഉച്ചനീചത്വങ്ങളെയും ഗുരു ചോദ്യം ചെയ്തു.ഈഴവർ അംഗീകാരമില്ലാതെ നട്ടം തിരിയുന്ന ഒരു കാലഘട്ടത്തിലാണ് 1856-ൽ നാരായണ ഗുരു ചെമ്പഴന്തിയിൽ വയൽവാരത്ത് ഈഴവ കുടുംബത്തിൽ പിറക്കുന്നത്.
ഒരു ദാർശനിക പദ്ധതിയുടെ ഉടമയായിരുന്നു നാണു ആശാനെന്ന ശ്രീനാരായണ ഗുരു.ഗുരുവിൻ്റെ വാമൊഴികളും വരമൊഴികളും ഈ ദർശനത്തെ ബലപ്പെടുത്തുന്നതായിരുന്നു. സമഭാവനയായിരുന്നു ആ ദർശനം. അളന്നു മുറിച്ച വാക്കുകളാൽ ആശയത്തിൻ്റെ ഭാരം വഹിക്കുന്ന അരുളകളായിരുന്നു ഗുരു ശൈലി. പുണ്യം നേടുക എന്ന പരമ്പരാഗത തീർത്ഥാടന സങ്കല്പങ്ങളെ മാറ്റിമറിച്ച് ശിവഗിരി തീർത്ഥാടനം അറിവിൻ്റെ തീർത്ഥാടനമാക്കി മാറ്റി.വിദ്യകൊണ്ടുള്ള സ്വാതന്ത്ര്യപ്രാപ്തി ആത്മസാക്ഷാത്കാരമാണെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി. ഭൗതിക വിദ്യയും ആത്മവിദ്യയും നേടുമ്പോഴാണ് ഒരാൾ യഥാർത്ഥ മനുഷ്യനാകുന്നതെന്നു പഠിപ്പിച്ചു. അതാണ് വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരു ആഹ്വാനം ചെയ്തത്.ഈ ഗുരു ജയന്തി ദിനം ഒരാചരണം എന്നതിലുപരി ഒരാത്മശോധനയുടെ ദിനമാക്കണം.
നമ്മുടെ വാക്കും പ്രവൃത്തിയും സമാന്തരമാണോ വിപരീത ദിശയിലാണോ?
നമ്മുടെ പ്രബുദ്ധത വിദ്യയിലാണോ, വിചാരത്തിലാണോ?
നമ്മുടെ തീർത്ഥാടനങ്ങളുടെ ലക്ഷ്യമെന്ത്?
നാം യഥാർത്ഥ മനുഷ്യർ തന്നെയൊ?
നമ്മുടെ ജയന്തി ദിനങ്ങൾ ഓർമിക്കപ്പെടുന്ന ഭാവിയുള്ളതാണോ?
ഈ ചതയ ദിനം പുതിയ ഉത്തരങ്ങൾക്കുള്ളതാകട്ടെ. അപ്പോൾ ഗുരുവിനോടൊപ്പം നമുക്കും പറയാനാകും: “ഏകമായ സത്യം അറിവാണ്. അതിനു മാത്രമേ നിലനില്ക്കാൻ ഇടമുള്ളൂ. ആ ഇടം ഏകവുമാണ്. ”
സുപ്രഭാതം!
ജോസ് ക്ലെമൻ്റ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px