ബാബുവേട്ടൻ – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email
   “എന്താപ്പാ ഈ കേക്കുന്നേ ഇതൊക്കെ ഒള്ളതാണോ ” … രാവിലെ കേട്ട വാർത്ത വിശ്വസിക്കാനാവാതെ നന്ദിനി വായ് പൊളിച്ചിരുന്നു.
        “നടന്ന സംഭവാ വേണേ വിശ്വസിച്ചാ മതി ഞാമ്പോണ്”  സുനന്ദ ദേഷ്യത്തിൽ റോഡരുകിലെ പൈപ്പിൻ ചോട്ടിൽ നിറഞ്ഞിരുന്ന വെള്ളക്കുടമെടുത്ത് എളിയിൽവച്ച് ധൃതിയിൽ കടന്നു പോയി.
     ബാബുവിൻ്റെ ഏക മകനാണ് ഷിബു. ഷിബുവിനെ ഒരുപാടു ലാളിച്ചാണ് ബാബുവും  ഭാര്യ അമ്പിളിയും വളർത്തിയത്. അവൻ എന്താവശ്യപ്പെട്ടാലും ഒരു  മടിയുമില്ലാതെ, എത്ര കഷ്ടപ്പെട്ടിട്ടായാലും നടത്തിക്കൊടുക്കും. ഷിബു നല്ല സ്വഭാവമുള്ള,  പഠനത്തിൽ സമർത്ഥനായ കുട്ടി.
       എന്നാൽ പ്ലസ് വൺ ക്ലാസ്സുമുതൽ തന്നെ അവൻ സഹപാഠിയായ വിനീതയെ പ്രണയിക്കാൻ തുടങ്ങി. വിനീതയുടെ, ചിരിക്കുമ്പോൾ കൂമ്പിയടയുന്ന നീണ്ടിടംപെട്ട കണ്ണുകൾ അവനെ വല്ലാതങ്ങാകർഷിച്ചു. അവളുടെ, സ്വപ്നങ്ങളുറങ്ങുന്ന  നീലക്കണ്ണുകളിൽ അവൻ പ്രപഞ്ചസൗന്ദര്യം മുഴുവൻ ദർശിച്ചു. ആ കവിളുകളിലെ നുണക്കുഴികൾ, അതിൻ്റെ വശ്യത … അതവർണ്ണനീയമായിരുന്നു.
        വീട്ടിൽ വന്നാൽ, പാഠപുസ്തകമെടുത്തു പഠിക്കാനിരുന്നാൽ ഉടൻ വിനീത മുന്നിൽവന്നു നൃത്തംചെയ്യാൻ തുടങ്ങി.  പുസ്തകം അടച്ചു വച്ചിരുന്ന് അവനും അവളോടൊപ്പം നൃത്തമാടി.  പ്രണയം അതിൻ്റെ ഉച്ചസ്ഥായിയിലെത്തി. അവൻ എവിടെ വിളിച്ചാലും അവൾ കൂടെവരാൻ തയ്യാറായി. ഉത്തമഗീതത്തിലെ ഇടയച്ചെറുക്കനേം  ശൂലേംകാരിയേം പോലെ,  വൃന്ദാവനത്തിലെ കൃഷ്ണനേം രാധേം പോലെ.
     പ്ലസ് ടൂ കഴിയാനോ, തുടർപഠനം നടത്താനോ ഒന്നും അവർക്കു സമയമില്ല. എന്തിനേറേ അവൻ അവളുടെ കൈ പിടിച്ച് ഒരൊറ്റയോട്ടം. ഓട്ടം ചെന്നവസാനിച്ചത് ചെന്നൈ റെയിൽവേ സ്റ്റേഷനിലാണ്.
     ഇരുവീട്ടുകാർക്കും അങ്കലാപ്പായി. പോലീസ് കേസായി. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരെക്കെയോ കൂടി അവരെ പിടിച്ചു കൊണ്ടുവന്നു. മജിസ്ട്രേട്ടിൻ്റെ മുമ്പിൽ ഹാജരാക്കി. വിവാഹ പ്രായമെത്താത്ത ഇരുവരെയും മജിസ്ട്രേട്ട് രക്ഷിതാക്കളോടൊപ്പം പോകാൻ ഉത്തരവായി. പെൺവീട്ടുകാർ കുട്ടിയെ സ്വീകരിച്ചില്ല. വീടിന് പേരുദോഷം കേൾപ്പിച്ചവളെ അവർക്കിനി കാണുക പോലും വേണ്ട. ആ മകൾ നാട്ടുകാരുടെ മുന്നിൽ അവരെ അത്രയധികം നാണം കെടുത്തിയതാണ്. പോരാഞ്ഞിട്ട് വിനീതയുടെ അമ്മ അവൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ മരണപ്പെട്ടതാണ്. ഏതു രണ്ടാനമ്മയ്ക്കാ ഇത്തരം ഒരുകുട്ടിയെ ഇനിയും ഉൾക്കൊള്ളാനാവുക.
       ബാബു ആകുട്ടിയെ വീട്ടിൽകൊണ്ടുവന്നു. പഠിപ്പിച്ചു. ഷിബുവിനെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു. പിന്നീട് അവനെ ഗൾഫിൽ കൊണ്ടുപോയി. ഇന്നവൻ ഗൾഫിൽ സർക്കാർ മേഖലയിൽ നല്ലൊരു ഉദ്യോഗസ്ഥനാണ്.
       ബാബുവും അമ്പിളിയും തീരുമാനിച്ചു. ഇനി വൈകിക്കണ്ട. പിള്ളേരുടെ വിവാഹം നടത്താം. ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ് ഷിബുവിൻ്റെ അടുത്ത കുസൃതി. അവൻ കല്യാണത്തലേന്ന് ഒളിച്ചോടി മറ്റൊരു പെണ്ണിൻ്റെ കഴുത്തിൽ താലികെട്ടി.
        വിനീത അലമുറയിട്ടു കരഞ്ഞു. അവളെ ആശ്വസിപ്പിക്കാനാവാതെ ആ അച്ഛനമ്മമാർ കുഴങ്ങി. ഒടുവിൽ ബാബുവും അമ്പിളിയും കൂടി എടുത്ത തീരുമാനം… ആ സംഭവം കേട്ടിട്ടാണ് നന്ദിനി അന്തം വിട്ടത്. സുനന്ദ പറഞ്ഞിട്ട് നന്ദിനി  വിശ്വസിച്ചില്ല.
       ദാ പത്രത്തിൽ ഫോട്ടോ സഹിതം വാർത്ത.   ബാബുവേട്ടൻ്റെ സന്മനസ്സ് … വാർത്ത വൈറലായി.
         ബാബു  മകനു നല്കാനുള്ള സ്വത്തു മുഴുവൻ വിനീതയുടെ പേരിൽ എഴുതിവച്ചു. അവൾക്കൊരു ഉത്തമ വരനെ കണ്ടെത്തി. ഇന്നലെയായിരുന്നു വിവാഹം. അച്ഛൻ്റെ സ്ഥാനത്തു നിന്ന് ബാബു,  വധുവിൻ്റെ കരം പിടിച്ച് വരൻ സുജിത്തിനെ, തികഞ്ഞ ഉത്തരവാദിത്വത്തോടെ ഏല്പിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *