✍️
സ്വന്തം
കിടപ്പാടം
നഷ്ടപ്പെട്ടവർക്ക്
സ്വപ്നത്തിലെ ആകാശവും നഷ്ടപ്പെടുന്നുണ്ട്!
കഞ്ഞി
കുടിക്കാനില്ലാത്തവർക്ക്,
സപ്നത്തിലെ കടലാണ്
നഷ്ടപ്പെടുന്നത്!
സ്വന്തമായി
എഴുത്തും വായനയും
സാധ്യമല്ലാത്തവർക്ക്,
സ്വപ്നങ്ങളിലെ
വയലും കാടും
നഷ്ടപ്പെട്ടിരിക്കും!
സ്വാതന്ത്ര്യം,
പ്രകാശവർഷങ്ങളോളം
പഴമയുള്ളതാണ്…
ഓരോ പ്രകാശരശ്മിയുടേയും
സ്വാതന്ത്ര്യം നോക്കൂ…
നൂറ്റാണ്ടുകളെടുത്താണെങ്കിലും,
ഒരിക്കലത്,
ഭൂമിയിലെത്തിയിരിക്കും!
മനുഷ്യരുടെ ദർശനങ്ങൾ,
നൂറ്റാണ്ടുകളെടുത്താണ്,
കാലത്തിലൂടെ സഞ്ചരിക്കുന്നത്!
ഇതൊന്നും
തിരിച്ചറിയാത്ത ജനത,
ആകാശവും, കടലും,
കാടും, മേടും നഷ്ടപ്പെട്ടവർ!
സ്വന്തം ശരീരം മൊത്തമൊരു,
തടവറയായി,
മാറിയതറിയാത്തവർ!
സ്വന്തം ശരീരങ്ങളെ,
ഭൂമിയോളം വലുപ്പമുള്ള,
തടവറയാക്കി മാറ്റിയ,
അധികാരികൾക്ക് കീഴിലുള്ള,
അടിമകൾ മാത്രമായ,
ഒരു ജനത…
ആരുടെ
സ്വപ്നസാക്ഷാത്ക്കാരം?
പ്രപഞ്ചത്തോളം വലുപ്പമുള്ള,
തടവറകളെയില്ലാതാക്കാനും,
സ്വയം തടവറയിൽനിന്നും,
മോചിതരാകാനും
കഴിയണമെങ്കിൽ,
എന്തു ചെയ്യണം?
അങ്ങിനെ മോചിതരാവാൻ
കഴിയുന്നവർക്കേ…
പ്രപഞ്ചത്തിന്റെ
ആഴവും പരപ്പും
തൊട്ടറിയാൻ കഴിയൂ!…
സത്യത്തിൽ,
സൂര്യന്റെ ഇളംചൂടും,
ഭൂമിയുടെ തണുപ്പും,
തൊട്ടറിയാൻ കഴിയണമെങ്കിൽ,
പൂർണ്ണമായ
സ്വാതന്ത്ര്യബോധം വേണം!
ഉച്ചസൂര്യന്റെ ചൂടുപോലും,
ആസ്വദിക്കണമെങ്കിൽ,
ഈ സ്വാതന്ത്ര്യബോധം വേണം!
അതില്ലാത്തവർക്ക്,
തടവറകളിൽ കഴിയാൻ
വിധിക്കപ്പെട്ടവർക്ക്,
ഉച്ചസൂര്യനെ
ഒന്നു കാണാൻപ്പോലും,
കഴിയില്ലല്ലോ!
ഉച്ചസൂര്യനെ
കാണാൻ കഴിയണമെങ്കിൽ,
എല്ലാ തടവറകളുടേയും,
മേൽക്കൂരകൾ തുറന്നിരിക്കണം!ഒരധികാരിക്കും
സങ്കൽപ്പിക്കാൻ
കഴിയാത്ത കാര്യം!
‘നഷ്ടസ്വാതന്ത്ര്യ’ത്തെക്കുറിച്ച്,
ചോദ്യങ്ങളെറിയുന്നവരോട്,
‘ശിഷ്ടസ്വാതന്ത്ര്യ’ത്തെക്കുറിച്ച്,
മഹത്വം പറഞ്ഞിട്ടെന്തു ഫലം?
💓✍️💓
About The Author
No related posts.