രമേശും രമയും നവദമ്പതികളാണ്. തീയേറ്ററിൽ പോയി ഒരു മൂവിയൊക്കെക്കണ്ട്, ഒരു ഹോട്ടലിൽ നിന്ന് ആർഭാടമായ ഫുഡ്ഡൊക്കെ അടിച്ച് ആകെത്തളർന്നാണ് വരവ്. ഇനി ഒന്നു കിടന്നുറങ്ങിയാൽ മാത്രം മതി.
രമേശ് ധൃതിയിൽ ബഡ്ഡൊക്കെ തട്ടിക്കുടഞ്ഞ് അലമാരിയിൽ നിന്ന് പുത്തൻ കിടക്കവിരിയും പില്ലൊക്കവറുമെടുത്ത് മാറ്റിയിട്ടു. കിച്ചണിൽ നിന്ന് കുടിക്കാനുള്ള വെള്ളമെടുത്ത് കിടപ്പുമുറിയിലെ എഴുത്തുമേശയിൽ വച്ചു. രമയോട് വളരെ അഡ്ജസ്റ്റു ചെയ്തു പോകണം. മറ്റുള്ളവർ അസൂയപ്പെടുന്നവിധം നല്ലൊരു ദാമ്പത്യ ജീവിതം നയിക്കണം. ഇത്ര കാലവും കുടുംബത്തിനു വേണ്ടി ജീവിച്ച് കടമകൾ എല്ലാം നിറവേറ്റി. പ്രായം നാല്പതിനോടടുത്തു. തൻ്റെ കഷ്ടപ്പാടുകൾ കണ്ട് ദൈവം സമ്മാനമായി നല്കിയതാണ് തൻ്റെ രമയെ. അവളെ ആവോളം സ്നേഹിക്കണം. ഈ പഴയ വീട് പൊളിച്ചു പുതിയ നല്ലൊരു വാർക്ക വീടുവയ്ക്കണം. അയാൾ സ്വപ്നങ്ങൾ നെയ്യുകയാണ്. സത്യത്തിൽ ഇന്നാണ് തങ്ങളുടെ ആദ്യരാത്രി. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായി. ഇത്ര ദിവസവും കൂട്ടുകുടുംബത്തിലെ സ്വാതന്ത്ര്യമില്ലാത്ത ജീവിതം നയിച്ചു. അമ്മയുടെ നിർബ്ബന്ധത്താലാണ് താൻ ഈ പഴയ വീട് വാങ്ങിയതു തന്നെ. ഉറക്കം കണ്ണുകളിൽ കൂടുകൂട്ടിയെങ്കിലും ആദ്യരാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ അയാളുടെ ഞരമ്പുകളിൽ ഊർജ്ജം പ്രവഹിപ്പിച്ചു.
ടൊയ്ലറ്റിൽനിന്ന് മടങ്ങിവന്ന രമ പറഞ്ഞു:
” എന്നാലേ ഇനി കിടക്കാം, രാത്രി ഒരുപാടായില്ലേ”
“ങാ കെടക്കാം ”
രമേശ് പ്രതിവചിച്ചു.
ലൈറ്റണച്ച് കിടക്കാൻ ഒരുങ്ങിയ രമ പെട്ടെന്ന് രമേശിനോടു പറഞ്ഞു: “ചേട്ടാ എന്തോ മുരൾച്ച കേക്കുന്നു”
” ഓ ഒന്നുമില്ല, നീ വന്നു കെടക്കെടീ ”
മച്ചിലേക്കു നോക്കിക്കൊണ്ട് അവൾ പറഞ്ഞു:
“അല്ല എന്തോ ഉണ്ട്”
ടോർച്ചുമടിച്ച് കോണിപ്പടി കയറി അവർ മച്ചിൽ നോക്കി.
ദാ ഒരു വൃദ്ധൻ കയ്യിലൊരു ഫോണും പിടിച്ച് കിടന്നു കൂർക്കം വലിച്ചുറങ്ങുന്നു. അയാൾ ഗാഢനിദ്രയിലാണ്”
രമ കാറി വിളിച്ച് ആളെ കൂട്ടി.. നാട്ടുകാരിലൊരാൾ അയാൾ രക്ഷപ്പെട്ടോടാതിരിക്കാൻ പുരപ്പുറത്തു കയറാൻ അയാളുപയോഗിച്ച ഏണിയെടുത്തു മാറ്റി. നാട്ടുകാർ അയാളെ നന്നായി കൈകാര്യം ചെയ്തു.
രമേശ് പൊലീസിനു ഫോൺ ചെയ്തു.
പോലീസിൻ്റെ രണ്ട് ഇടി കൊണ്ടപ്പോൾ അയാൾ എല്ലാം തുറന്നു പറഞ്ഞു: “നവദമ്പതികളുടെ ഹണിമൂൺ കണ്ട് ആനന്ദിയ്ക്കാനും പടം പിടിക്കാനും വന്നതാണ്. പക്ഷേ ഈ ഫോൺ എന്റേതല്ല. എന്നെ ഏണി വച്ച് വീട്ടിന്മുകളിലേക്ക് കയറ്റിയ ആൾ തന്നതാണ് ”
പോലീസ് ചോദിച്ചു:
“അവനു പേരില്ലേടാ… റാസ്ക്കൽ”
അത് ഈ വാർഡിലെ മെമ്പറാണ്. മെമ്പർ കുമാരൻ. പോലീസും ജനങ്ങളും അന്തംവിട്ടു പരസ്പരം നോക്കി നിന്നു.
About The Author
No related posts.