വേരുകൾ തളിർക്കുമ്പോൾ – ബിന്ദുതേജസ്

Facebook
Twitter
WhatsApp
Email

മൗനം മണക്കുമീയിരവുകൾ, പകലുകൾ,
കണ്ണിമയ്ക്കാതെ ,അനങ്ങാതെ ചാഞ്ഞു പോയ് പൂമരം.

വളളിപ്പടർപ്പുമഴിഞ്ഞു വിവസ്ത്രയായ്
പൂക്കൾ കൊഴിഞ്ഞമർന്ന വെറും തടി.
നീലക്കുരുവിക്കൂടും പതിച്ചീനിലത്തു തെറിച്ചാക്കടും നീലയാം മുട്ടയനേക ജീവരേണുക്കളായ് ചിന്തിയുടഞ്ഞു പോയ് അതിൻ പൊൻ കിനാക്കളൊക്കെയും,,

കാണുവാനാകാതെ മിഴിവാതിലുമടച്ച ശ്രുപൂജയുമർപ്പിച്ചു, വീണടിഞ്ഞിന്നീപ്പെരുവഴിയോരത്തനാഥയായീ തരു..
പ്രാണൻ പിടയുമാനേരമെങ്കിലും പിഞ്ഞിപ്പഴകിയ തായ് വേരിൻ തണ്ടിൽ നിന്നൊരു ചെറു നാമ്പുമുളച്ചെങ്കിലെന്നാശിച്ചു
മഞ്ഞുമേൽക്കുന്നു ഞാൻ, പേമാരിയുമറിയുന്നു..

ഋതുഭേദങ്ങൾ കുപ്പായങ്ങളഴിച്ചു പുതിയവയിട്ടുചേലു നോക്കവേ, വേനൽ കൊരുത്ത വേവലുകളെന്നിൽ വ്രണമണയ്ക്കുന്നു നിത്യം.

അടിഞ്ഞവശിഷ്ടമാകെ പുതച്ചുവെന്നാലും,അഴുകിയസ്ഥികൾ മാത്രമായെങ്കിലും മഴപ്പാച്ചിലിൻ കൊടുങ്കാടിനുള്ളിലായ് ചെറുത്തു നിൽക്കുവാനാകുമോയെൻ ശ്വാസം തുടിച്ചു നിൽക്കുമീയല്പമാം ജീവരേഖയിൽ
ഹൃദയതാളമായുയരുമീ ചെറുവേരിന്?

കിളിർക്കും കിളിമരച്ചില്ലയിനിയും തളിർക്കും കുളിർനിലാവൊഴുക്കുമീ
യിലച്ചന്തം നിറയ്ക്കുമെന്നു കരുതി വയ്ക്കട്ടെയതിനായി ഞാനീ കുരുന്നിനെ,
കൊടിയ വിഷാദനീരു കുടിച്ചു തെഴുക്കാതെ അവഗണന ചവർപ്പു വളമാക്കി ഉയിർത്തെഴുന്നേറ്റിടുമെന്നും ഇലത്തളിരു കൊത്തിടാനൊരു കുരുവിയെത്തുമെന്നുമാപ്പടർന്ന വള്ളികൾ വീണ്ടും പുണർന്നു നിന്നെന്നെ തഴുകുമെന്നുമൊരു കിനാവു കാണുന്നു ഞാൻ.

പുതിയ ചില്ലക്കരങ്ങളിൽ പ്രിയരാം അക്കിളികൾ പ്രണയം പങ്കിടാനണയുമെന്ന്നും ഒരുമിച്ചവയാച്ചിറകൊതുക്കുമെന്നും ഈ പുലരിയിൽ ഞാൻ വീണ്ടും ചിരിച്ചു നിൽക്കുന്നു.
നിലത്തമർന്നതാം പാഴ്മരമിന്നുണർന്നു കൺമിഴിച്ചിതായലിവു തേടുന്നു…

About The Author

Leave a Reply

Your email address will not be published. Required fields are marked *