ആ ദിവസത്തിൽ, ദൈവത്തിൻ്റെ ആഗ്രഹം ഭൂമി സന്ദർശിക്കണം എന്നതായിരന്നു.
അവിടെയെത്തി മനുഷ്യരെ കാണണം..
എത്തി.
അവൻ ആദ്യമെത്തിയതൊരു കർഷകൻ്റെ മുന്നിൽ.
കർഷകനാകട്ടെ, വന്നത് ദൈവമാണെന്നറിഞ്ഞില്ല.
കാരണം, ദൈവം ഒരു സാധാരണക്കാരൻ്റെ വേഷത്തിലായിരുന്നു.
അയാൾ അതിഥിയെ ഉപചാരപൂർവ്വം സ്വീകരിച്ചു.
വെയിലിൽ കയറി വന്ന അതിഥിക്ക് വെള്ളവും ഭക്ഷണവും നൽകി.
കൃഷിരീതികളും ജലസേചനവുമെല്ലാം അയാൾ അതിഥിക്ക് കാണിച്ചു കൊടുത്തു.
ദൈവത്തിന് സന്തോഷമായി.
യാത്ര പറഞ്ഞിറങ്ങി.
അടുത്തതായി ചെന്നു ചേർന്നത് ഒരു കൊല്ലപ്പണിക്കാരൻ്റെ ആലയിലായിരുന്നു.
അയാളാണ് കൃഷിക്കാരന് പണി ആയുധങ്ങൾ ഉണ്ടാക്കിയും നന്നാക്കിയും നൽകുന്നത്.
അപ്രതീക്ഷിതമായി വന്നു ചേർന്ന അതിഥിയെ കൊല്ലപ്പണിക്കാരൻ സ്വീകരിച്ചിരുത്തി.
ഒറ്റക്കിരുന്ന് പണി ചെയ്തു മുഷിഞ്ഞിരുന്ന അയാൾ പുതിയ അതിഥിയുമായി സന്തോഷത്തോടെ സംസാരമാരംഭിച്ചു.
തൻ്റെ ജീവിത പ്രാരാബ്ധങ്ങളും പണി കുറയുന്നതിലെ ദു:ഖവുമെല്ലാം അയാൾ പറഞ്ഞു.
ദൈവമാവട്ടെ കൊല്ലനെ ആശ്വസിപ്പിച്ചു.
‘കൊല്ലൻ്റെയും, കൃഷിക്കാരൻ്റെയും പണി മറ്റെല്ലാത്തിലും ശ്രേഷ്ഠമാണല്ലൊ’ എന്ന അതിഥിയുടെ അഭിപ്രായം കൊല്ലനെ വല്ലാതങ്ങ് ആശ്വസിപ്പിച്ചു.
ദൈവം അവിടെ നിന്നിറങ്ങി, നടന്ന് ഒരു കച്ചവടക്കാരൻ്റെ അടുത്തെത്തി.
അവിടെ പച്ചക്കറികളും, ഭക്ഷ്യവസ്തുക്കളും നിരത്തി വച്ചിരിക്കുന്നു.
വില തിരക്കി.
നാട്ടിൽ വിളയാത്ത പലതിനും വൻ വില .
നാട്ടിലെ കൃഷിക്കാരുടെ സാധനങ്ങൾക്കോ വൻ വിലക്കുറവും.
കച്ചവടക്കാരൻ വിൽക്കുന്ന വാഴപ്പഴത്തിൻ്റെ വില കണക്കാക്കിയാൽ കൃഷിക്കാരൻ്റെ വെള്ളം കോരലിൻ്റെ അദ്ധ്വാനവില പോലും കൃഷിക്കാരന് കിട്ടിയിട്ടുണ്ടാവില്ല.
ദൈവം അവിടുത്തെ കാര്യങ്ങളെല്ലാം നോക്കിക്കണ്ട് അവിടെ നിന്നും ഇറങ്ങി.
പിന്നീടെത്തിയത് ഒരു ദേവാലയത്തിലായിരുന്നു.
അവിടുത്തെ പുരോഹിതനെ കണ്ടു.
ദൈവമാണെന്ന് പറഞ്ഞില്ല.
പുരോഹിതൻ്റെ അടുത്തെത്തി.
സംസാരിച്ചു.
പുരോഹിതന് സംസാരിക്കാൻ സമയമില്ല.
സമയം മാത്രമല്ല, അപരിചിതരോട് സംസാരിക്കുവാൻ ആഗ്രഹവുമില്ല.
താൻ ദൈവത്തിന് വേണ്ടി പണിയെടുക്കുന്നവനാണെന്ന ഭാവമായിരുന്നു അയാൾക്ക് .
തൻ്റെ ആരാധനകളുടെ പ്രീതിയാലാണ് ദൈവമഹത്വം മനുഷ്യരിൽ വർദ്ധിക്കുന്നതെന്ന ചിന്തയും.
പുരോഹിതൻ്റെ മനസ്സിലിരിപ്പും, മതചിന്തകളും ദൈവമറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു.
തൻ്റെ പേരിൽ പിരിവെടുക്കാൻ ഭണ്ഡാരങ്ങൾ കൂടി കണ്ടതോടെ ചിരിച്ചു പോയ ദൈവം, പുരോഹിതനെ വിടാതെ പിന്തുടർന്നു.
സിദ്ധാന്തങ്ങളും, ശാസ്ത്രബോധവും വിശകലനം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ മനുഷ്യന് നൽകിയ കഴിവിനെ ഓർത്ത് ദൈവത്തിന് ആദ്യമായി ഇച്ഛാഭംഗം തോന്നി.
ഈ സമയം പുരോഹിതനാവട്ടെ, പരിചയമില്ലാത്ത ഒരാൾ പിന്തുടരുന്നത് അസ്വസ്ഥതയുണ്ടാക്കിയതിനാൽ അയാളെ ഒഴിവാക്കാനായി,
അനുചരരെ വിളിച്ചു.
അവിടെ നിന്നും ഇവിടെ നിന്നും പലരുമെത്തി.
പുതിയതായി കണ്ട ആളെ ദൈവമാണെന്നറിയാതെ ചോദ്യം ചെയ്തു.
ദൈവത്തിൻ്റെ പ്രതിപുരുഷനായ പുരോഹിതനെ ശല്യം ചെയ്തെന്ന പേരിൽ അവർ ദൈവത്തെ തന്നെ ശകാരിച്ചു.
ദൈവം ഒന്നും മിണ്ടാതെ അവിടെ നിന്നു മിറങ്ങി.
പിന്നീടെത്തിയതൊരു ദരിദ്രൻ്റെ കുടിയിലായിരുന്നു.
അയാളും കുടുംബവും അയാളെ സ്വാഗതമരുളി.
വീട്ടിലെത്തിയ അതിഥിക്ക് ഉള്ളതിൽ പങ്ക് കഴിക്കാൻ നൽകി.
ആവശ്യമില്ലാതെ, പുരോഹിതൻ്റെ അടുത്ത് പോയതിന് സ്നേഹത്തോടെ ശകാരിച്ചു.
സഹായം ചോദിച്ചെത്തുന്നവരെ പടിക്കകത്ത് കയറ്റാത്ത പുരോഹിതൻ, കാണാത്ത ദൈവത്തിന് വേണ്ടി സ്വർണ്ണ കൂടാരം പണിയാൻ പോകുന്ന കഥ പറഞ്ഞു.
തൻ്റെ പേരിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത് ദൈവത്തിൻ്റെ ആദ്യ അറിവായിരുന്നു.
പുരോഹിതർ, മനുഷ്യരുടെ പേടിയെ ചൂഷണം ചെയ്ത് കഴിയുന്നവരാണെന്ന കാര്യം ദൈവത്തോട് ഓർമ്മിപ്പിച്ചു.
ദേവാലയ നവീകരണത്തിന് തങ്ങളോടും വലിയൊരു തുക നൽകണമെന്ന് പറഞ്ഞിട്ടുണ്ടെന്ന കാര്യം പറഞ്ഞ് അവിടുത്തെ കുടുംബനാഥൻ ചിരിച്ചു.
പ്രാരാബ്ധക്കാരന്റെ കീശ കീറി ദൈവത്തിന് കൂടാരം പണിയുന്നതിൻ്റെ പരിഹാസം ആ ചിരിയിലുണ്ടെന്ന് ദൈവത്തിന് മനസ്സിലായി.
അപരിചിതനെ സ്വീകരിച്ച് ഭക്ഷണം നൽകിയ അയാളെ ദൈവം അനുമോദിച്ചു.
തന്നെ സ്നേഹിച്ചതുപോലെ, സഹോദരരെയും അറിഞ്ഞു വേണം ജീവിക്കാനെന്ന് ഓർമിപ്പിച്ച് ആ കുടിലിൽ നിന്നും ദൈവം തിരിച്ചിറങ്ങി.
അന്നു രാത്രിയിൽ കർഷകനും, കൊല്ലപ്പണിക്കാരനും, ദരിദ്രനും ഒരേ രീതിയിലുള്ള സ്വപ്നം കണ്ടു.
‘”നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തിനു വേണ്ടിയുള്ള ധ്യാനമാണെന്നും, നിങ്ങൾ ദൈവകൃപ നിറഞ്ഞവരാണെന്നും, പ്രാർത്ഥനയല്ല അപരന് ഗുണം കിട്ടുന്ന പ്രവർത്തിയാണ് ദൈവത്തിന് പ്രീതികര’മെന്ന വചനവും സ്വപ്നത്തിലവർ ശ്രവിച്ചു.
‘ദൈവം അത്തരക്കാരിൽ കുടികൊള്ളും, നിങ്ങളിലും ..’ അവർക്കതിശയമായി.
സ്വപ്നത്തിൽ ദൈവത്തിൻ്റെ സ്ഥാനത്തവർ കണ്ടത്, പകൽ സമയം തങ്ങളെ സന്ദർശിച്ച അപരിചിതനെ ..
അതേസമയം ദൈവത്തെ പ്രീതിപ്പെടുത്താൻ വെമ്പൽ കൊണ്ട് ചിട്ടവട്ടങ്ങളുടെ മഹാകൂമ്പാരവുമായി നടക്കുന്ന പുരോഹിതൻ ഉറക്കം കിട്ടാതെ, പട്ടുമെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് വിഷമിക്കുകയായിരുന്നു.
✍🏻 ജയ്മോൻ ദേവസ്യ
About The Author
No related posts.