വിരൽത്തുമ്പിലെ കുഞ്ഞ് – ജനീഷ് മോഹൻ

Facebook
Twitter
WhatsApp
Email
പോകണം തിരികെയിനിയെങ്കിലും,
എൻ്റെ പൂർവികർ നടകൊണ്ട വഴി തേടണം.
വെയിൽ പരക്കും മുൻപുണർന്നീടണം,
നാലഞ്ചു മൈൽ ദൂരം നടന്നിടേണം..
തിരുമുറ്റം നിറയെ പൂച്ചെടികൾ വളർത്തണം,
വാടാതെ നീർ കോരി വളവും നൽകീടണം.
വാഴയും വെണ്ടയും വഴുതന ചാമ്പയും,
വിഷധൂളിയേൽക്കാതെ കറിവേപ്പും വളർത്തണം.
തൂമ്പ പിടിച്ചതിൻ  തഴമ്പില്ലയെങ്കിലും,
മെയ്യൊന്നനക്കീ  വിയർപ്പൊന്നൊഴുക്കണം.
ചെറുമീൻ തുടിക്കുന്ന കൈത്തോടിന്നോരത്തെ,
നടവഴിയിലൂടച്ഛൻ നടന്നിരുന്നു.
വയൽക്കിളിക്കൊഞ്ചലും , കുയിലിന്റെയീണവും  കേൾക്കാതെയെങ്ങും പരതി നോക്കി,
അച്ഛന്റെ ചെറുവിരൽത്തുമ്പിന്നുറപ്പിൽ ,
 ചേമ്പിലത്തുമ്പത്ത്  തെന്നി നീങ്ങും,
 നീർകണം പോലെ ഞാൻ നിന്നു പോയി;
പുലർകാല മഞ്ഞും ഗ്രാമീണ ശോഭയും,
മിഴിനിറച്ചെന്മനം കുളിരുകോരും.
നടവഴിയിൽ കാൽ തട്ടി നിണം പൊടിഞ്ഞീടുമ്പോൾ,
ചേമ്പിൻ കറച്ചാറ്  മുറിവിൽ പുരട്ടിയും;
ശാസനാ വാക്കോതി വാത്സല്യമായച്ഛൻ,
 ‘നടക്കണം നോക്കി നിലത്തു തന്നെ’!
ധ്രൃതി പിടിച്ചോടുന്ന നാഗരിക വീഥീയിൽ,
ബഹുനില കെട്ടിട സമുച്ചയത്തിൽ,
മുഖത്തോടുമുഖം കാണാതടച്ചിട്ട വാതിലുകൾ,
നിരതിങ്ങി നിറയുന്ന ഇരുണ്ടഭവനങ്ങളിൽ,
ഇരിപ്പാണ് ഞാനെന്ന അണുകുടുംബസ്ഥനും!
വാഴയിലച്ചോറിന്റെ രുചി മടുത്തിട്ടല്ല,
വയനക്കുമ്പിളപ്പം കൊതിതരാഞ്ഞിട്ടല്ല,
വഴിവിളക്കോരോന്നിൻ കീഴിലും നിരക്കുന്ന,
നാഗരിക ലോകത്തിൻ ഫാസ്റ്റ് ഫുഡ് മേശകൾ;
രുചികൊണ്ട് മണംകൊണ്ട് സമയലാഭം കൊണ്ട്,
പൊതിവാങ്ങിപ്പതിവായി ഭോജനം ചെയ്യും.
കുമിയണം പണമെന്ന ഭ്രാന്തിന്റെ മതിയാൽ,
ഗമ കാട്ടി ഞെളിയുന്നൂ “സ്റ്റാറ്റസ്സു” കൂട്ടാൻ;
പ്രഷറും ഷുഗറുമതിഥിയായെത്തി,
നട ശീലമാക്കി കളസത്തിലേറി!
വാങ്ങിയൊരു സൈക്കിൾ ലക്ഷം മുടക്കി,
അയൽവാസിയേക്കാൾ മുന്തിയതത്രേ!
പഴയകാലത്തിന്നോർമ്മ കൊണ്ടല്ല,
ദിനം തിന്ന ഫ്രൈ തന്ന കൊളസ്ട്രോൾ കൊണ്ട്!
ഗേറ്റിന്ന് മുന്നിലെ കടയിലൊന്നെത്താൻ,
പറ്റില്ല ബൈക്കില്ലാതൊരു ദിനവുമിപ്പോൾ.
മൊബൈലിലൂടല്ലാതൊരു കിളിക്കൊഞ്ചൽ കേൾക്കാൻ,
വയലിലെ ചെളി പുഴനീന്തിക്കഴുകാൻ,
ഓർമ്മയിലെങ്കിലും തിരിച്ചൊന്നു പോകണം,
ഇടവഴികളിൽ പെയ്ത മഴ നോക്കി നിൽക്കണം,
എൻ മക്കളിന്നൊട്ട് കാണാതെ പോകുന്ന,
നന്മയാൽ നിറയുമെൻ ഗ്രാമത്തിലേക്ക്:
അച്ഛന്റെ ചെറുവിരൽത്തുമ്പത്തു തൂങ്ങിയാ-
പഴയ ബാല്യത്തിന്റെ നടവഴിയിലേക്ക്….
        ജനീഷ് മോഹൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *