അമ്മയുടെ ഓർമ്മയിൽ – സുജ ശശികുമാർ

Facebook
Twitter
WhatsApp
Email

വിനയ് അവൻ അന്നും രാത്രി വൈകീട്ടാണെത്തിയത്.
ഓഫീസിലെ ഓഡിറ്റ് കണക്കെടുപ്പ് എല്ലാം കഴിഞ്ഞ്.

സെയിൽ ടാക്സ് ഓഫീസിലാ വിനയൻ.

ജോലി കിട്ടിയപ്പോ
എന്തൊരു സന്തോഷമായിരുന്നെന്നോ അവൻ്റെ അമ്മ സുമതിയേട്ടത്തിക്ക്.

അവനെ അവര് അത്രേം കഷ്ടപ്പെട്ടാ വളർത്തിയത്.

വലിയ വീട്ടിലെ കുട്ട്യാ. പറഞ്ഞിട്ടെന്തു കാര്യം.
അവിടുത്തെ കാറിൻ്റെ
ഡ്രൈവറുടെ കൂടെ ഒളിച്ചോടി പോന്നു.
അതുകൊണ്ടെന്താ .. വീട്ടുകാരൊന്നും തിരിഞ്ഞു നോക്കീല.

ഒരു സ്വത്ത് വകകളും കൊടുത്തില്ല.

താഴ്ന്ന ജാതിക്കാരനായതിനാൽ അവർക്ക് കുറച്ചിലാത്രേ…

ഹും – എന്ത് ജാതി,
ഇതൊക്കെ മനുഷ്യന്മാർ ഉണ്ടാക്കുന്നതല്ലേ മോളേ…

അവൻ്റെ അച്ഛൻ നേരത്തേ മരിച്ചു.
പാവം .പിന്നെ അമ്മേം, മോനും തനിച്ച്…

മുറ്റമടിക്കുന്ന ഉമ്മിണി പറഞ്ഞു.

അതേ, ഞാനിപ്പ വരാം.
അതും പറഞ്ഞ് കീർത്തി വിനയനെ വിളിക്കാൻ അകത്തേക്ക്പോയി.

ഹൊ, ഈ വിനയ് ഏട്ടൻ്റെ ഒരു കാര്യം. എത്ര തവണ വിളിക്കണം
ഓഫീസിൽ പോകാൻ ഇന്നും നേരം വൈകും എൻ്റീശ്വരാ..

എനിക്കിന്നും ആ പരമേശ്വരൻ സർ ൻ്റെ വായിന്ന് കണക്കിന് കേൾക്കാം.
ആരോടു പറയാനാ ഇതൊക്കെ.
ഇവിടെ ഒരാൾ പോത്തുപോലെ കിടന്നുറങ്ങുന്നു. പോകേണ്ട വല്ല വിചാരവും ഉണ്ടോ..

കീർത്തി ,പിറുപിറുത്തു കൊണ്ട് വിനയനെ വിളിച്ചു.
അല്ലാ ഓഫീസിലൊന്നും പോണ്ടേ ഉറങ്ങ്യാമതിയോ ?

അവൻ ഞെട്ടി ഉണർന്നു അമ്മ എന്താ എന്നെ നേരത്തേ വിളിക്കാഞ്ഞേ ..
കാപ്പി എവിടെ ?

അമ്മയോ ?
എന്തു പറ്റി വിനയേട്ടാ

അമ്മ… ഒന്നുമില്ല ഒരു സ്വപ്നം കണ്ടതാ
അമ്മ വന്നു വിളിച്ച പോലെ തോന്നി.
അവൻ്റെ കണ്ണു നിറയുന്നതവൾ കണ്ടു.

സാരമില്ല വിനയേട്ടാ..
അമ്മയുടെ ശ്രാദ്ധം ആവാനായി അതാവും അമ്മയെ ഓർത്തത്.

എത്ര വേഗമാ ഒരു വർഷം പോയത്..
അല്ലേ –

അമ്മ ഇല്ലാത്തതായി തോന്നുന്നില്ല എനിക്ക്.

എൻ്റെ മനസ്സ് അങ്ങനെ ചിന്തിക്കാൻ ഇഷ്ടപ്പെടുന്നില്ല
അമ്മ യുടെ മനസ്സ്
എൻ്റെ കൂടെ തന്നെ ഉണ്ട് അതാ സത്യം..

അമ്മ അച്ഛമ്മയാവാൻ ഏറെ കൊതിച്ചു.

ആ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ നമുക്ക് കഴിഞ്ഞില്ലല്ലോ ?

എന്തെല്ലാം ചികിത്സ ചെയ്തു
എന്നിട്ടും നമുക്കിന്നോളം ഒരു കുഞ്ഞിക്കാലു കാണാനായില്ലല്ലോ..

ഓ, തുടങ്ങി, ഇനി ഇതും പറഞ്ഞിരുന്നോ ..
എനിക്ക് ബാങ്കിൽ പോകാൻ ഇപ്പൊ തന്നെ സമയം വൈകി.

ഭക്ഷണം മേശപ്പുറത്തെടുവെച്ചു ട്ടോ.
എടുത്തു കഴിച്ചോളൂ..
അവൾ പറഞ്ഞു.
ഞാൻ പോണു.
അതും പറഞ്ഞ് അവൾ പോയി –

വിനയൻ വീണ്ടും അമ്മയുടെ ഓർമ്മയിൽ നിന്നുണരാത്ത പോലെ.
ഉമ്മറത്തങ്ങനെ തൂണിൽ ചാരിയിരുന്നു.

മോനേ … നിനക്കിന്ന് പോവാനില്ലേ ?
അമ്മയുടെ ശബ്ദം വീണ്ടും അവൻ്റെ കാതിൽ അലയടിച്ചു.

അവൻ ഉമ്മറത്ത് ചുവരിൽ വെച്ച അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി.
എന്തൊരു നിറഞ്ഞ ചിരിയാണാ മുഖത്ത്.

എനിക്ക് ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ വാങ്ങിക്കൊടുത്ത സാരിയാ അമ്മ ഉടുത്തത്.
അന്ന് ആ സാരി കയ്യിൽ വെച്ചു കൊടുത്തപ്പോൾ അമ്മയുടെ ഒരു സന്തോഷം കാണേണ്ടതു തന്നെ.

എങ്കിലും ഇതു കാണാൻ നിൻ്റെ അച്ഛനില്ലാതെ പോയല്ലോ എന്ന സങ്കടവും
മറച്ചു വെച്ചില്ല.

സാരിത്തല കൊണ്ട് കണ്ണു തുടച്ച് അമ്മ ചിരിച്ചു.
എന്നെ സന്തോഷിപ്പിക്കാനെന്നോണം

അച്ഛൻ്റെ ശ്രാദ്ധത്തിന് ബലിയിടാൻ പുലർച്ചെ ഞാൻ
തിരുനാവായ പോയി മടങ്ങി എത്തിയപ്പോഴേക്കും
വീട്ടിൽ നിറയെ ആളുകൾ.

എന്താ.. എന്തു പറ്റി?
നീ എവിടെയായിരുന്നു.
നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.
അടുത്ത വീട്ടിലെ ഉണ്ണിയേട്ടൻ പറഞ്ഞു.

അമ്മ, അമ്മക്കെന്തു പറ്റി
അവൻ കേട്ടപാതി കേൾക്കാത്ത പാതി അകത്തേക്കോടി –

അമ്മ അവൻ വാങ്ങിച്ചു കൊടുത്ത ആ സാരിയുടുത്ത് നിലത്തു കിടക്കുന്നു.
എൻ്റെ അമ്മയ്ക്കെന്താ പറ്റിയേ ഉണ്ണിയേട്ടാ ?

അറ്റാക്കാന്നാ ഡോക്ടർ പറഞ്ഞത്
ഞങ്ങൾ ആശുപത്രിയിലെത്തിച്ചിരുന്നു.
അപ്പോഴേക്കും കഴിഞ്ഞു –

ന്നാലും അമ്മന്നെ വിട്ട് പോയല്ലോ ?

ഇന്ന് അച്ഛൻ്റെ ശ്രാദ്ധ ദിനമാണ് ഉണ്ണിയേട്ടാ.

ആ.. എന്നോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിനക്ക് ഒരു കുഞ്ഞുണ്ടാവാത്തതിൽ വലിയ വിഷമം ഉണ്ടായിരുന്നു.

അത് പറയുന്നത് നിൻ്റെ ഭാര്യക്ക് ഇഷ്ട്ടമല്ലാത്രേ.

ന്തായാലും എവിടേലും പോയി നല്ല ചികിത്സ തേടണം
വിനയാ
കുടുംബം നശിച്ചുപോകാതിരിക്കാനാ
ഞാൻ പറഞ്ഞത്.

ഉണ്ണിയേട്ടൻ വന്ന് വിനയനെ വിളിച്ചപ്പോഴാണ് വിനയൻ ആ ഇരിപ്പിൽ നിന്നുണർന്നത്.

എന്തു പറ്റി?
നിനക്കിന്ന് പോകാനില്ലായിരുന്നോ വിനയാ …

നീ ഇവിട ഇരിക്കുന്നത് കണ്ട് വന്നതാ..

ഉണ്ട് ഉണ്ണ്യേട്ടാ .. എന്തോ ഇന്ന് രാവിലെ തന്നെ ഒരു സുഖം പോരാ..

ലീവ് എടുത്താലോ.. ന്ന് ആലോചിക്ക്യാ
മനസ്സിന് വല്ലാത്ത ഒരു ആധി-
എന്തൊക്കെയോ ചിന്തിച്ചിരുന്നു പോയി .
സമയം പോയതറിഞ്ഞില്ല..

എന്നാ.. ഇന്ന് പോകണ്ട ലീവ് പറഞ്ഞോ?

നമുക്ക് കഥയും പറഞ്ഞിരിയ്ക്ക്യാം..

ഞാൻ അമ്മ മരിച്ച ദിവസത്തെക്കുറിച്ചോർത്ത താ
ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അമ്മക്കിങ്ങനെ സംഭവിക്കുമായിരുന്നില്ല.
അല്ലേ ഉണ്ണ്യേട്ടാ…

ന്നാലും. ഉമ്മിണി ക്ക് വന്ന് വിളിക്കാൻ തോന്നിയത് നന്നായി. അല്ലെങ്കിലാരും കാണില്ലായിരുന്നു.

അവള് പോകുന്നു ന്ന് പറയാൻ വിളിച്ചതാ.

അതു കേട്ടിട്ടും ഒരു അനക്കമോ വിളി കേൾക്കലോ ഒന്നും ഉണ്ടായില്ല.അതാ അവള് വന്നു നോക്കിയത്
അപ്പോ.. അടുക്കളയിൽ വീണ് കിടക്കുന്നു.

അവള് ഓടി എൻ്റെ വീട്ടിലേക്ക്യാ വന്നത് ഞാൻ വേഗം നമ്മുടെ തെക്കേലെ
ശിവദാസനെയും വിളിച്ചു വരുത്തി ൻ്റെ കാറിൽ കൊണ്ടു പോയതായിരുന്നു.
എന്നിട്ടും അവള് പോയി.

സാരമില്ല. വിനയാ.. ഓരോരുത്തർക്കും ഓരോ സമയം പറഞ്ഞു വെച്ചിരിക്കുന്നു ദൈവം.

ഞാനൊക്കെ ഇവിടെ മൂത്തു നരച്ച് ആർക്കും വേണ്ടാതെ കിടക്കുന്നു.

അവള് ഭാഗ്യവതിയാ..
ഭർത്താവിൻ്റെ ശ്രാദ്ധ ദിനം തന്നെ മരിക്കാനായില്ലേ..

അതെ. അച്ഛൻ മരിച്ചിട്ട് അന്നേക്ക് ഇരുപത്താറ് വർഷം.

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു എനിക്ക്.
ഉണ്ണ്യേട്ടൻ പറഞ്ഞു.

ഒരു ചായ തരണമെങ്കിൽ അവള് പോയി ഓഫീസിൽ.
സാരമില്ലെടോ അവള് കുട്ടിയല്ലേ അവൾക്കങ്ങനെയെങ്കിലും ഒരു മനസ്സമാധാനം കിട്ടുമെങ്കിൽ അത് നടക്കട്ടെ.

ന്നാ ഞാനിറങ്ങുന്നു.
നിൻ്റെ ഇന്നത്തെ ദിവസം പാഴാക്കുന്നില്ല –

ഓ…അതൊന്നുമില്ല.
നിങ്ങളെയൊക്കെ കാണുന്നതും ,മിണ്ടിപ്പറയുന്നതും ഒക്കെയാണ് ൻ്റെ സന്തോഷം.
പക്ഷേ സമയം ഇല്ല അതാ പ്രശ്നം..

ഉണ്ണിയേട്ടൻ പോകുന്നതും നോക്കി വിനയൻ വീണ്ടും
ചാരുകസേരയിൽ പത്രവുമായി ഇരുന്നു…

ശുഭം.

About The Author

Leave a Reply

Your email address will not be published. Required fields are marked *