മാസച്യുസിറ്റ്സ് (യുഎസ്) ∙ ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന അദൃശ്യ കൊലയാളിയായ വായുമലിനീകരണം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപടി ശക്തമാക്കി. വായു ഗുണനിലവാരം സംബന്ധിച്ച് 2005 മുതൽ പിന്തുടരുന്ന മാനദണ്ഡം പുതുക്കി. വാഹനങ്ങളും തീയും പുറന്തള്ളുന്ന പുകയും മറ്റുമായി വായുവിലെ അപകടകരമായ വസ്തുക്കളുടെ (പിഎം) സാന്നിധ്യം ആരോഗ്യകരമായി നേരിടാനാവുന്നത് ക്യുബിക് മീറ്ററിന് 10 മൈക്രോ ഗ്രാമായിരുന്നത് 5 ആയി കുറച്ചു. 2.5 ആണ് അഭികാമ്യം.
ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴുണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡിന്റെ പരിധി ക്യുബിക് മീറ്ററിന് 40 മൈക്രോ ഗ്രാമിൽ നിന്ന് 10 ആയി കുറച്ചു. പിഎം 2.5 ആയി കുറയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ അർബുദം, മറവിരോഗം തുടങ്ങിയവ ഗണ്യമായി കുറയ്ക്കാൻ ഇതു സഹായിക്കും.
ലോകത്തെ ഒരു രാജ്യത്തെയും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഈ പരിധിയിലില്ല. 90 ശതമാനത്തിലേറെ ആളുകളും ഇതിന്റെ പലമടങ്ങ് പിഎം പരിധിയുള്ള അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ഇന്ത്യയിൽ ഇത് ശരാശരി 12 ഇരട്ടിയിലേറെയാണ്. യുഎസിൽ 2.4 ഇരട്ടിയിലേറെ.
വായുമലിനീകരണം മൂലം വർഷം 70 ലക്ഷം പേർ മരിക്കുന്നതായാണ് കണക്ക്. ഇന്ത്യയിൽ കഴിഞ്ഞ വർഷം 57,000 മരണങ്ങൾ വായുമലിനീകരണം മൂലം ഉണ്ടായി. ഏറെ നാളത്തെ പഠനത്തിനു ശേഷമാണ് മാനദണ്ഡം പുതുക്കി നിശ്ചയിച്ചത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാൽ മാത്രമേ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: WHO global air quality guidelines













