കുട്ടിക്കാലത്ത് ചായവിറ്റയാള്‍ യുഎന്‍ പൊതുസഭയെ നാലാംതവണയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ആദ്യ ഡിഎന്‍എ വാക്സീന്‍ ഇന്ത്യ വികസിപ്പിച്ചു. എംആര്‍എന്‍എ വാക്സീന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഒരു കോടിയിലധികം പേര്‍ക്ക് ഒരു ദിവസം വാക്സീന്‍ നല്‍കാന്‍ കഴിയും വിധം കോവിന്‍ പോര്‍ട്ടലിന് മികവുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോർട്ട് കാണാം.
ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്കുതന്നെ അത് വിനയാകുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി. സമുദ്രമേഖലകളെ കൈയ്യടക്കാനുള്ള നീക്കം തടയണമെന്ന് ചൈനയെ പരോക്ഷമായി പരാമര്‍ശിച്ച് മോദി പറഞ്ഞു. വാക്സീന്‍ ഉല്‍പ്പാദക കമ്പനികളെ മോദി ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു. അഫ്ഗാന്‍ മണ്ണ് ഭീകരതാവളമാകരുതെന്ന ശക്തമായ നിലപാടാണ് മോദി– ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ചയിലും ക്വാഡ് കൂട്ടായ്മ സമ്മേളനത്തിലുമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യം സ്വാര്‍ത്ഥലാഭത്തിനായി മുതലെടുക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കരുത്. അഫ്ഗാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സഹായം ആവശ്യമുണ്ട്. ലോകത്ത് മൗലികവാദവും തീവ്രവാദ ചിന്തയും വര്‍ധിക്കുന്നു. ഇതുനേരിടാന്‍ ശാസ്ത്രാധിഷ്ഠിത സമീപനം ആവശ്യമാണ്
ഇന്ത്യ–പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് വൈറ്റ് ഹൗസില്‍ മോദിയുമായി നടത്തിയ ഉഭയകക്ഷിചര്‍ച്ചയില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ ബൈഡന്‍ പിന്തുണച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തിലെ അന്തരം മോദി ചൂണ്ടിക്കാട്ടി. ബൈഡനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു. ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍ യുദ്ധം അനുവദിക്കില്ലെന്നും ക്വാഡ് കൂട്ടായ്മ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അടുത്തമാസം 80ലക്ഷം ഡോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീന്‍ കൂട്ടായ്മയ്ക്കായി ലഭ്യമാക്കുമെന്ന് മോദി അറിയിച്ചു. ഭീകരതയെ മഹത്വവല്‍ക്കരിച്ച രാജ്യമാണ് പാക്കിസ്ഥാനെന്ന് ഇമ്രാന്‍ ഖാന് യുഎന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബൈ മറുപടി നല്‍കി.













