LIMA WORLD LIBRARY

ഓരോ ധാന്യക്കതിരും കാത്തിരിക്കുന്നത് – ചാക്കോ ഡി അന്തിക്കാട്

(സമരമുഖത്ത്
നിശ്ചയദാർഢ്യത്തോടെ
നിലയുറപ്പിച്ച
കർഷകർക്ക്,
പ്രസ്ഥാനങ്ങൾക്ക്,
ഐക്യദാർഢ്യം…
സമർപ്പണം)
✍️
ഓരോ അരിമണിയും
ഓരോ മുഷ്ടിയാണെന്ന്
കരുതുക…
ഓരോ വയലും
മുഷ്ടികളുടെ,
കുനിയാത്ത ശിരസ്സുകളുടെ,
സമ്മേളന വേദി!

കർഷകന്റെ വിയർപ്പിനെ
ആവാഹിച്ചുള്ള,
വയലുകളുടെ നൃത്തംകണ്ട്, കോൾമയിർക്കൊള്ളുന്ന
പുഴകൾ, കിളികൾ,
പുൽച്ചാടികൾ!

വയലുകൾ
ആകാശത്തേക്കുനോക്കിപ്പറഞ്ഞു :
ഞങ്ങൾക്ക്
രക്ഷകരായി
കർഷകമുന്നേറ്റമുണ്ട്!
അതേറ്റെടുത്ത,
പാൽപുഞ്ചിരിതൂകും
ഓരോ ധാന്യക്കതിരും,
വയലിലെ നക്ഷത്രങ്ങൾ!

നക്ഷത്രങ്ങൾ
ആകാശത്തിന്റെ
വിളവിൻ സമൃദ്ധി!
അവരെ സംരക്ഷിക്കാൻ
നിലാവിന്റെ
രക്ഷാവലയമുണ്ട്!

വയലുകളുടെ
സ്വപ്‌നങ്ങൾ,
നക്ഷത്രങ്ങൾക്ക്
സമ്മാനിക്കാനായുള്ള,
കാറ്റിന്റെ വരവും പോക്കും,
രാഗങ്ങൾ മാറിമാറിയുള്ള,
ശ്രുതി ചേർന്നുള്ള
നിരന്തര സാധകം!

പറവകൾ,
ആകാശത്തിന്റെ
നീളവും, വീതിയും, ഉയരവും
അളക്കുന്നത്,
പിറക്കാനിരിക്കുന്ന
കുഞ്ഞുങ്ങളുടെ
സ്വപ്നങ്ങൾക്ക്,
പാതയൊരുക്കാൻ…

ഹേ, ഏകാധിപത്യമേ…
ലോകമുതലാളിത്തമേ…
ലോകസാഹോദര്യത്തിന്റെ,
വിശാല സ്വാതന്ത്ര്യത്തിന്റെ, സ്വപ്നങ്ങളെക്കുറിച്ച്,
പുച്ഛം മാത്രമുള്ള നിങ്ങളോർക്കുക…

നിസ്വാർത്ഥമായി
അദ്ധ്വാനിക്കുന്നവരുടെ
മുറിവേറ്റ സ്വപ്‌നങ്ങൾ
തീറെഴുതി പണയംവെച്ചുള്ള,
വിയർപ്പിന്റെ ആത്മസമർപ്പണമാണ്,
നിങ്ങളുടെ ഖജനാവിലെ കോടിക്കോടികൾ!

ഒരു കർഷകൻ,
തെരുവിൽ വിതുമ്പുമ്പോൾ, നിലവിളിക്കുമ്പോൾ,
മുദ്രാവാക്യം മുഴക്കുമ്പോൾ,
ചരിത്രം സടകുടഞ്ഞെഴുന്നേൽക്കുന്നു,
വെന്ന് സാരം!

അപ്പോൾ,
ചുമ്മാ തലയാട്ടുന്ന,
മെലിഞ്ഞ ധാന്യക്കതിർപ്പോലും,
ആഹ്വാനമായി മാറും!

ലോകം,
കർഷകർക്കൊപ്പമില്ലെങ്കിൽ…
പിന്നെ,
‘ലോകമേ തറവാട്’-
എന്ന
മഹദ് വചനത്തിനെന്തർത്ഥം?

“ലോകാ:സമസ്ത
സുഖിനോ ഭവന്തു”
സ്വച്ഛഭാരതത്തിന്റെ വേദവാക്യമാണെന്നാരു പറഞ്ഞു?

വിശപ്പിന്റെ അഗ്നിയാൽ,
ലോകം
കത്തിയെരിയുമ്പോൾ, ഏകാധിപത്യത്തിന്റെ
കാൽപ്പാദങ്ങളെ
സ്വീകരിക്കുന്ന,
അത്തറു പൂശിയ,
പരവതാനികൾക്ക്,
ഓടയുടെയും,
തീട്ടക്കുഴിയുടെയും,
ദുർഗന്ധം!

ചോരയും
വിയർപ്പുംകുതിർന്ന
ഓരോ ധാന്യക്കതിരിനും,
മാനവരാശിയുടെ സമരവീര്യത്തിന്റെ,
പനിനീർപ്പുവിൻ സുഗന്ധം!

ഏകാധിപത്യത്തിന്റെ
നുണകൾക്കും,
ഭീകരതയ്ക്കും,
പ്രേതങ്ങളുടെ പ്രതിഛായ!

മാതൃരാജ്യം…
ശത്രുരാജ്യമായി
പെരുമാറുന്നതും,
വെള്ളപൂശിയ
ശവക്കല്ലറയായി മാറുന്നതുമെങ്ങിനെയെന്ന്,
ഗവേഷണംനടത്താൻ,
ഒരു സർവ്വകലാശാലയും സന്ദർശിക്കേണ്ടതില്ല!
തെരുവിൽവീണ
രക്തത്തിന്റെ
അളവെടുത്താൽ മതി!

ചവിട്ടിയരക്കപ്പെട്ട,
ഓരോ ധാന്യക്കതിരും
കാത്തിരിക്കുന്നത്,
നടുവൊടിഞ്ഞ,
തന്റെ അടുത്തുള്ള
ധാന്യക്കതിർസുഹൃത്ത് ഉയിർത്തെഴുന്നേൽക്കുന്നുണ്ടോ?

അതും,
സമരം നടത്തുന്നവർ
മാത്രം തിരിച്ചറിയുന്ന,
വയലുകളുടെ
നിശബ്ദമാം,
വന്യമാം…സമരാഹ്വാനം!
✊️✍️✊️

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px