ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ഗുലാബ് കരതൊട്ടു. വടക്കന്‍ ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തിനും ഒഡീഷയിലെ സേംപേട്ടയ്ക്കും ഇടയില്‍കൂടിയാണു ചുഴലിക്കാറ്റ് തീരത്തേക്ക് കടക്കുന്നത്. അര്‍ദ്ധരാത്രിയോടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലെത്തിച്ചേരും. നിലവില്‍ മണിക്കൂറില്‍ 75–85 കിലോമീറ്റര്‍ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് രാത്രിയില്‍ വീണ്ടും ശക്തിപ്രാപിക്കും.
വടക്കന്‍ ആന്ധ്രയിലും ഒഡിഷയുടെ തെക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഗഞ്ചന്‍ ,ഗഞ്ചപട്ടി,കണ്ഡമാല്‍ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളില്‍ 48 മണിക്കൂര്‍ നേരത്തേക്കു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മധ്യ ഇന്ത്യയില്‍ തിങ്കളാഴ്ച മുതല്‍ വ്യാപകമായി മഴലഭിക്കും. കേരളത്തിലും രണ്ടുദിവസം മഴയുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് രാത്രി മുതല്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. മുന്‍കരുതല്‍ നടപടിയായി ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 28 ട്രെയിനുകള്‍ റദ്ദാക്കി.













