നിറം മാറേണ്ടവർ – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

” അമ്മാ കാൽ വലിക്കിതമ്മാ…എന്നാലേ നടക്ക
മുടിയാത് “.പാപ്പാത്തി നിർത്താതെ കരഞ്ഞു
കൊണ്ടേയിരുന്നു.
തലയിലെ കെട്ടുകളുടെ ഭാരം വേദനയായി കഴുത്തിലൂടെ ഊർന്നിറങ്ങുന്നതു കൊണ്ട്
തലതാഴ്ത്തി മകളെ നോക്കാൻ ലക്ഷ്മിക്കു
കഴിഞ്ഞതേയില്ല.
” അവളെയൊന്നു കുറച്ചു നേരം എടുക്ക് മുനിയണ്ണാ” പ്രയോജമൊന്നുമുണ്ടാവില്ലെന്നറിയാമെങ്കിലും അയാളോടവൾ കെഞ്ചി.കേൾക്കാത്തപാതി അയാളലറി.”. എയ് മുണ്ടം .. വായ്മൂട് ..കൊന്നിടുവേൻ”
ഹും. കൊല്ലുന്നു ഏതു ശനി പിടിച്ച നേരത്താണോ
ഈ തമിഴന്റെ കൂടെ ഇറങ്ങിപ്പേരാൻ തോന്നിയത്.
ഈ കെട്ടിൽ ഒരെണ്ണം പിടിച്ചിരുന്നേൽ തലയുടെ
ഭാരമത്രയും കുറഞ്ഞേനെ,ജോലിയും ,കൂലിയും
ഇല്ലാത്ത സമയമാണ്. ഉള്ള പൈസയെടുത്ത്
മൂക്കറ്റം കള്ളും മോന്തി ആടിയാടി നടക്കുന്നു,
ഇവിടെങ്ങാനും മറിഞ്ഞു വീണാൽ കൂടെ വരുന്നവർ
തങ്ങളെകൂട്ടാതെകടന്നുപോകും.ബോധമില്ലാതെ കിടക്കുന്ന ഇയാളുണരുന്നതും നോക്കി രാത്രി ഇരുട്ടിൽ കാത്തിരിക്കേണ്ടി വരും.കൊച്ചു പെണ്ണിനെ
ആയിരിക്കും മനുഷ്യപിശാചുക്കൾ ആദ്യം
തട്ടിയെടുക്കുന്നത്

“അമ്മാ മുടിയാതമമാ..കുഞ്ഞുംതളർന്നു വീഴുമെന്നു തോന്നുന്നു.
പുറകിലും ഒരു പാടു കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നു.
എന്തിനാണ് എല്ലാവരും ധൃതി പിടിച്ച് ഊരിലേക്ക്
പോകുന്നത്. അവിടെ ചെന്നു എന്തു കാണിക്കാനാണാവോ? തിരിച്ചു ചെല്ലുമ്പോൾ ഇനി വീട്ടുടമസ്ഥർ വീടും വാടകയ്ക്കുതരികയുമില്ല.
ഇതൊക്കെ പറഞ്ഞാൽ ഇയാൾക്കു മനസ്സിലാവണ്ടേ.
അച്ഛന്റെമരണശേഷം അമ്മകഷ്ടപ്പെട്ടു പത്തുവരെപഠിപ്പിച്ചതാണ്.’വീട്ടിലെ കഷ്ടപ്പാടുകുറയും ,നല്ല ശമ്പളംകിട്ടും’എന്നൊക്കെ പറഞ്ഞു ചിറ്റപ്പൻതെങ്കാശിക്കു കുട്ടികൊണ്ടു പോയതാണ്.
അവിടൊരു തീപ്പെട്ടി ക്കമ്പനിയിൽ കുറെ നാൾ
ജോലിക്കു പോയതുമാണ്. അമ്മ മരിച്ചു പിന്നെ ആരും
ചോദിക്കാനാളില്ലെന്നായതോടെ ചിറ്റപ്പനും,ചിറ്റമ്മയ്ക്കും ഒരു വില്പനചരക്കായി മാറി
അമ്മയുടെ പ്രിയപ്പെട്ട ലക്ഷ്മിക്കുട്ടി.
തീപ്പെട്ടി കമ്പനിയിൽ പുതുതായി ജോലിക്കു വന്ന
മുനിയാണ്ടിയുടെ കൂടെ നാടുവിടുമ്പോൾ ,പ്രേമം
ഒന്നുമല്ലായിരുന്നു മനസ്സിൽ ,രക്ഷപെടാനുള്ള വ്യഗ്രത.
അഴുക്കു ചാലിൽ നിന്നും വേറൊരു അഴുക്കു ചാലിലേക്കു വീണെന്നു മാത്രം. അയ്യോ-എന്തെല്ലാം
കൊടിയ ദുരിതങ്ങൾ,കുറെ നാൾ മുനിയാണ്ടിയുടെ തേനിയിലുള്ളവീട്ടിൽ, വാ നിറയെ മുറുക്കാനിട്ട് എപ്പോഴും തെറിവിളിക്കുന്ന ഒരു തള്ളയായിരുന്നു അമ്മായിയമ്മ.ഭക്ഷണം പോലുംകിട്ടാതെ വലഞ്ഞിട്ടുണ്ട്.
ദൈവം കനിഞ്ഞ പോലെ മുനിയാണ്ടിക്ക്
കോട്ടയത്ത് ഒരു കോൺട്രാക്ടറുടെ കൂടെ ജോലി
കിട്ടിയപ്പോഴാണ് ജീവിതത്തിലിത്തിരി വെളിച്ചം
കണ്ടത്, ചവിട്ടും,തൊഴിയുമൊക്കെ ഉണ്ടെങ്കിലും
ദാരിദ്യം ഇല്ലായിരുന്നു.അടുത്ത് ഒന്നു രണ്ടു വീട്ടിൽ
വീട്ടുപണിയും കിട്ടിയതോടെ ബുദ്ധിമുട്ടുകളൊക്കെ
മാറിയല്ലോ ,എന്നാശ്വസിച്ചതാണ് .
കുറച്ചു പൈസ മിച്ചം പിടിച്ച് പാപ്പാത്തിയുടെ പേരിൽ
ഒരു കുറി ഒക്കെ ചേർന്നതാണ്. എല്ലാം ഇട്ടെറിഞ്ഞ്
ശ്ശെ..
ഏതോ ഒരു പനി പടർന്നു പിടിച്ചെന്നു കേട്ടപ്പോൾ
മുതൽ മുനിയാണ്ടിക്കു പ്രാന്തിളകിയതാണ്.”വേല
ഇല്ലാമെ എപ്പടി ഇങ്കെ വാഴ മുടിയും?ഊരുക്കു പോകാം ,” എത്ര പറഞ്ഞാലും കേൾക്കണ്ടേ?
വീട്ടു പണിക്കു നിൽക്കുന്ന ചേച്ചിയോടു ഒന്നു
പറയാൻ പോലും സമ്മതിച്ചില്ല. ആയിരം രൂപാ
അവിടെ കടം മേടിച്ചതും കൊടുക്കാനുണ്ട്.
ചേച്ചി തന്നെപ്പറ്റി എന്തു കരുതും.ലക്ഷ്മിക്ക് കരച്ചിൽ വന്നു.
‘ബ്ദും’ മുനിയാണ്ടി വീണുകഴിഞ്ഞു.കൂടെയുള്ളവർ അയാളെ ഒരു വശത്തേയ്ക്ക ഒതുക്കി കിടത്തി നടന്നു പോയി.
നിസ്സഹായ ആയി നിൽക്കുന്ന അവളെ ആരും നോക്കിയതു പോലുമില്ല.
അടുത്തൊരു മരത്തിന്റെ പുറകിൽ മകളെ മറച്ചിരുത്തി, കെട്ടിൽ നിന്ന് ബിസ്കറ്റ് എടുത്തു കൊടുത്തു.പാവം കാലു പൊട്ടി രക്തം വരുന്നു.
പഴയ സാരി അവൾ വിരിച്ചു കൊടുത്തു.
ഇത്രയും നാൾ കുഞ്ഞിന് പട്ടിണിയില്ലായിരുന്നു.
അവിടെ ചെന്നാലിനി എന്തു ചെയ്യും?
എവിടെയൊക്കെയോ പട്ടികൾ ഓരിയിടുന്നുണ്ട്.
വഴി വിജനമായി കിടക്കുന്നു. ഒരു ശവം പോലെ
മുനിയാണ്ടി അപ്പുറത്ത് കിടപ്പുണ്ട്.
ഏതോ ഒരു വണ്ടി വരുന്ന ശബ്ദം കേട്ട് അവളൊന്ന് പാളി നോക്കി. അയ്യോ, വേലപ്പണ്ണന്റെ
പെട്ടി ഓട്ടോ അല്ലേ? താമസസ്ഥലത്തിനടുത്തുള്ള
പച്ചക്കറിക്കച്ചവടക്കാരനാണ് .കുറെ നാളായി
ശല്യം ചെയ്യുന്നു.കൂടെ പൊറുപ്പിക്കാം , പൊന്നു പോലെ നോക്കാം എന്നൊക്കെ പറഞ്ഞ്.
കൂടുതലൊന്നും ഓർക്കാതെ ലക്ഷ്മി റോഡിലേക്കിറങ്ങി ഓട്ടോയ്ക്ക കൈ നീട്ടി.
മിന്നുന്ന വെളിച്ചം തെളിച്ചു കൊണ്ട് ഒറ്റക്കണ്ണൻ
വണ്ടിയിൽ നിന്നും തല നീട്ടി വേലപ്പൻ അവളെ
നോക്കി.മുഖം മൂടി കെട്ടിയ തൂവാല അഴിച്ചു മാറ്റി
ബോധം കെട്ടുറങ്ങുന്ന മുനിയാണ്ടിയെയുംനോക്കി
എല്ലാം മനസ്സിലായെന്ന മട്ടിൽ അവളുടെ മുഖത്തു
നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
“പോരുന്നോ” നിന്നെയും,കൊച്ചിനെയും ഞാൻ
പൊറുപ്പിച്ചോളാമെടീ”
“അയ്യോ വേണ്ടെന്റെ വേലപ്പണ്ണാ, ഇന്ന് രാത്രി
അണ്ണൻ പറയുന്നതെന്തും ഞാൻ അനുസരിച്ചോളാം.കോട്ടയത്ത് തിരികെ ഒന്നു എത്തിച്ചു തന്നാൽ മതി.വേലയെടുത്ത് എങ്ങനേലും കൊച്ചിനെ വളർത്തിക്കോളാം.
“അതൊന്നും പറ്റത്തില്ല. എനിക്കു തോന്നുമ്പോഴാക്കെ നിൻറെയടുത്ത് ഞാൻ വരും.
സമ്മതമാണേൽ കേറ് ,ഇല്ലെങ്കിൽ ഈ ശവത്തിന്
കാവലു കിടക്ക് ,കുറച്ചു കഴിയുമ്പം തള്ളേം ,മോളേം
ആരേലും റാഞ്ചി ക്കൊണ്ടു പൊയ്ക്കോളും”.
നാശം. അയാള് വണ്ടിയിൽ കേറിക്കഴിഞ്ഞു.
“അയ്യോ നില്ലണ്ണാ, അണ്ണൻ പറയുന്നതെന്തും കേട്ടോളാം.”
“അങ്ങനെ വഴിക്കു വാ..തങ്കക്കുടമേ”
ഉറങ്ങിത്തുടങ്ങിയ മകളെ വിളിച്ചുണർത്തി വണ്ടിയിൽ കയറ്റി. ചിണുങ്ങാൻ തുടങ്ങിയ
അവളുടെ വായ് പൊത്തിപ്പിടിച്ചു.മുനിയാണ്ടി ഉണരണ്ട.
സാധനങ്ങളൊക്കെ വണ്ടിയിലെടുത്തു വയ്ക്കാൻ
വേലപ്പനും സഹായിച്ചു.
വണ്ടി നീങ്ങിതുടങ്ങിയപ്പോൾ തല ചെരിച്ച് വെളിയിലേക്ക് അവളൊന്നു പാളി നോക്കി.
മുനിയാണ്ടി അപ്പോഴും ബോധം കെട്ടുറങ്ങുന്നത്
അരണ്ട നിലാവെളിച്ചത്തിൽ കാണാമായിരുന്നു.

About The Author

One thought on “നിറം മാറേണ്ടവർ – മിനി സുരേഷ്”
  1. ഇങ്ങനെയുമുണ്ടൊരു ജീവിത ദുരിതം
    അതിന്റെ നേർചിത്രം !

Leave a Reply

Your email address will not be published. Required fields are marked *