LIMA WORLD LIBRARY

ഇന്ത്യ പ്രവാസികളെ വലക്കുന്നു

ഇന്ത്യൻ വാക്സിനുകളുടെ അംഗീകാരവും ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്ക് യുകെ ഏർപ്പെടുത്തിയ ഐസൊലേഷനും സംബന്ധിച്ച പ്രശ്നത്തിൽ ബ്രിട്ടന്  അതേ  നാണയത്തിലുള്ള ഇന്ത്യയുടെ തിരിച്ചടി.

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കെല്ലാം ഐസൊലേഷൻ ഏർപ്പെടുത്തിക്കൊണ്ടുള്ള തിരിച്ചടി, പക്ഷേ, കൂടുതൽ ബുദ്ധിമുട്ടിക്കുക യുകെയിലെ ഇന്ത്യൻ പ്രവാസികളെയുമാകും.

കഴിഞ്ഞ ഒരുമാസമായി കത്തിനിൽക്കുന്ന വിഷയത്തിൽ ഇന്നലെയാണ് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചത്. ന്യുയോർക്കിലെ യു.എൻ. സമ്മേളനത്തിൽ വച്ച് നടത്തിയ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കുശേഷവും ബ്രിട്ടൻ, ഐസൊലേഷൻ നിയമത്തിൽ മാറ്റമൊന്നും വരുത്താത്തതിനാൽ, അതേനാണയത്തിൽ തന്നെ തിരിച്ചടിയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.

യുകെയിൽ നിന്നെത്തുന്ന എല്ലാ യുകെ പൗരന്മാർക്കും പുതിയ നിയന്ത്രണം ബാധകമാകും. 

യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് കോവിഡ് 19 ആർ.ടി. പിസിആർ  ടെസ്റ്റ് നടത്തണം.

എയർപോർട്ടിൽ എത്തുമ്പോൾ വീണ്ടും കോവിഡ് 19 ആർ.ടി. പിസിആർ  ടെസ്റ്റ് നടത്തണം.

10 ദിവസം വീട്ടിലോ താമസ സ്ഥലത്തോ  ഐസൊലേഷനിൽ കഴിയണം.

എട്ടാമത്തെ ദിവസം വീണ്ടും കോവിഡ് 19 ആർ.ടി. പിസിആർ  ടെസ്റ്റ് നടത്തണം.

ഒക്ടോബർ 4 തിങ്കളാഴ്‌ച  മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

ഇന്ത്യയിൽ എത്തുന്ന ബ്രിട്ടീഷ് പൗരന്മാർ എത്രഡോസ്  വാക്സിൻ എടുത്തു, ഏത് വാക്സിനാണ് എടുത്തിട്ടുള്ളത് എന്നുള്ളതൊന്നും ഈ നിയമം നടപ്പിലാക്കുന്നതിൽ ബാധകമല്ല.

എന്നാൽ ഇന്ത്യയുടെ ഈ നിയന്ത്രണം കൂടുതൽ വലയ്ക്കുക യുകെയിലെ ഇന്ത്യക്കാരായ പ്രവാസികളെയാകും എന്നാണ് പൊതുവെ ഉയരുന്ന ആശങ്ക. കാരണം കോവിഡും കേരളത്തിലെ വെള്ളപ്പൊക്കവുമെല്ലാം മൂലം മൂന്നോ നാലോ വർഷത്തിന് ശേഷമാണ് യുകെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുങ്ങിയത്.

അതുപോലെ ബ്രിട്ടീഷ് പൗരത്വം ഇല്ലാത്ത ഇന്ത്യക്കാർ നാട്ടിൽ വരുമ്പോൾ ഈ നിയമം അനുസരിക്കണോയെന്ന കാര്യവും ഇപ്പോഴത്തെ ഓർഡറിൽ വ്യക്തമല്ല. 

ഇന്ത്യയിൽ നിന്ന് കോവിഷീൽഡോ  അല്ലെങ്കിൽ കോവാക്‌സിനോ എടുത്തിട്ടുള്ള, യുകെയിൽ നിന്നും വരുന്നവരെ സംബന്ധിച്ചും ഏതുരീതിയിലാകും ഈ നിയമം ബാധിക്കുകയെന്നും അറിയിപ്പിലില്ല. ഇന്ത്യയിൽ നിന്നും യുകെയിൽ പഠിക്കാനായി എത്തിയിട്ടുള്ള വിദ്യാര്ഥികളാകും കൂടുതൽ ഈഗണത്തിൽ വരിക.

ഇന്ത്യയിലെത്തുന്ന എല്ലാ യുകെ പൗരന്മാർക്കും ബാധകമായ പുതിയ നിയന്ത്രണങ്ങളുടെ വിശദമായ റിപ്പോർട്ട്  ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതുപോലെ ഇന്ത്യൻ സർക്കാരുമായി അതിവേഗമുള്ള പ്രശ്‌നപരിഹാരത്തിന് കൂടുതൽ ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവും അറിയിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px