LIMA WORLD LIBRARY

ചിത്രം’ തെളിയാതെ തിയറ്ററുകള്‍; കൂടുതല്‍ സിനിമകള്‍ ഒടിടിയിലേക്ക്

തിയറ്ററുകള്‍ തുറക്കാന്‍ അനുമതിയായെങ്കിലും മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ അടക്കം കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലേക്ക് പോയേക്കുമെന്ന് സൂചന. എണ്‍പത് സിനിമകള്‍ റിലീസ് ചെയ്യാന്‍ ബാക്കിനില്‍ക്കെ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമെ പ്രവേശനമുള്ളുവെന്ന നിലപാട് തിയറ്ററുകളില്‍നിന്ന് ജനത്തെ അകറ്റിനിര്‍ത്തുമെന്ന വിലയിരുത്തലിലാണ് നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അടക്കം ഒ.ടി.ടി സാധ്യത തേടുന്നത്. അതിനിടെ സര്‍ക്കാരിന് മുന്നില്‍ സമര്‍പിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാതെ പ്രദര്‍ശനം ആരംഭിക്കാന്‍ കഴിയില്ലെന്നാണ് ബഹുഭൂരിപക്ഷം തിയറ്റര്‍ ഉടമകളുടെയും നിലപാട്.

എറണാകുളം ഷേണായിസ് തിയറ്ററിലെ പ്രൊജക്ടര്‍ ഒാപ്പറേറ്റര്‍ ഹരി ഈ പണി തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. സിനിമയില്ലാതെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുമ്പോഴും ഹരിയെ പോലുള്ളവരെ തിയറ്റര്‍ ഉടമകള്‍ നിലനിര്‍ത്തി. തിയറ്ററുകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഹരിയെ പോലെ പലര്‍ക്കും ആശ്വാസമാകുമ്പോഴും സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങളില്‍ വലിയ സിനിമകളുടെ അടക്കം റിലീസ് വൈകുമെന്നാണ് സൂചന. സംസ്ഥാനത്ത് വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമെ തിയറ്ററില്‍ എത്താന്‍ കഴിയുകയുള്ളുവെന്ന മാനദണ്ഡം ജനത്തെ അകറ്റിനിര്‍ത്തുമെന്ന വിലയിരുത്തലിലാണ് സിനിമാമേഖല. ഈ രീതിയില്‍ തിയറ്ററുകള്‍ ഉടന്‍ സജീവമാകില്ലെന്ന വിലയിരുത്തലിനിടെയാണ് മരയ്ക്കാറും ബ്രോ ഡാഡിയും ട്വല്‍ത് മാനും ഷാജി കൈലാസിന്റെ ഷൂട്ടിങ് തുടരുന്നതടക്കമുള്ള നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒ.ടി.ടി സാധ്യത തേടുന്നത്.

ഇതോടൊപ്പം സര്‍ക്കാരിന് മുന്നില്‍ സമര്‍പിക്കപ്പെട്ട ആവശ്യങ്ങള്‍ പരിഗണിക്കാതെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷം ഉടമകളുടെയും നിലപാട്. തിയറ്ററുകള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നതിന് പുറമെ വിനോദ നികുതി എടുത്തു കളയുകയും ചെയ്യാതെ തിയറ്ററുകള്‍ പ്രവര്‍്ത്തിപ്പിക്കാന്‍ കഴിയില്ല. ഇതോടൊപ്പം കേരള ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍നിന്ന് പത്ത് ലക്ഷം രൂപയെങ്കിലും മിതമായ പലിശയില്‍ രണ്ട് വര്‍ഷ കാലാവധിയില്‍ തിയറ്റര്‍ ഉടമകള്‍ക്ക് വായ്പ ലഭ്യമാക്കണമെന്ന ആവശ്യവും സംഘടന പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px