മഴയുടെ നേർത്ത,
യുത്സവലഹരിയിൽ,
താനേ
മാഞ്ഞു പോകുന്നു,
വെയിലിന്റെ കൂർത്ത
പീഡനലഹരി.
നേരറിവിന്റെ,
യുത്സവലഹരിയിൽ,
കൊഴിഞ്ഞുപോകുന്നു,
അജ്ഞതയുടെ
അധികാരഗർവ്വ്.
മഹാമാരിയുടെ
താൽക്കാലികയിളവിൽ,
യാത്രയുടെ
ഉത്സവാവേശത്തിൽ,
നിശ്ചലതയ്ക്ക് വിരാമം.
ഒരു തുണ്ടുഭൂമിയിൽ
വീണ വിത്തും,
മുളപൊട്ടിയാ,
ലിളംകാറ്റിൽ,
നിശബ്ദമായി,
കൊട്ടുന്നു…
ഒന്നാംകാലം…
വടവൃക്ഷമാകുമ്പോൾ,,
കൊടുങ്കാറ്റിൽ
അഞ്ചാംകാലം…
കൊട്ടിക്കലാശം!
അപ്പോഴേയ്ക്കും,
നാട്ടിലെത്ര,യുത്സവങ്ങൾ
കൊടികയറിയിരിക്കും?
നിരപരാധികളുടെ
മരണ,മുത്സവമാക്കുന്നവർ,
മാറ്റത്തെ,
സർഗ്ഗജീവിതത്തെ,
വെറുക്കുന്നവർ!
ദു:സ്വപ്നത്തി,
ലുത്സവലഹരി
കാണുന്നവർ,
യഥാർത്ഥ
വിപ്ലവസ്വപ്നങ്ങളെ
ഭയക്കുന്നവർ!
കാക്കയ്ക്ക് അടുക്കളമുറ്റത്തെത്തുമ്പോൾ,
ശുചിത്വബോധത്തിന്റെ,
യാനന്ദലഹരി!
കുറുക്കന്
കോഴിക്കൂട് കാണുമ്പോഴും,
അഴിമതിക്കാർക്ക്
കള്ളപ്പണം കാണുമ്പോഴും,
പീഡകർക്ക്
തടവറകൾ കാണുമ്പോഴും,
വേട്ടക്കാർ,
ക്കിരകളെ കാണുമ്പോഴും,
ഒരേ,യുത്സവലഹരി!
യഥാർത്ഥ
ചരിത്രത്തിന്റെ,
യുത്സവലഹരിയുടെ
സാന്ദ്രത,
എത്രയായിരിക്കും?
അയൽക്കാർ
അപ്പം പങ്കുവെക്കുമ്പോഴും,
എല്ലാ അടുക്കളകളും
ഒപ്പം പുകയുമ്പോഴും, നെയ്ത്തുശാലകളിൽ
ഒരുക്കിയ വസ്ത്രങ്ങൾ
ഉടൻ കാലിയാകുമ്പോഴും,
എല്ലാ വയലുകളിലും
കിളികൾ വിശപ്പുമാറി,
കാറ്റിനോട് സൊള്ളുമ്പോഴും,
എല്ലാ കുടിലുകളിലും
പാതിരായ്ക്കുമുൻപേ,
കൂർക്കംവലിയുയരുമ്പോഴും,
നായ്ക്കൾ,
അപരിചിതരുടെ
കൈയ്യിലെ,
യായുധങ്ങൾ
കാണാനിടവരാതെ,
പാതിരായ്ക്ക്
കുരയ്ക്കേണ്ടിവരാതെ,
സുഖമായി ഉറങ്ങുന്ന
കാലം വരുമ്പോഴും,
ചരിത്രം
ഉത്സവലഹരിയിൽ
സ്വയ,മാനന്ദിക്കും!
നാട്ടിലെ
കലോത്സവങ്ങൾ
തിരിച്ചുവരുമെന്ന
സ്വപ്നവുമായി,
ഉറക്കംകാത്തുകിടക്കുമ്പോൾ, ഓർമ്മകളിലെ,
നവരസങ്ങൾ
തുന്നിച്ചേർത്ത
തിരശീലക,ളാകാശംമുട്ടേ
ഒരുമിച്ചുയരുകയായി…
അപ്പോൾ കണ്ട
സ്വപ്നത്തിൽ,
ലോകത്തിലെ
എല്ലാ
സംഗീതോപകരണങ്ങളും
ഒരുമിച്ചുണർന്ന്,
തെരുവിലൂടെ
ഘോഷയാത്രയായി മുന്നോട്ട്…
ചുറ്റുമുള്ള
വീട്ടുമുറ്റത്തേയ്ക്ക്…
ശ്രുതിചേർത്ത,
സ്വപ്നങ്ങളുടെ
വിത്തുകളെറിഞ്ഞ്…
കണ്ണുകാണാത്തവർക്കും കാതുകേൾക്കാത്തവർക്കും എന്തുത്സവം?-
എന്ന ചോദ്യം,
അപ്പോഴും ബാക്കി!
അന്നന്നു
കാണുന്ന സ്വപ്നങ്ങൾ
വിളിച്ചുകൂവാതിരിക്കാനും,
സമഗ്രമാറ്റ,
മാഗ്രഹിക്കാത്ത
ലോകമാണെങ്കിലും,
ചെറിയമാറ്റത്തെപ്പോലും,
നൈമിഷിക,
യുത്സവലഹരിയിലാക്കാനുള്ള
മുദ്രാവാക്യമെങ്കിലും
മുഴക്കാതിരിക്കാനും,
എല്ലാവരുടെയും
ചുണ്ടുകൾ,
മൊത്തമാ,യാരും
പൂട്ടിക്കെട്ടിയിട്ടില്ലല്ലൊ?
ലോകത്തിലെ
മൊത്ത,മുത്സവങ്ങൾ
ഏതെങ്കിലു,
മേകാധിപതി,
യൊന്നു നിരോധിക്കട്ടെ!
കടലിനെപ്പോലെ
കരയിൽ,
‘നിഷ്ക്കാമകർമ്മം’
എന്ന വാക്കിന്റെ
പറയെടുപ്പ് നടക്കും!
എല്ലാവരും
മറന്നുവോ?
“വിപ്ലവം…
ജനങ്ങളുടെ ഉത്സവം!”-മാവോ.
ശാസ്ത്രീയമായ
ചരിത്രബോധത്തിന്റെ
ഉത്സവലഹരിക്കായ്,
കുറച്ചുണ്ണുക…
കുറച്ചുറങ്ങുക…
കൂടുതലുണർന്നിരിക്കുക!
എന്നിട്ട് കണ്ണുകളടച്ച്,
കാതോർക്കുക…
കേൾക്കാം…
ചരിത്രത്തിന്റെ ഉത്സവമേളം!
💓✍️💓
About The Author
No related posts.