ബഹിരാകാശത്തെ ആദ്യ സിനിമാസംഘം തിരിച്ചെത്തി

Facebook
Twitter
WhatsApp
Email

മോസ്കോ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിനു പോയ റഷ്യൻ നടി യൂലിയ പെരെസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ എന്നിവരും ഒലേഗ് നോവിറ്റ്സ്കി എന്ന ബഹിരാകാശ നിലയത്തിലെ യാത്രികനും ഇന്നലെ തിരിച്ചെത്തി.12 ദിവസത്തെ ബഹിരാകാശവാസത്തിനു ശേഷമാണു യൂലിയയും ക്ലിമ്മും എത്തിയത്. നോവിറ്റ്സ്കി 6 മാസമായി നിലയത്തിലാണ്. മൂന്നര മണിക്കൂർ യാത്രയ്ക്കുശേഷം കസഖ്സ്ഥാനിലിറങ്ങിയ ഇവരെ വൈദ്യപരിശോധനയ്ക്കായി മാറ്റി.

‘ചാലഞ്ച്’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണു ബഹിരാകാശത്തു നടന്നത്. ഒരു ബഹിരാകാശ യാത്രികനു രോഗം ബാധിച്ചതിനാൽ ചികിൽസിക്കാനെത്തുന്ന ഡോ.ഷെന്യ എന്ന കാർഡിയാക് സർജന്റെ വേഷമാണു യൂലിയ ചെയ്തത്. ഒലേഗ് നോവിറ്റ്സ്കിയാണു രോഗിയുടെ വേഷം അഭിനയിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണു ചാലഞ്ച്. റഷ്യൻ സർക്കാരിന്റെ ടിവി ചാനലായ ചാനൽ വണ്ണാണു സിനിമയുടെ നിർമാണം.

ഈ മാസം അഞ്ചിനായിരുന്നു യൂലിയയുടെയും ക്ലിമ്മിന്റെയും യാത്ര. ആന്റൺ ഷകപ്ലെറോവെന്ന ബഹിരാകാശയാത്രികനാണ് ഇവരെ നയിച്ചത്. തിരിച്ചെത്തിയ നോവിറ്റ്സ്കിക്കു പകരം ഷകപ്ലെറോവ് നിലയത്തിൽ തുടരും. സംഘം തിരിച്ചിറങ്ങിയതിന്റെ ദൃശ്യങ്ങളും ചാലഞ്ചിൽ ഉപയോഗിക്കുന്നുണ്ട്.

ടോം ക്രൂസിനെ വെട്ടിച്ച യൂലിയ

ഹോളിവുഡ് താരം ടോം ക്രൂസ് തന്റെ പുതിയ സിനിമയിലൂടെ ബഹിരാകാശത്തെത്തുന്ന ആദ്യ അഭിനേതാവാകാൻ കുറച്ചുനാളായി ഒരുങ്ങുകയായിരുന്നു. നാസ, സ്പേസ് എക്സ് തുടങ്ങിയവരുടെ സഹകരണവും ക്രൂസിനുണ്ടായിരുന്നു.  എന്നാൽ ക്രൂസിന്റെ സ്വപ്നത്തെ യൂലിയയുടെ (37) പൊടുന്നനെയുള്ള യാത്ര തകർത്തുകളഞ്ഞു. 2006 മുതൽ അഭിനയരംഗത്തുണ്ട്. ഫോഗ് (2012), ബാറ്റിൽ ഫോർ സെവാസ്റ്റോപോൽ (2015) തുടങ്ങിയവ ശ്രദ്ധേയചിത്രങ്ങളാണ്.

English Summary: Russian crew to return to Earth after filming first movie in space

About The Author

Leave a Reply

Your email address will not be published. Required fields are marked *