LIMA WORLD LIBRARY

ജര്‍മനിയില്‍ പണപ്പെരുപ്പം ; വില കുതിച്ചുകയറുന്നു

ബര്‍ലിന്‍∙ ജര്‍മനിയില്‍ പണപ്പെരുപ്പം വർധിച്ചതിനാല്‍ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ ഏറെ അസ്വസ്തമാക്കുന്നത് തുടരുകയാണ്. ഭക്ഷണ സാമഗ്രികള്‍, വൈദ്യുതി, ഗ്യാസ്, ഇന്ധനം, കെട്ടിടവാടക, ഹെയര്‍ഡ്രെസിങ് തുടങ്ങിയവയ്ക്കൊക്കെ വിലകൂടിയിരിക്കുകയാണ്. ശരത്കാലത്തിന് ശേഷവും ഈ നില തുടരുമെന്നാണ് സൂചന. ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫിസ് അനുസരിച്ച്, ഉപഭോക്തൃ വിലകള്‍ വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇത്തവണ 4.1 ശതമാനം. 1993 ഡിസംബറിന് ശേഷം ആദ്യമായി ഈ സെപ്റ്റംബറില്‍ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

അതുകൊണ്ടുതന്നെ ഇന്ധനവിലയും തീപിടിച്ചിരിക്കയാണ്. എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഡീസലിന്റെ വില റെക്കോര്‍ഡ് ഉയരത്തിലെത്തി.

ഇന്ധനത്തിന് അതായത് പെട്രോളിന് ലിറ്ററിന് ഏതാണ്ട് രണ്ടു യൂറോയോളം വില നല്‍കേണ്ടിവരും. ഇതിന്റെയടിസ്ഥാനത്തില്‍ രാജ്യത്തുള്ളവര്‍ അയല്‍ രാജ്യമായ ചെക്ക് റിപ്പബ്ളിക്കിലെ പെട്രോള്‍ സ്റ്റേഷനുകളെ അഭയം പ്രാപിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇവിടെ ജർമനിയെ അപേക്ഷിച്ച് 44 സെന്റിലധികം വില കുറവുണ്ട്.മുന്‍പ് ജര്‍മനിയെ അപേക്ഷിച്ച് ലക്സംബര്‍ഗില്‍ ഇന്ധനവില കുറവായിരുന്നതിനാല്‍ ജര്‍മന്‍കാര്‍ അവിടെപോയി ഇന്ധനം വാങ്ങുമായിരുന്നു. എന്നാല്‍ ലക്സംബര്‍ഗില്‍ നികുതി വർധിപ്പിച്ചതിനാല്‍ ഇപ്പോള്‍ ജര്‍മനിയിലെ വിലയുമായി വലിയ വ്യത്യാസമില്ലാതെ വന്നിരിക്കുകയാണ്. എന്നാല്‍ ഇന്ധനം ടാങ്ക് ചെയ്യാന്‍ ചെക്ക് റിപ്പബ്ളിക്കിലേയ്ക്ക് വാഹനവുമായി പോകുന്നവര്‍ ടാങ്ക് ചെയ്യുന്നതിനു പുറമെ ജാറുകളിലും ഇന്ധനം നിറച്ചു വാങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ 28 വര്‍ഷമായി ഇല്ലാത്തതു പോലെയുള്ള വിലക്കയറ്റമാണു ജർമനിയില്‍ നിലവില്‍ ഉണ്ടായിരിക്കുന്നത്. കൂടാതെ പതിറ്റാണ്ടുകളിലെ ഏറ്റവും ചെലവേറിയ ശൈത്യമാണ് ഇനിയും ജര്‍മ്മനി അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, കൂടുതല്‍ ജർമന്‍കാര്‍ അയല്‍ രാജ്യത്തു പോയി ഇന്ധനം ശേഖരിക്കുന്നു. ഏകദേശം 30 ശതമാനം വർധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തുന്നത്.

ജർമനിയില്‍ ഡീസല്‍ പെട്രോള്‍ വില റെക്കോര്‍ഡ് ഉയരത്തിലേക്ക് അടുക്കുന്നു. യൂറോപ്യന്‍ മോട്ടോര്‍ അസോസിയേഷന്‍ പറയുന്നതനുസരിച്ച് ഞായറാഴ്ച വരെ, ഒരു ലിറ്റര്‍ ഡീസലിന്റെ ദേശീയ വില 1.555 യൂറോയായിരുന്നു. ഇത് 2012 ഓഗസ്ററ് 26 ന് ലിറ്ററിന് 1.554 രൂപ എന്ന മുന്‍ റെക്കോര്‍ഡ് വിലയ്ക്ക് മുകളിലാണ്.

ഓര്‍ഗാനിക് ഘടകങ്ങളുള്ള ഒരു തരം പെട്രോള്‍ സൂപ്പര്‍ ഇ 10 ന്റെ വില ഞായറാഴ്ച ലിറ്ററിന് 1.667 രൂപയായിരുന്നു ~ 2012 സെപ്റ്റംബര്‍ 13 ന് എത്തിച്ചേര്‍ന്ന മുന്‍ റെക്കോര്‍ഡ് വിലയായ 1.709 രൂപയില്‍ നിന്ന് 4.2 സെന്‍റ് കുറവ്. ജർമനിയിലെ ഇന്ധനവില മാസങ്ങളായി കുതിച്ചുയരുകയാണ്.

ഡീസലിന്റെയും പ്രകൃതി വാതകത്തിന്റെയും കാര്യത്തില്‍, വീടുകള്‍ ചൂടാക്കാനുള്ള എണ്ണയുടെ ആവശ്യകതയാണ് പ്രശ്നം വര്‍ദ്ധിപ്പിച്ചത്, ഇത് ശരത്കാലത്തും ശൈത്യകാലത്തും ഉയരും. വര്‍ഷത്തിന്റെ തുടക്കം മുതല്‍, സര്‍ക്കാരിന്റെ കാര്‍ബണ്‍ നികുതി നിലവില്‍ ഒരു ടണ്ണിന് 25 യൂറോയാണ്.

English Summary : German inflation rises at fastest rate in 28 years

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px