LIMA WORLD LIBRARY

സന്ധ്യ മയങ്ങുമ്പോൾ – സൂസൻ പാലാത്ര

സന്ധ്യ മയങ്ങുന്ന
നേരമെന്നമ്മത-
ന്നാനനമോർമ്മയി-
ലെന്നുമെത്തും
ബാല്യകൗമാരങ്ങ –
ളമ്മതൻ നിർമ്മല
സ്നേഹമാധുര്യം
നുകർന്നിരുന്നു.
അന്തിക്കതിരോ-
നൊളിക്കുന്ന നേരത്തു
ചൊല്ലിടുമെന്നെ
വിളിച്ചു നിത്യം
കോഴി തൻ കൂടട –
ച്ചീടണമാടിനെ
കൂട്ടിൽ കയറ്റീട്ടു
വന്നിടേണം
എത്തും പരിശുദ്ധാ-
ത്മാവും ദുരാത്മാവും
ലക്ഷ്മി മൂശേട്ടയു-
മന്തിനേരം
സർവ്വേശ്വരനെ
മനസ്സിൽ നിറച്ചു നീ
ചെന്നു ദീപങ്ങൾ
തെളിച്ചിടേണം
അർക്കൻമറഞ്ഞിരു-
ളെത്തുന്ന നേരത്തു
പ്രാർത്ഥിക്കുമമ്മയോ –
ടൊപ്പമെന്നും
അമ്മതൻ വാക്കുകൾ
കേട്ടു നടന്നൊരാ
ബാല്യകൗമാരങ്ങ –
ളോർത്തിടുമ്പോൾ
തേങ്ങിടുന്നെന്മന –
മാമുഖം കാണുവാ-
നാവില്ലൊരിക്കലു-
മെന്നതിനാൽ
സന്ധ്യ മയങ്ങുന്ന
നേരത്തണഞ്ഞിടു –
ന്നമ്മയെൻ ഹൃത്തിൽ
പ്രകാശമായി.

(മഞ്ജരി വൃത്തം)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px