ഒന്ന്
തൊടിയിൽ
ഇരുട്ടിൽ
ഒറ്റയ്ക്ക് നിൽക്കും
മരങ്ങൾക്കിടയിൽ
ഇലയനക്കങ്ങളില്ലാതെ
ഒറ്റയാനായി
രാത്രി.
ഞാനുറക്കത്തിൽ
ഞെട്ടിയുണർന്ന്
ജനൽപ്പാളിയിലൂടെ
എത്തിനോക്കും.
എന്തൊരു നിശ്ശബ്ദത.
വിറയ്ക്കുന്ന കാലുകൾ
വലിച്ചിഴച്ചു
മെത്തയിലേക്കൊരു
വീഴ്‌ച്ചയുണ്ട്
രാത്രിയും
ഞാനും.
രണ്ട്
ഹാങ്ങറിൽത്തൂങ്ങി
ഉണങ്ങാനിട്ട ഷർട്ടിൽ
കാറ്റടിക്കുമ്പോൾ
ആരോ ഒരാളതിന്നുള്ളിലുണ്ടെന്ന്
വീർത്തു വരും.
ഞാനല്ല,
അത്രയും തടിച്ചതല്ല
എന്റെയുടൽ.
മൂന്ന്
രാത്രി
പുറത്തഴിച്ചുവച്ച
ചെരിപ്പെടുത്തു
അകത്തിടും.
ഉറങ്ങിയെഴുന്നേൽക്കുമ്പോഴേക്കും
ലോകം മുഴുവൻ
ചുറ്റിയെത്തുമെന്ന്
പേടിക്കും.
എന്റെ കാലളവാണ്
ചെരിപ്പിന്റെയുടലളവ്.
****************************** *
രാജന്‍ സി എച്ച്
വരദ
നരവൂര്‍
കൂത്തുപറമ്പ്












പുതുമയുള്ളതും മനോഹരവുമായ വരികൾ