മൗനം എന്ന
നിമിഷകവിത
(കവികളായ
എ.അയ്യപ്പന്റെയും,
മുല്ലനേഴിയുടെയും
സ്മരണകൾക്ക് മുൻപിൽ
സമർപ്പണം)
✍️
ചോളമണികൾ
ഉതിർന്നു
വീഴുംപോലെ,
പറക്കാൻ തുടങ്ങും
കുഞ്ഞുപക്ഷിയുടെ
ആദ്യ തൂവൽ
കൊഴിയുംപോലെ,
കാലത്തിന്റെ
സ്വപ്നക്കൂടിൽനിന്നും,
ഭാവനയുടെ
അനർഘ
നിമിഷങ്ങൾ,
അടർന്നു
വീഴുമ്പോൾ…
കണ്ണുകളടച്ച്,
ഒന്നു
കാതോർക്കൂ…
മൗനത്തിന്റെ
പ്രണയഭാഷ,
ആത്മസമർപ്പണത്തിന്റെ
നിമിഷ
കവിതകൾക്കായ്,
ഇരുട്ടിൽ
ഏകയായി,
സ്വയം
തൂലിക
ചലിപ്പിക്കുന്നതിന്റെ
മർമ്മരങ്ങൾ
കേൾക്കാം…











