LIMA WORLD LIBRARY

സുഡാനിൽ പട്ടാളഭരണം, അടിയന്തരാവസ്ഥ; പ്രധാനമന്ത്രി അറസ്റ്റിൽ

കയ്റോ ∙ വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ പ്രധാനമന്ത്രി അബ്ദല്ല ഹംദുക്കിനെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് സൈനിക ജനറൽ അബ്ദൽ ഫത്താഹ് ബുർഹാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഖാർത്തൂമിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനത്തിനുനേരെ സൈന്യം നടത്തിയ വെടിവയ്പിൽ 3 പേർ മരിച്ചു. 80 പേർക്കു പരുക്കുണ്ട്.

പ്രധാനമന്ത്രിയും കുടുംബവും ഉൾപ്പെടെയുള്ളവർ എവിടെയാണെന്നു വിവരമില്ല. അട്ടിമറിയെ പിന്തുണച്ചു പ്രസ്താവനയിറക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഹംദുക്കിനെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയതായാണു റിപ്പോർട്ട്. ഒന്നരവർഷം മുൻപ് ഹംദുക്കിനു നേരെ വധശ്രമം നടന്നിരുന്നു.രാഷ്ട്രീയ അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്ന സുഡാനിൽ യുഎസ് സഹായം സംബന്ധിച്ച ചർച്ചകൾക്കെത്തിയ പ്രത്യേക പ്രതിനിധി ജെഫ്രി ഫെൽറ്റ്മാൻ മടങ്ങിയതിനു പിന്നാലെയാണ് പട്ടാള അട്ടിമറി.

രാഷ്ട്രീയ ചേരികൾ തമ്മിലുള്ള കലഹം രൂക്ഷമായതോടെ പട്ടാളത്തിന് ഇടപെടേണ്ടി വന്നെന്നും തിരഞ്ഞെടുപ്പു നടത്തി ജനാധിപത്യ ഭരണത്തിലേക്കുള്ള മാറ്റം പൂർത്തിയാക്കുമെന്നും ജനറൽ ബുർഹാൻ പ്രഖ്യാപിച്ചു.

2019ൽ രാജ്യത്തു ജനാധിപത്യ പ്രക്ഷോഭം ശക്തമായതോടെ പ്രസിഡന്റ് ഒമർ അൽ ബഷിറിന്റെ ഏകാധിപത്യം അവസാനിപ്പിച്ച് സൈന്യം തന്നെയാണ് ഹംദുക്കിന്റെ സർക്കാരിനെ നിയമിച്ചത്. തുടർന്ന് പട്ടാളവും പൗരപ്രതിനിധികളും അധികാരം പങ്കിടുന്ന സമ്പ്രദായം കൊണ്ടുവന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും യുഎൻ മുൻ ഉദ്യോഗസ്ഥനുമാണു ഹംദുക്. ബ്രിട്ടന്റെയും ഈജിപ്തിന്റെയും സംയുക്ത ഭരണത്തിൽ നിന്ന് 1956 ലാണു സുഡാൻ സ്വതന്ത്രമായത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px