വരണ്ടുണങ്ങിയ ചെമ്പകപ്പാടത്തിനക്കരെ
വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്നു ഒരു
മിഴിനീര്‍ത്തുള്ളി പോലെന്‍ കണ്ണും
കരളും, കവിതയും കനവുകളും
ആരെന്‍റെ കവിതയെ കട്ടെടുത്തു, ഏതു ചെറുമന്‍
ആ കല്ലുകൊണ്ട് ഒരു കടവ് പണിതു
ആ കടവിനക്കരെയതാ പൊന്തി നില്‍പ്പൂ
അംബരചുംബിയാം ഒരു അണക്കെട്ടിന്‍ അസ്ഥികള്‍
ആരറിയാന്‍ എന്‍റെ നെഞ്ചിനുള്ളിലെ
നെരിപ്പോടില്‍ ഒരു കാവുതീണ്ടലിന്‍ വേദന
ആരറിയാന്‍ ആറിനക്കരെ നിന്ന് ഞാന്‍
കാറിക്കരഞ്ഞതും കരളിനെയുടച്ചതും
അണക്കെട്ടിനകത്തു നിന്നായിരങ്ങളുടെ വിളി
അതെന്‍റെ കാതുകളില്‍ ശരണനിലവിളി
ആയിരങ്ങള്‍ ചത്തു പൊന്തുന്നു, ശവങ്ങള്‍
നീര്‍ച്ചുഴികളില്‍ അലഞ്ഞുതിരിയുന്നു
അറിയില്ലായൊന്നും, ആരുടേതെന്നും
തിരിച്ചറിയാന്‍ അവര്‍ക്കു കനവുകളില്ലല്ലോ?
ഇന്നെന്‍റെ കടവുകള്‍ എനിക്ക് നഷ്ടമായി
ഇന്നന്‍റെ കനവുകളില്‍ ആറുമില്ല, ആരുമില്ല
അണക്കെട്ടിന്‍ പാത്തിയില്‍ ശ്മശാനഭൂമിയില്‍
അസ്ഥികൂടമായി ഒരു പൊത്തുഭിത്തി മാത്രം !











