മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. രാത്രി ഒന്‍പത് മണിയോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. കേരളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ രണ്ട് ഷട്ടർ ഉയർത്തിയിരുന്നു. അണക്കെട്ടിലെ 2,3,4 ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്. പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയരും. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ചരിത്രത്തിലാദ്യമായാണ് കേരളത്തിൽനിന്നുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുല്ലപ്പെരിയാറിൽ ഷട്ടർ ഉയർത്തുന്നത്. രാവിലെ ആറേ മുക്കാലോടെ മന്ത്രിതല സംഘം അണക്കെട്ടിലെത്തി. ഏഴ് മണിക്ക് ആദ്യ സൈറൺ. ഏഴേക്കാലോടെ രണ്ടാമത്തേത്. മൂന്നാം സൈറണ് പിന്നാലെ 7.29ന് സ്പിൽവേ ഷട്ടർ ഉയർത്തി വെള്ളം കേരളത്തിലേക്ക്. ജലനിരപ്പ് 138അടിയിലേക്ക് നിജപ്പെടുത്തുകയാണ് തമിഴ്നാടിൻ്റെ ലക്ഷ്യം. അതിന് കൂടുതൽ ജലം കേരളത്തിലേക്ക് ഒഴുക്കാൻ തമിഴ്നാട് നിർബന്ധിതരാകും.
പെരിയാറിലെ ജലനിരപ്പ് കാര്യമായി ഉയർന്നില്ലെങ്കിലും റെഡ് അലർട്ടിന് തുല്യമായ ജാഗ്രത തുടരണം. അടുത്ത ദിവസങ്ങളിലും ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മുന്നറിയിപ്പുകൾ പച്ചതൊടുന്നതുവരെ കരുതൽ തുടരണമെന്നാണ് നിർദേശം.













