LIMA WORLD LIBRARY

റോമിൽ ജി 20 ഉച്ചകോടി തുടങ്ങി; വാക്സീൻ അസമത്വം തീർക്കാൻ ആഹ്വാനം

റോം ∙ ആഗോള സാമ്പത്തികനിലയും പൊതുആരോഗ്യവും മുഖ്യ ചർച്ചാവിഷയമായി ജി–20 ഉച്ചകോടിക്കു റോമിൽ തുടക്കമായി. കോവിഡ് മൂലം 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ലോകനേതാക്കൾ ഒത്തുചേരുന്നത്.

പാവപ്പെട്ട രാജ്യങ്ങൾക്കു വാക്സീൻ എത്തിക്കാനുള്ള ശ്രമങ്ങൾ വികസിതരാജ്യങ്ങൾ ഊർജിതമാക്കണമെന്ന് ആതിഥേയരായ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ആഹ്വാനം ചെയ്തു. സമ്പന്ന രാജ്യങ്ങളിലെ 70% ജനങ്ങളും ഇതിനകം കോവിഡ് വാക്സീൻ സ്വീകരിച്ചുകഴിഞ്ഞു. അതേസമയം, പാവപ്പെട്ട രാജ്യങ്ങളിൽ 3 ശതമാനത്തിനു മാത്രമാണു വാക്സീൻ ലഭിച്ചിട്ടുള്ളത്. ഇത് അധാർമികമാണെന്നു ദ്രാഗി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങൾക്കു 2 കോടി വാക്സീൻ നൽകുമെന്നു യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.

2023 ആകുമ്പോഴേക്കും ലോകവ്യാപകമായി കുറഞ്ഞ കോർപറേറ്റ് നികുതി 15 % ആക്കാനുള്ള നീക്കത്തിനു ജി–20 ഉച്ചകോടി ഔദ്യോഗികമായി അംഗീകാരം നൽകും. ഇന്ധനവില നിയന്ത്രിക്കാനായി ഉൽപാദനം വർധിപ്പിക്കണമെന്ന യുഎസ് ആവശ്യം സൗദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ തള്ളിയിരുന്നു. സൗദി അടക്കം പ്രമുഖ എണ്ണ ഉൽപാദക രാജ്യങ്ങളും പങ്കെടുക്കുന്ന ഉച്ചകോടി ഈ വിഷയവും ചർച്ചയ്ക്കെടുക്കും. കാലാവസ്ഥ വ്യതിയാനമാണു അജൻഡയിലുള്ള മറ്റൊരു പ്രധാന വിഷയം. നാളെ യുകെയിലെ ഗ്ലാസ്ഗോയിൽ ആരംഭിക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ ഭൂരിപക്ഷം ജി 20 നേതാക്കളും പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജർമൻ ചാൻസലർ അംഗല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവരടക്കം രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിലുണ്ട്. ചൈന, റഷ്യ പ്രസിഡന്റുമാർ വിഡിയോ വഴിയാണു പങ്കെടുക്കുന്നത്. പ്രധാന സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്ന ആഗോള കൂട്ടായ്മയാണു ജി–20.

English Summary: G20 summit begins

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px