LIMA WORLD LIBRARY

ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്റെ അ​ഞ്ച് ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ ഡാമിന്റെ അ​ഞ്ച് ഷട്ടറുകൾ അടച്ചു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. അതേ സമയം ഡാമിന്റെ മേല്‍നോട്ടത്തില്‍ വീഴ്ച്ചയുണ്ടായി എന്ന വിമര്‍ശനങ്ങള്‍ക്കിടെ മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം സന്ദർശിച്ചു.

70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകളാണ് രാവിലെ അടച്ചത്. വൈകിട്ടോടെ 4 ാം ഷട്ടറും അടച്ചു. 2,3, ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം മാത്രമാണ് ഉയർത്തിയിട്ടുള്ളത്. കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്നാടിന് നവംബർ 1 മുതൽ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്താം. തുലാവർഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാൻ തമിഴ്നാട് ശ്രമിക്കുന്നില്ല. ജലനിരപ്പ് 138 അടിയിലേക്ക് കുറഞ്ഞതോടെയാണ് നാല് ഷട്ടറുകൾ അടയ്ക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്.

അതേസമയം ഡാമിന്റെ മേല്‍നോട്ടത്തില്‍ വീഴ്ച്ചയുണ്ടായി എന്ന് നിയമസഭയിലടക്കം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കിടെ ഉപസമിതി ഡാം സന്ദര്‍ശിച്ചു. കേന്ദ്ര ജലക്കമ്മിഷൻ എക്സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളുമുണ്ട്. വിശദമായ റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് കൈമാറും. ഒക്ടോബര്‍ 31 വരെ 138 അടി എന്ന റൂള്‍ കര്‍വ് പാലിക്കാന്‍ തമിഴ്നാട് തയാറാകാത്തതിലുള്ള വിമര്‍ശനം കേരളമുന്നയിച്ചിട്ടുണ്ട്. നവംബർ 11 ന് മുല്ലപ്പെരിയാർ വിഷയം വീണ്ടും പരിഗണിക്കുമ്പോള്‍ ഇകാര്യം കേരളം സുപ്രീം കോടതിയെ അറിയിക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും നീരൊഴുക്ക് ശക്തമല്ലാത്തത് ആശ്വാസമാണ്. വരും ദിവസങ്ങളില്‍ മഴയുടെ തോത് പരിശോധിച്ച് ബാക്കി ഷട്ടറുകള്‍ കൂടെ അടച്ചേക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px