LIMA WORLD LIBRARY

ഷാജി ജ്വലിക്കുമ്പോൾ – ഡോ. അജയ് നാരായണൻ

വാർത്ത –
“ഹാ! ഇന്നത്തെ ചുടുവാർത്ത…
പെട്രോളിന് വെലകൂടി, നാട്ടുകാർക്കുവേണ്ടി ഞങ്ങൾ റോഡ് തടയൽ സമരം”.
“ഓ, ഇത് സാധാരണ കാര്യം അല്ലേ”.
“അതല്ലെടോ. പിന്നീടല്ലേ തെരുവുനാടകം. ഇന്നേവരെ നിനക്കൊന്നും സാധിക്കാത്ത കാര്യമല്ലേ അയാൾ ചെയ്തത്, ഒറ്റയ്ക്ക്!”
സംഭവങ്ങളുടെ 3D –
ഷാജീ, ഇന്നലെവരെ
നിങ്ങളൊരു സാദാ വ്യക്തിയായിരുന്നു!
ഇന്നുപക്ഷേ,
വെള്ളകീറിയപ്പോൾ
സ്വേച്ഛയാൽ
നിന്റെ ആകാശവാതിലുകൾ
തുറന്നു നീ പുറത്തുവന്നു
ലക്ഷ്മണരേഖകൾ തുടച്ചുമാറ്റി
ചില ചോദ്യങ്ങൾ വായുവിൽ തൂക്കിയിട്ടപ്പോൾ
നീ മറ്റെന്തോ ആയി
ആഭാസൻ
താന്തോന്നി
മദ്യപാനി
സാമൂഹ്യവിരുദ്ധൻ
നീചൻ
കീചകൻ…
ഷാജീ, ഇന്നലെവരെ നീ
വെറുമൊരു നിഴലായിരുന്നു
പ്രതിമയായിരുന്നു
നിശബ്ദഭാവത്തിൽ
നിസ്സംഗരൂപത്തിൽ
മുഖമില്ലാതെ
അരികുപിടിച്ചുനടന്ന
ലക്കുകെട്ട മരപ്പാവ!
സ്വന്തം കാലിൽ
സ്വയം താങ്ങി
ജീവിതപാലത്തിന്നക്കരെയിക്കരെയിഴഞ്ഞുനടന്നു
പാവക്കൂത്താടിയ
പാഴ്മരപ്പാവ പോലെയൊരു മനുഷ്യൻ
കാലമാം പെരുന്തച്ചന്റെ ചിന്തയിൽ
ഉയിരെടുത്തവൻ
ഹൃദയത്തിന്റെ
അതിജീവനത്തിനായി
അസ്തിത്വത്തിന്റെ
പുനർജനിക്കായി
വെള്ളിത്തിരയുടെ
നിഴലുകൾക്കു പിന്നിൽ
വന്നുപോയവൻ
പിന്നെപ്പിന്നെ മുന്നിലേക്ക്
കയറിവന്നവൻ
നടനത്തിൽ അഗ്രഗണ്യൻ
ഒറ്റയ്ക്ക് കാതങ്ങളേറെ
താണ്ടിയവൻ
ആയിരങ്ങളുടെ
ആരാധനാവിഗ്രഹം…
ഇന്നോ നീയൊരു
പ്രസ്ഥാനത്തിനുനേരേ
ചൂണ്ടുവിരലുണർത്തി
വിപ്ലവക്കവിത കുറിച്ചു
ശബ്ദത്തെ പക്ഷികളാക്കി
ആകാശത്തേക്ക് പറത്തിവിട്ടു
ഒരു ചെറുചിന്തയെ
മറ്റുള്ളവരുടേതുമാക്കി
നടുറോട്ടിൽ നേർക്കുനേരേ നിന്ന്
നിലപാടറിയിച്ചവൻ, ഷാജി!
പകച്ചുപോയി പ്രസ്ഥാനം
ശബ്ദായമാനമൊരാശയം
മുദ്രാവാക്യമായുരുൾപൊട്ടി
ഘടികാരങ്ങൾ വീണുടഞ്ഞു
ആത്മവിശ്വാസത്തിന്റെ
കണ്ണാടിക്കൂടു തകർന്നു
വാക്കുകളസഭ്യത്തിരമാലകളായാകാശം മുട്ടി!
ഹേ, മനുഷ്യാ!
നിനക്കായി
ഞങ്ങളുയർത്തുന്നു
കൊടിയും സ്വരവും
നീ നിശബ്ദനാവുക,
ശിരസ്സു നമിക്കുക,
അനുസരിക്കുക,
കാത്തുകാത്തു വെന്തുരുകുക
നീയില്ലാതാകുക!
പ്രസ്ഥാനത്തിനെതിരോ നീ
സമൂഹത്തിനു ശത്രുവോ നീ
പുതിയ പ്രസ്ഥാനമോ നീ?
വടംവലിയോ
ബലാബലങ്ങൾ തമ്മിലൊരു
ദ്വന്ദയുദ്ധമോ
കാലത്തിൻ വെല്ലുവിളിയോ
നിന്റെയാരവങ്ങൾ?
വാർത്ത കഴിഞ്ഞപ്പോൾ വായുവിൽ ആത്മഗതങ്ങൾ പടരുന്നു.
ഷാജീ, ഇപ്പോൾ നീയുമൊരു
പ്രസ്ഥാനം!
ഷാജീ
നീയൊരു ചൂണ്ടുവിരൽ
നവമുദ്രാവാക്യം
ഒരാശയം…
ഉരിയാടാതെ
കുനിഞ്ഞുനടന്നു
ജീവിതം ഹോമിക്കുന്ന
ഞങ്ങളെയും
ചോദ്യങ്ങൾ മാത്രമായ് മാറ്റുമോ?
നിന്റെയൂർജ്ജത്താലൊരു
ചാലകശക്തിയായ്
ഞങ്ങളെയും നീയായി
മാറ്റുമോ ഷാജീ?
പ്രസ്താവന – നാടകനടന്മാരെ വാടകയ്‌ക്കെടുത്തു ഞങ്ങടെ സമരം പൊളിക്കാനിറങ്ങുന്ന പ്രതിപക്ഷത്തിനെതിരെയാണ് ഞങ്ങടെ നാളത്തെ സമരം!
ആരോ പിറുപിറുത്തു, “ഇന്നത്തെ വാർത്തയേ അവസാനിച്ചിട്ടുള്ളു…”
ഡോ. അജയ് നാരായണൻ
======================

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px