അബുദാബി ∙ യുഎഇയുടെ തലസ്ഥാന എമിറേറ്റായ അബുദാബിയിൽ പ്രാബല്യത്തിലായ പുതിയ മുസ്‌ലിം ഇതര കുടുംബനിയമം പ്രവാസികൾക്ക് ആശ്വാസമാകും. ഇരുകൂട്ടർക്കും സമ്മതമെങ്കിൽ ഉടൻ വിവാഹമോചനം, കുട്ടികളുടെ സംരക്ഷണത്തിനു തുല്യാവകാശം, പ്രായപൂർത്തിയായവരുടെ വിവാഹത്തിനു രക്ഷിതാക്കളുടെ സമ്മതം നിർബന്ധമില്ല തുടങ്ങി ഒട്ടേറെ ഇളവുകളാണു നിയമത്തിലുള്ളത്. അമുസ്‌ലിം കുടുംബ കാര്യങ്ങൾക്കായി പുതിയ കോടതിയും സ്ഥാപിച്ചതോടെ കേസുകളിൽ കാലതാമസവും ഉണ്ടാകില്ല.
വിവാഹക്കേസുകളിൽ പ്രവാസികൾക്ക് അതതു രാജ്യത്തെ നിയമം അനുസരിച്ചുള്ള നടപടികൾക്കും ആവശ്യപ്പെടാം. യുഎഇയിലെ ദുബായ് എമിറേറ്റിലും സ്വന്തം രാജ്യത്തെ നിയമനടപടികൾക്ക് അവകാശമുണ്ട്. എന്നാൽ, പുതിയ അമുസ്‌ലിം കുടുംബനിയമം അബുദാബിയിൽ മാത്രമാണു നടപ്പാകുക.
പ്രധാന വ്യവസ്ഥകൾ
∙ തർക്കം മൂലം വിവാഹമോചനം വൈകില്ല. ഉഭയകക്ഷി സമ്മതത്തോടെ എത്തിയാൽ ആദ്യ തവണ വാദംകേട്ട് വിവാഹമോചനം അനുവദിക്കും. എതിർകക്ഷിയുടെ തെറ്റ് ഇനി കോടതിയിൽ തെളിയിക്കേണ്ടതില്ല. നേരത്തേ ഇതില്ലാതെ വിവാഹമോചനം അനുവദിച്ചിരുന്നില്ല.
∙ വിവാഹമോചന ശേഷം കുട്ടികളുടെ സംരക്ഷണത്തിന് തുല്യഅവകാശം നൽകി. കുട്ടികളുടെ താൽപര്യത്തിനാണു മുൻഗണന.
∙ വിവാഹബന്ധത്തിന്റെ കാലാവധി, ഭാര്യയുടെ പ്രായം, സാമ്പത്തിക സ്ഥിതി തുടങ്ങിയവ പരിഗണിച്ചാവും ഇനി ജീവനാംശം. സ്ത്രീ പുനർവിവാഹം ചെയ്യുന്നതുവരെയേ ഇതിന് അർഹതയുള്ളൂ.
∙ പ്രായപൂർത്തിയായവർക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാം. മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ല.
∙ വിൽപത്രം ഇല്ലാതെ മരിക്കുന്നയാളുടെ സ്വത്തിന്റെ പകുതി ജീവിച്ചിരിക്കുന്ന പങ്കാളിക്കും ബാക്കി ആൺപെൺ വ്യത്യാസമില്ലാതെ മക്കൾക്കും തുല്യമായി വീതിക്കണം. മുൻപ് പെൺമക്കൾക്ക് കാൽഭാഗം മാത്രമായിരുന്നു അവകാശം. മരിച്ചയാൾക്കു മക്കളില്ലെങ്കിൽ മാതാപിതാക്കൾക്കാവും സ്വത്തവകാശം. അതുമല്ലെങ്കിൽ ജീവിച്ചിരിക്കുന്ന രക്ഷിതാവിനും മരിച്ചയാളുടെ സഹോദരങ്ങൾക്കും സ്വത്ത് തുല്യമായി വീതിക്കാം.
∙ വിവാഹം നടക്കുമ്പോൾത്തന്നെ വിൽപത്രം എഴുതണം.
English Summary: Abu Dhabi new family laws













