ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തി സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാ മുന്നറിയിപ്പും പരിഗണിച്ചാണ് നടപടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടിയായി. ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒരു മാസത്തിനിടെ വീണ്ടും പുറത്തേക്ക്. കൃത്യം 2.03 ന് മൂന്നാം നമ്പർ ഷട്ടർ തുറന്നു. നാൽപത് സെന്റീമീറ്റർ ഷട്ടർ ഉയർത്തിയതോടെ സെക്കൻഡിൽ നാൽപതിനായിരം ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുകി. വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീഴൊരുക്ക് വർധിക്കുകയും ചെയ്തതോടെയാണ് ഇടുക്കി ഡാം തുറന്നത്. തുറക്കുമ്പോൾ 2398 .9 അടിയായിരുന്നു ജലനിരപ്പ്. മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെഡ് അലർട്ടിന് മുൻപ് ഷട്ടർ തുറന്നത്
കഴിഞ്ഞ ഒക്ടോബർ 19 ന് മൂന്നു ഷട്ടറുകൾ ഉയർത്തി ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിരുന്നു. 27 ന് ജലനിരപ്പ് താഴ്ന്നതോടെയാണ് ഷട്ടറുകൾ പൂർണ്ണമായും അടച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ സാധ്യതയുണ്ടെന്ന തമിഴ്നാടിന്റെ മുന്നറിയിപ്പിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.













