LIMA WORLD LIBRARY

ജോലി സമയത്തിന് ശേഷം ജീവനക്കാരെ വിളിക്കരുത്; പോർച്ചുഗലിൽ പുതിയ നിയമം

പോര്‍ച്ചുഗലിൽ പാസാക്കിയ പുതിയ തൊഴിൽ നിയമം അറിഞ്ഞാല്‍ ജോലി പോര്‍ച്ചുഗലിലായിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ച് പോകും. നിയമം എന്തെന്നാല്‍ ജോലി സമയത്തിന് ശേഷം ജീവനക്കാരെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ തൊഴിലുടമയ്ക്കെതിരെ തൊഴിലാളികള്‍ക്ക് നിയമപരമായി പിഴ ചുമത്താം. മാത്രമല്ല, അധികം സമയം ജോലി ചെയ്യിപ്പിച്ചാല്‍ ജോലിക്കാരുടെ വൈദ്യുതി, ഗ്യാസ് തുടങ്ങിയ ബില്ലുകള്‍ക്ക് പണം നല്‍കേണ്ടി വരും. ജോലി സമയം കഴിഞ്ഞുള്ള ജോലി തൊഴിലാളികളുടെ മാനസികാരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുമെന്ന തിരിച്ചറിവാണ് പോര്‍ച്ചുഗലിൽ പുതിയ നിയമം പാസാക്കാൻ ഇടയാക്കിയത്. മെച്ചപ്പെട്ട തൊഴിൽ– ജീവിത സാഹചര്യം സൃഷ്ടിക്കുകയാണ്  നിയമത്തിന്‍റെ ലക്ഷ്യം.

കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം പ്രാവര്‍ത്തികമാക്കിയപ്പോള്‍ നിരവധി പേര്‍ക്ക് ആശ്വാസമായെങ്കിലും ദിവസേന ഓഫിസിലെത്താതെ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നത് വർക്ക്-ലൈഫ് ബാലൻസ് കുറയുന്നതായും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണാമാകുന്നതായും വിദഗ്ധര്‍ ചൂണ്ടികാട്ടി.

പത്തോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് മാത്രമാണ് പോർച്ചുഗലിന്റെ പുതിയ നിയമം ബാധകമാകുന്നത്. എന്നാല്‍ ജോലി സമയത്തിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആക്കാം എന്ന അവകാശത്തോടെ ‘റൈറ്റ് ടു ഡിസ്ക്കണക്ട്’ എന്ന നിര്‍ദേശം പോർച്ചുഗീസ് പാർലമെന്റ് നിരസിച്ചിരുന്നു. ഫ്രാന്‍സില്‍ ഈ നിയമം 2017 മുതല്‍ തന്നെ പ്രാബല്യത്തിലുണ്ട്. ജോലിക്ക് ശേഷം ജോലിക്കാരുടെ വ്യക്തിപരമായ സമയങ്ങളില്‍ കോളുകളിലൂടെയും ഇമെയിലുകളിലൂടെയും തൊഴിലുടമകള്‍ അതിക്രമിച്ച് കയറുകയില്ലെന്ന് ഉറപ്പുവരുത്തുകയാണ് നിയമം.

‘അടച്ചുപൂട്ടലില്‍ തൊഴിലാളികള്‍ എപ്പോഴും വീട്ടിലാണെന്ന് കരുതി ജോലി ചെയ്യാന്‍ എപ്പോഴും ലഭ്യമാണ് എന്ന് അര്‍ത്ഥമാക്കുന്നില്ല. ജോലിക്കാര്‍ക്ക് ജോലി സമയത്തിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആക്കാം എന്ന രീതിയിലേക്കാവണം. സ്വിച്ച് ഓഫ് ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നയനിർമ്മാതാക്കൾ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്’ – ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ പ്രഫസർ അന്ന കോക്സ് പറയുന്നു.

കോവിഡ് സമയത്ത് ഇന്ത്യയില്‍ വര്‍ക്ക് ഫ്രം ഹോം തുടര്‍ന്നപ്പോഴും ജോലിസമയം അതിരുകടക്കുന്നതായി പരാതിയുണ്ടായിരുന്നു. മൂന്നിലൊരാള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, അടച്ചിടലും വീട്ടിലിരുന്ന് ജോലി ചെയ്യലും കാരണം പലര്‍ക്കും പ്രവൃത്തിദിനങ്ങളും വാരാന്ത്യങ്ങളും ഒരുപോലെയായി. സാമൂഹികമായ ഒറ്റപ്പെടലിന് പുറമെ ഇടവേളകളില്ലാതെ ജോലി ചെയ്തത് പലരിലും മാനസിക പ്രശ്നങ്ങള്‍ക്കും ഇടയായി. കോവിഡ് കാലത്തെ അടച്ചിടല്‍ പലരെയും മാനസികമായി തളര്‍ത്തിയതായി സൈക്കോളജിസ്റ്റുകള്‍ ചൂണ്ടികാട്ടിയിരുന്നു. ഇന്ത്യയില്‍ മെച്ചപ്പെട്ട തൊഴിൽ-ജീവിത സാഹചര്യം ഉറപ്പാക്കാന്‍ ഇത്തരം നിയമനിർമ്മാണങ്ങളൊന്നുമില്ലാത്തത് ഒരുപക്ഷെ ജീവനക്കാരുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാമെന്നും അഭിപ്രായമുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px