ചൈനയ്ക്കു ഭീഷണിയായി കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം. ഡെല്‍റ്റ വകഭേദം അതിവേഗം പടരുമെന്നതിനാൽ വ്യാപനം ശ്രദ്ധയിൽപെട്ട പല ഭാഗങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയുടെ വടക്കുകിഴക്കൻ പ്രദേശത്താണു ഡെൽറ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബർ 17നും നവംബർ 14 നും ഇടയിൽ 1,300 ലേറെ പേർക്കാണു സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം നേരത്തേ 1,280 ഡെൽറ്റ കേസുകളും ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ൈചനയിലെ 21 ഓളം പ്രവിശ്യകളും നഗരങ്ങളുമാണു ഡെൽറ്റ ഭീഷണിയിലുള്ളത്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ചൈനയിൽ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം കുറവാണ്. എങ്കിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടക്കത്തിൽതന്നെ വ്യാപനം തടയാനാണ് അധികൃതരുടെ തീരുമാനം. വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
രോഗസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ആളുകളിൽ വ്യാപകമായി കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. വടക്കുകിഴക്കൻ നഗരമായ ദാലിയാൻ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. നവംബർ നാലിനാണ് ഡെൽറ്റ വ്യാപനത്തിന്റെ ഭാഗമായുള്ള ആദ്യ കേസ് ഇവിടെ റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സിന്റെ കണക്കു പ്രകാരം നഗരത്തിൽ ഒരു ദിവസം ശരാശരി 24 പുതിയ കേസുകൾ കണ്ടെത്തുന്നുണ്ട്.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ വ്യാപനത്തിനു വേഗം കൂടുതലാണെന്നാണു റിപ്പോർട്ടുകൾ. ദലിയാനിൽനിന്ന് സമീപ നഗരങ്ങളായ ദൻഡോങ്, അന്‍ഷൻ, ഷെനിയാങ് എന്നിവിടങ്ങളിലേക്കെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി.













