LIMA WORLD LIBRARY

തുടക്കം വുഹാനിൽ നിന്ന്, മഹാമാരിയായി കോവിഡ്; ലോകം വിറച്ച 2 വർഷം

ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയത് 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കോവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറി. കൊറോണ വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യതയില്ലെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ആദ്യ ധാരണ. ലോകാരോഗ്യ സംഘടനയ്ക്കു തന്നെ ഇവ തിരുത്തേണ്ടി വന്നു. ഇങ്ങനെ തിരുത്തലുകളും കണ്ടെത്തലുകളും ഞൊടിയിടയിൽ വികസിപ്പിച്ച വാക്സീനുകളുമെല്ലാം ചേർന്നു ലോകം മാറിമറിഞ്ഞ രണ്ടു വർഷമാണു കടന്നുപോകുന്നത്. ലോകത്തിന്റെ പല കോണുകളിലായി നടന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച കാലം.

കോവി‍ഡ് കലണ്ടർ

2019

∙ നവംബർ 17– പിന്നീട് കോവിഡായി മാറിയ രോഗത്തിന്റെ ലക്ഷണങ്ങളുമായി രോഗിയെ ചൈനയിലെ വുഹാനിൽ കണ്ടെത്തുന്നു. തുടർദിവസങ്ങളിൽ കേസുകൾ കൂടി കൂടി വന്നു.

∙ ഡിസംബർ 19 – ചൈനയിലെ വുഹാനിൽ മുൻസിപ്പൽ ഹെൽത്ത് കമ്മിഷൻ ഒട്ടേറെപ്പേരിൽ അസാധാരണമാംവിധം ന്യുമോണിയ കേസുകൾ 60ഓളം പേരിൽ റിപ്പോർട്ട് ചെയ്തു.

∙ ഡിസംബർ 27– ഷാങ് ഷിക്സിയാൻ എന്ന ഡോക്ടർ കൊറോണ വൈറസ് മൂലമാണ് ആളുകൾക്ക് ഈ പ്രശ്നം ഉണ്ടാകുന്നതെന്ന് ചൈനീസ് ആരോഗ്യവകുപ്പിനെ അറിയിച്ചു. ഡിസംബർ 31ന് കേസുകൾ 266 ആയി.

2020

∙ ജനുവരി 1 – വുഹാനിലെ ന്യുമോണിയ കേസുകളുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടന പരിശോധന തുടങ്ങി.

∙ ജനുവരി 4 – അസാധാരണമായ ന്യുമോണിയ കേസുകൾ ലോകാരോഗ്യ സംഘടന സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചു.

∙ ജനുവരി 5– പുതിയ വൈറസ് ബാധ മൂലമാണ് പ്രശ്നമെന്ന സ്ഥിരീകരണം.

∙ ജനുവരി 10– എല്ലാ രാജ്യങ്ങളും പരിശോധന ശക്തമാക്കാൻ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സാർസ്, മെർസ് തുടങ്ങിയവ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാർഗരേഖ തയാറാക്കി.

Covid-8

∙ ജനുവരി 12– കൊറോണ വൈറസിന്റെ ജനിതക ശ്രേണീകരണം സംബന്ധിച്ച വിവരങ്ങൾ ചൈന എല്ലാവർക്കുമായി ലഭ്യമാക്കി.

∙ ജനുവരി 13 – ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കേസ് തായ്‍ലാൻഡിൽ റിപ്പോർട്ട് ചെയ്തു.

∙ ജനുവരി 20– ലോകാരോഗ്യ സംഘടന പ്രതിനിധികൾ ചൈന സന്ദർശിച്ചു. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യത കുറവെന്നു നേരത്തെ പറഞ്ഞ വാദം തിരുത്തി.

∙ ജനുവരി 30– രാജ്യാന്തര തലത്തിൽ ആശങ്ക നൽകുന്ന ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ കോവിഡ് കേസും ഇതേ ദിവസം തൃശൂരിൽ സ്ഥിരീകരിച്ചു. അപ്പോഴേക്ക് ലോകത്താകെ 7818 കേസുകളായിരുന്നു.

∙ ഫെബ്രുവരി 11– സാർസ് കോവ്–2 വൈറസ് ബാധയെ കോവിഡ് എന്ന ലോകാരോഗ്യ സംഘടന നാമകരണം ചെയ്യുന്നു.

∙ ഫെബ്രുവരി 20– വിവാഹം പോലും മാറ്റിവച്ചു വുഹാനിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന 29കാരൻ ഡോക്ടർ, പെങ് യിൻഹ്വ കോവിഡ് ബാധിതനായി മരിച്ച വാർത്ത ലോകത്തെ ഞെട്ടിച്ചു.

∙ മാർച്ച് 3 – ആദ്യ കേസ് കഴിഞ്ഞുള്ള ഒരു മാസത്തെ ശാന്തതയ്ക്കു ശേഷം ഇന്ത്യയിൽ കൂട്ടത്തോടെ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.

∙ മാർച്ച് 11– കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു.

∙ മാർച്ച് 13– കോവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന പ്രത്യേക ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചു.

∙ മാർച്ച് 18– കോവിഡിനെതിരെ ഏറ്റവും ഫലപ്രദമായ ചികിത്സാപരിഹാരം എന്താണെന്നു മനസ്സിലാക്കാൻ ലോകാരോഗ്യ സംഘടന പ്രത്യേക സോളിഡാരിറ്റി ട്രയലിനു തുടക്കമിട്ടു. ഇന്ത്യയും പങ്കാളിയായി.

∙ മാർച്ച് 24 – ഇന്ത്യ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ആദ്യം 21 ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ഡൗൺ പല സമയങ്ങളിലായി നീട്ടി.

∙ ഏപ്രിൽ 11– കോവിഡിനെതിരെ നടക്കുന്ന വാക്സീൻ പരീക്ഷണങ്ങളുടെ വിശദാംശങ്ങളുമായി ലോകാരോഗ്യ സംഘടന കരടുരേഖ പ്രസിദ്ധീകരിച്ചു.

∙ ഏപ്രിൽ 14– ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം ട്രംപ് ഭരണകൂടം പിൻവലിച്ചു. ചൈനീസ് പക്ഷ നിലപാട്, കോവിഡ് പ്രതിരോധത്തിലെ വീഴ്ച തുടങ്ങിയവ ആരോപിച്ചായിരുന്നു ഇത്.

∙ ഏപ്രിൽ 16 – വലിയതോതിൽ ലോക്ഡൗൺ ഏർപ്പെടുത്തുമ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ മാർഗരേഖ.

∙ ഏപ്രിൽ 20– കോവിഡ് വാക്സീൻ ട്രയലിന്റെ ഭാഗമായി ആദ്യ വാക്സീൻ കുത്തിവയ്പ് യൂറോപ്പിൽ നടന്നു.

∙ ഏപ്രിൽ 27– കോവിഡിനെതിരായ പോരാട്ടം വിജയിച്ചെന്നു ന്യൂസിലൻഡ് സർക്കാരിന്റെ പ്രഖ്യാപനം.

∙ ഏപ്രിൽ 28 – ലോകത്താകെ 50–100 കോടി വരെ കോവിഡ് കേസുകളും 17–32 ലക്ഷം വരെ മരണവും ഉണ്ടാകുമെന്ന് ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റിയുടെ പ്രവചനം.

∙ ഏപ്രിൽ 29– റെംഡിസിവിർ മരുന്ന് ഫലപ്രദമെന്ന് യുഎസ്സിന്റെ അവകാശവാദം. 31% വരെ രോഗമുക്തി വേഗത്തിലാക്കുമെന്ന് വിലയിരുത്തൽ.

CHINA-HEALTH-VIRUS

∙ മേയ് 25 – കോവിഡ് പ്രതിരോധത്തിന് ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ഹൈഡ്രോക്സിക്ലോറോക്വീൻ ട്രയലുകൾ നിർത്താൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം.

∙ ജൂൺ 4 – ഗവി വാക്സീൻ സഖ്യത്തിന്റെ നേതൃത്വത്തിൽ പിന്നാക്ക രാജ്യങ്ങൾക്കും മറ്റും വാക്സീൻ മുൻകൂർ ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമിട്ടു.

∙ ജൂൺ 5 – മാസ്ക് ഉപയോഗം സംബന്ധിച്ചു വിശദമായ മാർഗരേഖ ലോകാരോഗ്യ സംഘടന പുറത്തിറക്കി.

∙ ജൂൺ 29– കോവിഡിന്റെ ഉറവിടത്തെക്കുറിച്ചു പഠിക്കാൻ വുഹാനിലേക്കു സംഘത്തെ വിടാൻ ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

∙ ജൂലൈ 6 – കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 239 ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതി.

∙ ജൂലൈ 15 – പിന്നാക്ക രാജ്യങ്ങളിൽ വാക്സീൻ എത്തിക്കാനുള്ള കോവാക്സ് പദ്ധതിക്ക് ഔദ്യോഗിക തുടക്കം.

∙ ഓഗസ്റ്റ് 11– കോവിഡിനെതിരെ വികസിപ്പിച്ച സ്പുട്നിക് V വാക്സീനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു.

∙ സെപ്റ്റംബർ 8 – ഓക്സ്ഫഡ് തങ്ങളുടെ വാക്സീൻ ട്രയൽ ഗുരുതര വിപരീത ഫലത്തെ തുടർന്ന് നിർത്തി. 4 ദിവസങ്ങൾക്കു ശേഷം പുനരാരംഭിച്ചു.

∙ സെപ്റ്റംബർ 17 – ഇന്ത്യയിൽ ആദ്യ കോവിഡ് തരംഗത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ (97984) റിപ്പോർട്ട് ചെയ്ത ദിവസം. ആദ്യ തരംഗത്തിൽ മരണക്കണക്കിലും ഈ ദിനം റെക്കോർഡ് വർധന രേഖപ്പെടുത്തി–1290.

∙ ഒക്ടോബർ 15 – റെംഡിസിവിർ, ഹൈഡ്രോക്സിക്ലോറോക്വീൻ, ലോപിനവിർ, ഇന്റർഫെറോൺ തുടങ്ങി കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ കൊണ്ടു കാര്യമായ ഫലമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയൽ.

∙ ഒക്ടോബർ 21– ഓക്സ്ഫഡ് വാക്സീൻ ട്രയലിൽ പങ്കെടുത്തയാൾ ബ്രസീലിൽ മരിച്ചു. വാക്സീനുമായി ബന്ധമില്ലെന്ന് വിലയിരുത്തി ട്രയൽ തുടർന്നു.

∙ നവംബർ 19–24 – ഫൈസർ, മൊഡേണ, ഒക്സ്ഫ്ഡ്, സുപ്ടിനിക് വാക്സീനുകൾ തങ്ങളുടെ ഇടക്കാല ട്രയൽ വിവരം പുറത്തുവിട്ടു.

∙ ഡിസംബർ 2 – വ്യാപക അടിസ്ഥാനത്തിൽ കുത്തിവയ്പു തുടങ്ങാൻ കോവിഡ് വാക്സീനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി യുകെ. ഫൈസർ വാക്സീൻ കുത്തിവയ്പ് ഡിസംബർ 8 മുതൽ തുടങ്ങി.

∙ ‍ഡിസംബർ 11 – യുഎസ് ഫൈസർ വാക്സീനെ അംഗീകരിച്ചു. 14 മുതൽ കുത്തിവയ്പു തുടങ്ങി.

∙ ഡിസംബർ 30 – യുകെ ഓക്സ്ഫഡ് വാക്സീനെ അംഗീകരിച്ചു.

∙ ഡിംസബർ 31– യുകെയിൽ വീണ്ടും ആശങ്ക. ഇവിടെ ആദ്യം കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം ലോകാരോഗ്യ സംഘടന കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു.

US-HEALTH-VIRUS

2021

∙ ജനുവരി 3, കോവിഷീൽഡ്, കോവാക്സീൻ എന്നീ കോവിഡ് വാക്സീനുകൾക്ക് അടിയന്തര ഉപയോഗാനുമതി.

∙ ജനുവരി 16– കോവിഡിനെതിരെ ഇന്ത്യയിൽ പ്രതിരോധ വാക്സീൻ കുത്തിവയ്പിനു തുടക്കം.

∙ മാർച്ച് 7 – ഇന്ത്യയിൽ കോവിഡ് കേസുകൾക്ക് അന്ത്യമാകുകയാണെന്ന് അന്നത്തെ ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്റെ പ്രഖ്യാപനം.

∙ മാർച്ച് 20– ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗത്തിന്റെ സൂചനകൾ.

∙ ഏപ്രിൽ 26– ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. രാജ്യത്തെ സ്ഥിതി ഹൃദയഭേദകമെന്നു ലോകാരോഗ്യ സംഘടന.

∙ മേയ് 7 – ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗം അതിന്റെ പാരമ്യത്തിൽ. പ്രതിദിന കേസുകളുടെ എണ്ണം 4.14 ലക്ഷം എന്ന റെക്കോർഡ് വർധന രേഖപ്പെടുത്തി.

∙ മേയ് 8– ഡിആർഡിഒ വികസിപ്പിച്ച 2ഡിജി മരുന്ന് കോവിഡിനെതിരെ നൽകാൻ ഇന്ത്യയിൽ അനുമതി.

∙ മേയ് 10 – ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ വകഭേദം ആശങ്ക നൽകുന്നതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.

∙ മേയ് 21– കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ഗംഗയിൽ ഒഴുകി പരക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ആശുപത്രികൾ രോഗികളെ മടക്കി. അതിഗുരുതര ഓക്സിജൻ–മരുന്ന് ക്ഷാമം. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നേരിയ ശമനം വന്നെങ്കിലും കാര്യമായി കേസുകൾ റിപ്പോർട്ട് ചെയ്തു.

∙ ഓഗസ്റ്റ് 11– കോവിഡിനുള്ള മരുന്നു പരീക്ഷണത്തിന് രണ്ടാം ഘട്ട സോളിഡാരിറ്റി ട്രയലിന് ലോകാരോഗ്യ സംഘടന തുടക്കമിട്ടു.

∙ സെപ്റ്റംബർ 21– കോവിഡ് ഭീതി കുറഞ്ഞതോടെ ഇന്ത്യ വാക്സീൻ കയറ്റുമതി പുനരാരംഭിച്ചു.

∙ സെപ്റ്റംബർ 24 – കോവിഡിനെതിരെ മോണോക്ലോണൽ ആന്റിബോഡി ചികിത്സ ലോകാരോഗ്യ സംഘടന അംഗീകരിച്ചു.

∙ ഒക്ടോബർ 22– ഇന്ത്യ 100 കോടി ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്തു.

∙ നവംബർ 2– കോവിഡ് ബാധിച്ചു ജീവൻ നഷ്ടമായവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു.

∙ നവംബർ 3– ഭാരത് ബയോടെക്കിന്റെ കോവാക്സീനു ലോകാരോഗ്യ സംഘടന അംഗീകാരം നൽകി.

∙ നവംബർ 4– യുഎസ് കമ്പനിയായ മെർക്ക് വികസിപ്പിച്ച ഗുളിക മോൾനുപിരാവിർ യുകെ ചികിത്സയുടെ ഭാഗമാക്കി. ഫൈസർ വികസിപ്പിച്ച പാക്സ്‍ലോവിഡ് എന്ന ആന്റിവൈറൽ മരുന്നും ഫലപ്രദമെന്നു ട്രയൽ ഫലം.

Content Highlight: Covid pandemic

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px