യുകെയില്‍ കോവിഡ് വ്യാപന തോതില്‍ ഒരാഴ്ചയില്‍ ആദ്യമായി കുറവ് രേഖപ്പെടുത്തി. 38263 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയിലെ കണക്കു വച്ചു നോക്കിയാല്‍ 2.7 ശതമാനം കുറഞ്ഞു. മരണ നിരക്കിലും 6.1 ശതമാനം കുറവുണ്ടായി. ഇന്നലെ 201 പേരാണ് കോവിഡിന് കീഴടങ്ങി മരിച്ചതെങ്കില്‍ കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കില്‍ 214 പേരാണ് മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച രോഗികളുടെ എണ്ണത്തിലും 6.7 ശതമാനത്തിന്റെ കുറവുണ്ട്.
അതേസമയം, അടുത്ത മാസം മുതല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പൊതുയിടങ്ങളില്‍ കോവിഡ് വാക്സിന്‍ പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയാണ്. ഏറെ വിവാദമുയര്‍ത്തിയ ഈ നിര്‍ദ്ദേശത്തെ മന്ത്രിമാര്‍ ഒന്നടങ്കം പിന്താങ്ങിയതിനെ തുടര്‍ന്നാണ് ഇത് നിയമമാകുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് അടുത്തമാസം മുതല്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാകും. നൈറ്റ്ക്ലബ്ബുകള്‍, പബ്ബുകള്‍ തുടങ്ങിയവയിലും ഇത് നിര്‍ബന്ധമാകും.
വെയില്‍സില്‍ സിനിമാ ഹോളുകളിലേക്കും തീയറ്ററുകളിലേക്കും മറ്റ് കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നയിടങ്ങളിലേക്കും പ്രവേശിക്കുവാന്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കി. അതുപോലെ സ്‌കോട്ട്ലാന്‍ഡില്‍ പബ്ബുകളിലേക്കും സിനിമാ ഹോളുകളിലേക്കും കൂടി കോവിഡ് പാസ്സ്പോര്‍ട്ട് വ്യാപിപ്പിക്കാന്‍ ആലോചിക്കുകയാണ്.
ക്രിസ്മസ് ന്യൂഇയര്‍ കാലവും ശൈത്യവും കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ത്തുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ജനം ജാഗ്രത പാലിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.














