‘കവിയുടെ കാൽപ്പാടുകൾ’
‘പി’യുടെ
ആത്മകഥാച്ചർച്ചയിൽ…
മിന്നിമറയും
നിരീക്ഷണ
സേർച്ചുലൈറ്റുകൾ…
“മണ്ണിൽ പതിഞ്ഞ
ക്രൂരമാം
അനുഭവത്തിന്റെ
തീവ്ര സ്പർശം
വിണ്ണിൽ
മേഘങ്ങളേറ്റെടുത്ത്,
കാലത്തിൽ
പതിപ്പിക്കും!
മുറ്റത്തെ
നനഞ്ഞ മണ്ണിന്റെ കുളിർമ്മയറിയാത്തവർ
കവികളല്ല!
നാടിന്റെ
നാഡീഞരമ്പായ
പെരുവഴികളിലൂടെ…
ഇടവഴികളിലൂടെ…
നടക്കാത്തവർ
കലാകാരരല്ല!
ജീവിതമുദ്രകൾ
എന്തെന്നറിയാൻ,
ഓർമ്മകളിൽ
ഈ
ഭൂമിസ്പർശം
അനിവാര്യം!”
അഞ്ചു സെന്റ്
കുടിലിൽ
കഴിയുന്ന യുവകവി,
പ്രഭാഷണം നിർത്തി,
ഹൗസിങ്ങ് ബോർഡ്
വില്ലയിൽ കഴിയുന്ന,
കവിതയിൽ
പി.എച്ച്.ഡി. നേടിയ,
മഹാകവിയെ
ഒന്നൊളിഞ്ഞുനോക്കി.
നിരാശനായ
ഡോ.മഹാകവി,
ആധുനികമാതൃകയിൽ
പണിത
വില്ലയിലെത്തി.
സി.സി.ക്യാമറ
ഓഫ് ചെയ്തു.
മുറ്റത്തെ
രണ്ട് ടൈലുകളിളക്കിമാറ്റി…
മണ്ണൊന്നു നനച്ചു.
ഇടംകാൽ
വലംകാൽ
മണ്ണിൽ
പതിപ്പിച്ചു,
ക്ലിക്ക് ചെയ്തു.
ടൈലുകൾ
നേരെയാക്കി,
സി.സി.ക്യാമറ
ഓണാക്കി.
എഫ്.ബി.യിൽ
സ്വന്തം
കാൽപ്പാദങ്ങളെക്കുറിച്ചെഴുതി:
“നനഞ്ഞ മണ്ണിൽ
പതിയാത്ത
കാൽപ്പാടുകൾ
വീണ്ണിലും കാലത്തിലും
ചുമ്മാ പതിയില്ല!”…
പതിവുപോലെ,
രണ്ട് പെഗ്ഗ്
വിസ്ക്കിയിൽ
ഐസ് ക്യൂബ്
ഇടുംമുൻപ്,
ഒരു തവണ
കാൽപ്പാദത്തിലുഴിഞ്ഞു.
നാളത്തെ
കവിതയ്ക്കായ്
ചില
ചിന്തകൾ,
ഫ്രൂട്ട് സാലഡ്
ഒഴിഞ്ഞ
പ്ലെയ്റ്റിൽ,
കുറിച്ചിടാം!
“അടിയന്തരാവസ്ഥകാലത്ത്,
ചില നക്സലൈറ്റ്
നേതാക്കളെ,
മൂന്നാം മുറയിൽ,
ശാരീരികമായി
പീഡിപ്പിക്കാതെ,
ഐസ് ബക്കറ്റിൽ
കാലുകളമർത്തി
‘ബുദ്ധിപര’മായി പീഡിപ്പിച്ച
കഥകളോർക്കണം,
സഖാക്കളെ!…
ഭാവിയിൽ,
‘മന്ദബുദ്ധി’കളായി,
കമ്മ്യൂണിസ്റ്റ്
വിരുദ്ധരാവാൻ,
അത്തരം പീഡനമുറ
മതിയെന്ന്,
ഭരണകൂടം
തിരിച്ചറിഞ്ഞിരുന്നത്രെ…
കവി…സുഹൃത്തുക്കളെ!”
ഈ
പ്രസ്താവനകൾ
കാവ്യഭാഷയാക്കുംമുൻപ്,
ഓർമ്മകളുടെ
ചുവന്ന കരയുള്ള
ജാലകപ്പാളികൾക്ക്
നരച്ച മറയിട്ട്,
ഉറക്കം
കാവലിനെത്തി!
കാവ്യമുദ്രകൾക്ക്
തൽക്കാലം വിട…
സമ്പന്ന കവി,
യൂഫോം കിടക്കയിലേക്ക്
മറിഞ്ഞുവീണു!
“നാളത്തെ
കാവ്യസദസ്സിൽ,
സ്വന്തം
ദാർശനിക കാവ്യമുദ്ര,
എന്തായാലും
പതിപ്പിക്കണം!”
‘ബ്ലാക്ക് ഔട്ട്’
ആകുംമുൻപ്,
പത്താവർത്തി
പിറുപിറുത്തു!











