LIMA WORLD LIBRARY

സൂചിയും നൂലും – ചാക്കോ ഡി അന്തിക്കാട്

✍️
സൂചിത്തുളയിലൂടെ
സഞ്ചരിച്ച
നൂലി,ന്നഭിമാനം.

ചുറ്റിവരിഞ്ഞ
അസ്തിത്വത്തിനൊരു
മോചനം.
ഉണ്ടച്ചുരുട്ടായി
ചുമ്മാ
കെട്ടിപ്പിടിച്ചുറങ്ങീട്ടെന്തു
കാര്യം?…

ശൂന്യതയിൽനിന്ന്
തെളിഞ്ഞുവരും
ചിത്രങ്ങൾ
ചരിത്ര ബിംബങ്ങൾ,
കാണാനെന്തു ചേല്!

വിരലുകൾ
വിപ്ലവത്തിൻ
വയറ്റാട്ടികൾ!

സൂചിക്ക്
ചരിത്രവുമാ,
യാത്മബന്ധം…

വിയർപ്പുതുള്ളിക,
ളൊന്നൊന്നായ്
കൈകോർത്തപ്പോ,
ളതൊരു നീളൻ
നൂലായി മാറി!
പല മനമാണെങ്കിലും,
ഒരു മെയ്യാവും
മഴവിൽനിറമുള്ള
മുഴുനീള നൂല്!

കാലമറിഞ്ഞവന്റെ,
കലയറിഞ്ഞവന്റെ,
കാര്യവും
കാരണവുമറിഞ്ഞവന്റെ,
വിരലിൻ,
സാന്ത്വന സ്പർശ,
മെത്ര സുരക്ഷിതം!

അതാ വരുന്നു…
അന്ധനായ നേതാവ്!

എത്ര ശ്രമിച്ചിട്ടും
സൂചിക്കുഴയിലൂടെ,
കലയെന്ന നൂല്
കോർക്കാനാവാതെ…

ഒടുവിലയാളുടെ
ചതിപ്രയോഗം!

നൂലിന്റെ
ഒരു തല,
അപ്പുറത്തേക്കും
മറ്റേ തല,
ഇപ്പുറത്തേയ്ക്കും
നീട്ടിയിട്ടു.

അങ്ങിനെയുണ്ടാക്കിയ
സംഘടനയ്ക്കൊരു
പേരിട്ടു:
‘അപൂർവ്വ പ്രതിഭാസം’
(അ.പ്ര.)

അപ്രാപ്യമായതെന്തും
പ്രാപ്യമാക്കുമത്രെ!

ക്ഷേമപ്പെൻഷൻ
ആദ്യ,മജണ്ട!

പിന്നെ…
ലൈഫ്മെമ്പർഷിപ്പുണ്ടോ?…
ദുരിതാശ്വാസനിധി
കുശാൽ!

മുറിച്ചു മാറ്റപ്പെട്ട
ഏകലവ്യന്റെ
പെരുവിരലും
തോക്കിൻചിഹ്നമായി,
ടയ്ക്കിടെയുപയോഗിക്കും ചൂണ്ടുവിരലുംചേർത്ത്,
സൂചിക്കുഴയ്ക്ക്
പുറത്തുള്ള നൂലിനെ അമർത്തിപ്പിടിച്ചയാൾ!

മറ്റുള്ളവരെ
ഒരു നുണയാവർത്തിച്ചു
പറഞ്ഞു പറ്റിച്ചു :

ഞാനുമേറ്റവും
വേഗത്തിൽ
നൂല് കോർത്തല്ലോ?

എല്ലാ
കലാകാരന്മാരുടെയും
നേതാവാകാൻ
എനിക്കല്ലേ
യോഗ്യത?

മറുത്തൊന്നും
ചോദിക്കുന്നതിനുമുൻപ്…

സൂചിമുനപോൽ
സംശയിക്കും
കണ്ണുകൾക്കുനേരെ,
ബയനറ്റ് പോലെ,
യാജ്ഞാപിക്കും
വാക്കുകളെറിഞ്ഞ്,
ഭീഷണിപ്പെടുത്തി…
നേതാവ്!

“നാവടക്കിൻ
പണിയെടുക്കിൻ!
അച്ചാ ദിൻ ആഗയാ!
വല്ലാതെ കളിച്ചാൽ…
എല്ലാത്തിനെയും
ഒട്ടകമാക്കും ഞാൻ…

പിന്നെ
നിങ്ങളുടെയാവിഷ്ക്കാര
സ്വാതന്ത്ര്യ,മീ
സൂചിക്കുഴയിൽ…
കഴുത്തു കുരുങ്ങി
ഞാന്നു കിടക്കും!”

സൂചിക്കുഴയിൽ
പൊടിഞ്ഞ രക്തം,
ലോകത്തിലെ
എല്ലാ
നൂലുണ്ടകളിലേയ്ക്കും
മെല്ലെ…മെല്ലെ
സമരാഗ്നിയാ,
യാളിപ്പടരുന്നത്…
കാല,മുടൻ
കണ്ടറിഞ്ഞു…

ഏകാധിപതികൾ
വൈകിയാണ്
കൊണ്ടറിയുന്നത്!

ഹാ കഷ്ടം!
💓✍️💓

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px