ന്യൂഡൽഹി: രാജ്യാന്തര യാത്രാവിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ. ഇക്കൊല്ലം അവസാനത്തോടെ ഇത് സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സർവീസുകൾക്കുള്ള നിയന്ത്രണം നവംബർ മുപ്പതുവരെ നീട്ടുകയും ചെയ്തിരുന്നു.
നിലവിൽ രാജ്യാന്തര വിമാന സർവീസുകൾക്കായി 25-ൽ അധികം രാജ്യങ്ങളുമായി ഇന്ത്യക്ക് എയർ ബബിൾ സംവിധാനമുണ്ട്. ഇരു രാജ്യങ്ങൾ തമ്മിൽ എയർ ബബിൾ സംവിധാനമുണ്ടെങ്കിൽ ചില നിബന്ധനകൾക്കു വിധേയമായി രണ്ടു രാജ്യത്തെയും വിമാനങ്ങൾക്ക് രാജ്യാന്തര യാത്രാവിമാന സർവീസുകൾ നടത്താനാകും.
രാജ്യാന്തര യാത്രാവിമാന സർവീസുകൾ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.













