കാനഡയും ഓസ്ട്രേലിയയുമടക്കം കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തി. അതേസമയം ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസ. വാക്സീനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേശകന്‍ ഡോ.ആന്‍റണി ഫൗച്ചി പറഞ്ഞു
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയതിനെ ദക്ഷിണാഫ്രിക്ക ശക്തമായി വിമര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രയാസത്തിലേക്ക് തള്ളിവിടുന്ന തീരുമാനം റോമില്‍ ചേര്‍ന്ന ജി.20 ഉച്ചകോടിയുടെ വികാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസ കുറ്റപ്പെടുത്തി. ലോകത്തിന്‍റെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
ദരിദ്രരാജ്യങ്ങള്‍ക്ക് വാക്സീന്‍ നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയാരാവാത്തതും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ടെന്ന് റാമഫോസ ചൂണ്ടിക്കാട്ടി. ഒമിക്രോണക്കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ പങ്കുവച്ചതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ദക്ഷിണാഫ്രിക്കയെ അഭിനന്ദിച്ചു. എന്നാല്‍ സുതാര്യമായ നിലപാടിന്‍റെ പേരില്‍ രാജ്യം ശിക്ഷിക്കപ്പെടുകയാണെന്ന് ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി.
ഒമിക്രോണ്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും ആശങ്കപ്പെടാനില്ലെന്നും വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. വാക്സീനുകളെ മറികടക്കാന്‍ ഒമിക്രോണ് സാധിക്കുമോയെന്ന് മനസിലാക്കാന്‍ ഇനിയും പഠനങ്ങള്‍ വേണമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡ്വൈസര്‍ ഡോ.ആന്‍റണി ഫൗച്ചിയും പറഞ്ഞു.













