കോവിഡിന്റെ ഭീതി തെല്ലൊന്ന് വിട്ടൊഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ലോകം. എല്ലാം പഴയപോലെയാകുമെന്ന പ്രത്യാശ എല്ലാവരിലും ഉണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആ പ്രതീക്ഷയുടെ മുകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുയാണ്. കോവിഡും ലോക്ഡൗണും ലക്ഷകണക്കിനാളുകളുടെ ജീവനോപാധിയാണ് ഇല്ലാതെയാക്കിയത്. നിയന്ത്രണങ്ങളിലൊക്കെ അയവ് വന്നതോടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാമെന്നുള്ള പ്രത്യാശ ഏവരിലുമുണ്ടായിരുന്നു. എന്നാൽ ഇനിയും ഒരു ലോക്ഡൗൺ വരുമോ? വിമാനസർവീസുകൾ റദ്ദാക്കുമോ? ജോലി നഷ്ടമാകുമോ? തുടങ്ങി ഒട്ടേറ ആശങ്കകൾ ജനങ്ങളുടെ മനസിനെ വരിഞ്ഞുമുറുക്കാൻ തുടങ്ങിക്കഴിഞ്ഞു. ഈ ഒരു അവസരത്തിൽ എങ്ങനെ മനസിന് ശാന്തമാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് വിശദീകരിക്കുകയാണ് മനശാസ്ത്ര വിദഗ്ധൻ ഡോക്ടർ. സി.ജെ ജോൺ. ഡോക്ടർ പറയുന്നതിങ്ങനെ:
1. കോവിഡിനൊപ്പം ജീവിക്കുക
കോവിഡിന് മുൻപ് എന്നൊരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ കോവിഡിന് ശേഷം എന്നൊരു അവസ്ഥയുണ്ടാകുമോയെന്ന് പറയാനാകില്ല. കോവിഡ് ഇനി എന്നും നമുക്കൊപ്പം കാണും. അതുകൊണ്ട് നമ്മളും കോവിഡിനൊപ്പം ജീവിക്കാൻ മനസിനെ പ്രാപ്തരാക്കുക. കോവിഡ് കഴിഞ്ഞിട്ട് ജീവിക്കാം എന്ന് കരുതി ജീവിക്കരുത്. കോവിഡിനോടൊപ്പം കൃത്യമായി എല്ലാ മുൻകരുതലുകളുമെടുത്ത് തന്നെ ജീവിക്കണം. മാസ്കും സാനിട്ടൈസറും സാമൂഹിക അകലവും ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് മനസിലാക്കണം. മാസ്കില്ലാത്ത ജീവിതത്തെക്കുറിച്ച് ഇനിയുള്ള കാലം ആലോചിക്കേണ്ടതില്ല. അതിനെ ഒരു ബാധ്യതയായിട്ട് കാണാതെ നമ്മുടെ തന്നെ സുരക്ഷാകവചമായി കണ്ടാൽ മതി.
2. ധൂർത്ത് വേണ്ട
സാമ്പത്തികമായി ഒരുപാട് കുടുംബങ്ങൾ തകർന്ന അവസ്ഥയിലാണ്. ഭാവിയിലേക്ക് ഒന്നും കരുതാതിരുന്നത് കൊണ്ടും കൂടിയാണ് ഇത്രയും ദാരുണമായ അവസ്ഥയുണ്ടായത്. അതുകൊണ്ട് ഇനിയുള്ള കാലമെങ്കിലും ധൂർത്തിനും ആഡംബരത്തിനും കാശ് ചിലവാക്കാതെ ഭാവിയിലേക്ക് കരുതി ജീവിക്കുക. ഒരു അനിശ്ചിതത്വം എപ്പോൾ വേണമെങ്കിലും ജീവിതത്തിലുണ്ടാകാമെന്ന് കരുതിയുള്ള ജീവിതത്തിന് മനസിനെ പ്രാപ്തമാക്കുക
3. ഓൺലൈൻ ജീവിതത്തിന്റെ ഭാഗം
ഓൺലൈൻ ജീവിതത്തോട് വിമുഖത വേണ്ട. ഇനിയുള്ള കാലം ഓൺലൈൻ ക്ലാസുകളും പഠനവും ജീവിതത്തിന്റെ ഭാഗമായിരിക്കും. കുട്ടികൾ ഓൺലൈനിൽ സജീവമായാൽ നശിച്ചുപോകും എന്ന് പറയാതെ നശിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കൃത്യമായി എടുക്കുക. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്കും മറ്റും അടിമകളാകുന്നുണ്ടോ? പഠനസമയം കഴിഞ്ഞും കൂടുതൽ സമയം ഓൺലൈനിൽ സജീവമാണോ? എന്തൊക്കെയാണ് നോക്കുന്നത് എന്നെല്ലാം രക്ഷിതാക്കൾ കൃത്യമായി പരിശോധിക്കണം. തെറ്റുകളിലേക്ക് പോകാതിരിക്കാൻ നിരീക്ഷണം ആവശ്യമാണ്. അതിനുവേണ്ട സാങ്കേതികതകൾ പഠിക്കുക.
4. പുതിയ തൊഴിലുകൾ സൃഷ്ടിക്കണം
ഒന്നാം ലോക്ഡൗൺ രണ്ടാം ലോക്ഡൗണും കഴിഞ്ഞതോടെ തൊഴിൽരഹിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അതിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. പ്രവാസികൾക്ക് മാത്രമല്ല ജോലി നഷ്ടമായിട്ടുള്ളത്, ഇവിടെയുള്ളവർക്കും നഷ്ടമായിട്ടുണ്ട്. അവരുടെ കണക്ക് എടുത്തിട്ട് അവർക്ക് ഉതകുന്ന ഒരു പദ്ധതി തയാറാകി തൊഴിൽ സൃഷ്ടിക്കാൻ സർക്കാർ തയാറായാൽ തന്നെ ജനങ്ങളുടെ ആശങ്ക കുറയും. എങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ച് ആകുലപ്പെടുന്നവരുടെ മുന്നിലേക്ക് വലിയ റെയിൽപദ്ധതികളും മറ്റും കൊണ്ടുവന്നിട്ട് ആർക്കെന്ത് പ്രയോജനം?
5. ചേർത്തു പിടിക്കാം
പ്രത്യക്ഷത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരെപ്പോലെ തന്നെയാണ് കാണാതെ പോകുന്ന തൊഴിൽ നഷ്ടങ്ങൾ. എന്റെ ഒരു പേഷ്യന്റുണ്ട്. അദ്ദേഹം സ്കൂൾബാഗ് നിർമാണം തൊഴിലാക്കിയ വ്യക്തിയാണ്. സ്കൂളുകൾ അടച്ച് ക്ലാസുകൾ ഓൺലൈനായതോടെ ബാഗുകൾ ആരും വാങ്ങാതെയായി. അതോടെ അത്രയും കാലം ചെയ്ത തൊഴിലാണ് അദ്ദേഹത്തിന് നഷ്ടമായത്. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ മറ്റൊരു തൊഴിൽ എങ്ങനെ കണ്ടെത്തും? അത്തരം ഒരുപാട്പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ആശങ്കയും നിരാശകളും കണ്ടില്ലെന്ന് നടിക്കരുത്. ആത്മഹത്യ പോലെയുള്ള ചിന്തകളിലേക്ക് പ്രിയപ്പെട്ടവർ വീണുപോകുന്നുവെന്ന് തോന്നിയാൽ ചേർത്തുപിടിക്കാൻ മടിക്കരുത്. ഹെൽപ്‌ലൈനിൽ അറിയിക്കുകയോ വൈദ്യസഹായം തേടുകയോ ചെയ്യണം. അതിന് മടിക്കരുത്.
6. ഇരുളിനപ്പുറം വെളിച്ചം ഉണ്ട്
ഒമിക്രോൺ പരത്തുന്ന ആശങ്ക ചെറുതല്ല. എന്നാൽ എന്നും ആശങ്കയിൽ തന്നെ കഴിയാതെ മുന്നോട്ട് നോക്കണം. എല്ലാകാലത്തും എല്ലാം അടച്ചിടാൻ നമുക്ക് സാധിക്കില്ല. ലോകരാജ്യങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. വിമാനയാത്രകൾ എല്ലായ്പ്പോഴും റദ്ദാക്കാൻ സാധിക്കില്ല. അതുപോലെ തന്നെ എല്ലായിടത്തും തൊഴിൽ ചെയ്യാൻ ആളുകളെയും വേണ്ടിവരും. അങ്ങനെ വരുമ്പോൾ കുറേപേർക്ക് എങ്കിലും നഷ്ടപ്പെട്ട ജീവിതം തിരികെ പിടിക്കാനാകും. ഒമിക്രോൺ അപകടകാരിയാകും എന്ന് ചിന്തിക്കുന്നതിന് പകരം ഇതും അതിജീവിക്കും എന്ന് ചിന്തിക്കാൻ മനസിനെ പഠിപ്പിക്കണം. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് കോവിഡ് പോലെ ഭീകരമായിരിക്കില്ല എന്ന് സ്വയം മനസിനോട് പറയാം. ഇരുളിനപ്പുറം വെളിച്ചമുണ്ടാകും, അതുറപ്പാണ്. എല്ലാക്കാലത്തും എല്ലാം ഇതുപോലെയായിരിക്കില്ല.













