LIMA WORLD LIBRARY

സ്വപ്നമാർഗ്ഗം – ചാക്കോ ഡി അന്തിക്കാട്

വിശ്വകവിഭാവനയെ,
യുത്തേജിപ്പിക്കു,
മരയന്നം.

പൊയ്കയിലൊടുങ്ങും
പ്രണയമൂർഛയിലെ
‘മരണഗാനം’!

സ്വന്തം ദുരന്തമേറ്റു
പറയുകയാണെന്നു കരുതി,
വെല്ലുവിളിയ്ക്കാനാ,
യേറ്റവും മാരകമാ,
മായുധങ്ങൾത്തേടുന്ന,
കഴുകമനസ്സിൻ
ക്രൂരതയുള്ള,
യധികാരികൾ!

അതിനായ്,
സൂര്യനെ,
യെറിഞ്ഞിടാൻ,
വജ്രസമാനമാം
കൂർത്ത കല്ല്
തേടിയലഞ്ഞവർ,
സ്വാതന്ത്ര്യത്തിൻ
ശിൽപ്പമായിമാറിയ,
കറുത്ത പാറയുടെ
ചോരകിനിയും
ചരിത്രത്തെ
ലേലം ചെയ്തവർ!

ജനാധിപത്യത്തിൻ
നിശ്ചയദാർഢ്യത്തി,
നനങ്ങാപ്പാറ,
നയമുള്ളവരുടെ
നിലപാടുകളെ
പിളർക്കാൻ നോക്കി,
നടുവിന്
വെലക്കം വന്ന,
അധികാരിയുടെ,
യനുസരണ,
ക്കാവലാളുകൾ!

കലാകാരന്മാരുടെ
വിശ്വകാമുകിയാം
ചന്ദ്രബിംബത്തെ,
യെറിഞ്ഞിടാ,
നൊരു മാന്ത്രികവടി
തപ്പി നടന്നവർ!

പ്രതിരോധത്തിൻ
മുളംങ്കാടിനു
മുൻപിലെത്തിയവർ.

കൈകൾക്കും മനസ്സിനും
മുറിവേറ്റതല്ലാതെ,
മറ്റൊരത്ഭുതവും
സംഭവിച്ചതേയില്ല!

ഒരിക്കലും
സ്വന്തമാക്കാത്ത,
കുട്ടികളുടെ
കളിപ്പാട്ടങ്ങളായ
നക്ഷത്രങ്ങളെ,
യെറിഞ്ഞിടാൻ
വെള്ളാരംകല്ലുകൾക്ക്
കഴിയുമെന്ന്,
അരയന്നശത്രുവാ,
‘മുത്തമ’കീടങ്ങൾ
മൂളിയത്രെ!

ഒരു വെള്ളാരംകുന്നിന്
മുകളിൽനിന്ന്
എറിയാൻ നോക്കി.

വെള്ളാരംക്കല്ല്
കൊണ്ടതോ…
ഭയന്ന്,
മഴമേഘങ്ങളിലൊളിച്ച,
മഴവിൽനിറമുള്ള,
ഭാവനയാ,മരയന്നത്തിന്റെ
വർണ്ണച്ചിറകിലും!

പിടഞ്ഞുവീഴുംമുൻപ്
അന്തിമ വിലാപഗാന,
മാലപിച്ചു…
അരയന്ന
കവിഹൃദയം :

“അത്യാർത്തിയുള്ള
മനുഷ്യക്കീടമേ…
നീ,
‘യൊന്നി’ൽനിന്ന്
വീണ്ടും
തുടങ്ങേണ്ടിയിരിക്കുന്നു!

സമാന മനസ്സുക,
‘ളൊന്നായി’ത്തീരുന്നതൊന്നും നന്മയായുൾക്കൊള്ളാൻ
കഴിയാത്ത നീ,
പിന്നാലെ വരുന്നവർക്ക്,
പകർന്നു കൊടുക്കുന്നു…
ആഗോളചൂഷണത്തിന്മയുടെ
നാനാർത്ഥങ്ങൾ!

ഞങ്ങൾ,
പാടിപ്പാടി…
തളർന്നു മരിക്കുന്നത്,
നിന്റെ
സ്വാർത്ഥതയോർത്തു മാത്രം!”

തുടർന്ന്…
അരയന്നം,
ഭാവന മുരടിച്ച,
എപ്പോഴും
പള്ളനിറച്ചുറങ്ങുന്ന
കൊട്ടാരംകവിയുടെ
നെറ്റിയിൽ,
കൊത്തിയുണർത്തി!

സ്വപ്നത്തിൽനിന്നും ഞെട്ടിയുണർന്നപ്പോൾ,
കവിയ്ക്ക്
നന്നായി വിശന്നു.

പുന്നെല്ലരിയുടെ
ചോറു വാരിത്തിന്നു.

അണപ്പല്ലിനോട്‌
പരാതി പറഞ്ഞ
വെള്ളാരംക്കല്ലിന്റെ തുണ്ട്,
കൈവെള്ളയിലെടുത്തു.

ആകാശഗംഗയിലേയ്ക്ക്
നോക്കി
ചുമ്മാ നെടുവീർപ്പിട്ടു.
ഉറക്കം തുടർന്നു.

ഈ സമയം,
അരയന്നത്തെ
തെരുവിൽ വരച്ച,
തെരുവുഗായകന്റെ
കവിഭാവനയുണർന്നു!

ആകാശത്ത്
ഏതു കവിയാണ്
സ്വപ്നങ്ങളാം
വെള്ളാരംക്കല്ലുകളെറിഞ്ഞു
കളിക്കുന്നത്?

അതിൽ
സ്വന്തം മുഖമുണ്ടോ?

തപ്പിനോക്കിയപ്പോൾ
കണ്ടില്ലെങ്കിലും…
നിരാശനാകാതെ,
യുറക്കെപ്പാടണം :

“അധികാരക്കസേരയിലിരുന്ന്,
വിനാശകരമായി
സ്വപ്നം
വിതയ്ക്കുന്നവരെ
തിരിച്ചറിയാൻ
കഴിയാത്തവർ,
ക്രാന്തദർശികളായ
കവികളല്ല!

പ്രായശ്ചിത്തമായി
നാളത്തെ
പ്രഭാതസൂര്യനോട്
മാപ്പ് പറയണം.

ചന്ദ്രനെ
താരാട്ടു പാടിയുറക്കാൻ
ശ്രമിക്കണം!

വടക്കൻ
നക്ഷത്രത്തിനുള്ളിലെ
സുഖനിദ്രയെ,
യാവാഹിച്ചെടുക്കണം!

ഇനിയെങ്കിലും
ശുദ്ധഹൃദയമുള്ള,
സമരവീര്യമുള്ള,
ഒരു പുതിയ മനുഷ്യനായി
പരിണമിക്കണം!

അതിനു
ലോകധർമ്മിയാ,
യെന്തെങ്കിലും ചെയ്യണം!

കിണറ്റിൽ തെളിയുന്ന
ചന്ദ്രബിംബം
കാണാത്തതിന്
അധികാരക്കാർമേഘങ്ങളെ
ശപിക്കണം!…

ഇനിയുള്ള കാലം
ഉറങ്ങാതിരിക്കണം…
ഉറങ്ങിയാൽ
ഇന്നലെ കണ്ട
ദു:സ്വപ്‌നങ്ങൾ
ആവർത്തിച്ചാലോ?”

അപ്പോൾ കണ്ടു…
മറ്റൊരു പകൽസ്വപ്നം!

സൂര്യനും
ചന്ദ്രനും
നക്ഷത്രങ്ങളും
കവികൾക്കു ചുറ്റും
കാവലിരിക്കുന്നു!

ഏകാധിപതികളാ,
മധികാരികൾക്കെതിരെ,
എഴുതിത്തീർക്കാത്ത
കവിതകൾ,
പെട്ടെന്നെഴുതിത്തീർക്കാൻ,
അവരൊരുമിച്ചാ,
ഹ്വാനം ചെയ്യുന്നു!

അപ്പോളുണർന്ന
അരയന്നം,
പതിവിന്
വിപരീതമായി,
ജീവരസം തുളുമ്പും
ഗാനമേറ്റു പാടിയതായി
അയാൾക്ക് തോന്നി :

“മരണത്തെ മറന്നുള്ള
ജീവിതത്തിനായ്
കർമ്മം ചെയ്യുന്നവരെ
മരണംപോലു,
മഭിനന്ദിക്കും!
ജീവിതത്തെ നിഷേധിക്കു,
മൽപ്പായുസ്സുകളെ,
ജീവിതം പുറംതള്ളും!”

ഇനിയുള്ള കാലം,
ഭാവനയുടെ
കളിവീടൊരുക്കും,
കുഞ്ഞുസ്വപ്നങ്ങളുടെ
വസന്തത്തെക്കുറിച്ച്,
പാട്ടുകളെഴുതുക നാം…
💓✍️💓

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px