മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മൂന്നുപേര്‍ നൈജീരിയയില്‍ നിന്ന് വന്നവര്‍, ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നും എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം എട്ടായി. രാജ്യത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകള്‍ പന്ത്രണ്ടായി. അതേസമയം ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജനക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനിടെ ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരിയിൽ എത്തി കോവിഡ് സ്ഥിരീകരിച്ച റഷ്യൻ പൗരന്റെ സാമ്പിളും ജനിതക ശ്രേണികരണത്തിനയച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച 17 പേരാണ് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 5 പേരുടെ കൂടി ജനിതക ശ്രേണികരണഫലം വരാനുണ്ട്. പരിശോധന, നിരീക്ഷണം, കോവിഡ് പ്രേട്ടോക്കോള്‍ എന്നിവയില്‍ വീഴ്ചവരുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്. ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ പരിശോധന കേന്ദ്രങ്ങള്‍ 20ആക്കി.
രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം നാളെ വീണ്ടും യോഗം ചേര്‍ന്നേക്കും. അതേസമയം രാജ്യത്ത് ഇതുവരെ 127 കോടി കോവിഡ് വാക്സീന്‍ വിതരണം ചെയ്തതായും പ്രായപൂര്‍ത്തിയായവരില്‍ പകുതിയില്‍ അധികം പേര്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന്‍ നടപ്പാക്കാനായത് അഭിമാനകരമാണെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2796 കോവിഡ് മരണവും 8895 കേസുകളുമാണ് സ്ഥിരീകരിച്ചത്. ബീഹാര്‍ 2426ഉം കേരളം 263ഉം മരണം ഉള്‍പെടുത്തി കണക്കുകള്‍ പുതുക്കിയതാണ് ആകെ മരണസംഖ്യ ഉയരാന്‍ കാരണം.













