മുല്ലപ്പെരിയാർ ഡാം സ്പിൽ വേയിലെ ഷട്ടറുകൾ രാത്രിയിൽ വീണ്ടുമുയർത്തി. നിലവില്‍ ആകെ ഒൻപത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതോടെ രാത്രി പതിനൊന്ന് മണിയോടെ ഒരു ഷട്ടര്‍ ഒഴിച്ച് ബാക്കിയെല്ലാം തമിഴ്നാട് അടച്ചു. എന്നാല്‍ പുലര്‍ച്ചെ നാലുമണിയോടെ ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെ നാല് ഷട്ടര്‍ കൂടി ഉയര്‍ത്തി. അരമണിക്കൂറിന് ശേഷം വീണ്ടും നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. പെരിയാർ നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനും തമിഴ്നാട് അതിർത്തിയിലുള്ള അപ്പർ മണലാർ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വർധിക്കാൻ കാരണമായത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.66 അടിയായി കുറഞ്ഞു.













