അട്ടപ്പാടി ആദിവാസി ഊരുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശിശു മരണങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രതയില്ലെന്ന് മാത്രമല്ല അട്ടപ്പാടിയുടെ വികസനം പലരും മറന്ന മട്ടാണ്. ആരോഗ്യ മന്ത്രിയുടെ സന്ദർശനം കൊണ്ട് നിലവിലെ സൗകര്യങ്ങൾ കുറയുക മാത്രമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് അട്ടപ്പാടിയിൽ പറഞ്ഞു.
ശിശു മരണമുണ്ടായ വീട്ടിയൂർ, പാടവയൽ ഊരുകളിലെത്തിയ യു.ഡി.എഫ് സംഘത്തിന് മുന്നിൽ പുറത്ത് കേൾക്കുന്നതല്ല അട്ടപ്പാടിയുടെ അവസ്ഥയെന്ന് ആദിവാസി കുടുംബാംഗങ്ങൾ. അട്ടപ്പാടിയുടെ വികസന പദ്ധതികൾ പൂർണമായും സ്തംഭനത്തിലാണെന്നും സർക്കാരിന് യാതൊരു താൽപര്യവുമില്ലെന്നും വി.ഡി.സതീശൻ. ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അട്ടപ്പാടിയിലെ ശിശുമരണ വിഷയത്തിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ പോരായ്മ ഉൾപ്പെടെ പ്രതിപക്ഷ നേതാവിന്റെ അട്ടപ്പാടിയിലെ കണ്ടെത്തലുകൾ സർക്കാരിന് സമർപ്പിക്കും.













