ന്യൂഡൽഹി: നമ്മൾ അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നൽകണം, പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്, ബ്രിഗേഡിയർ ലഖ്വീന്ദർ സിങ് ലിഡ്ഡെറിന്റെ മൃതദേഹത്തിനരികിൽ നിന്നുകൊണ്ട് ഭാര്യ ഗീതിക ലിഡ്ഡെർ പറഞ്ഞു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രിയതമന് ഗുഡ്ബൈ പറയാൻ എത്തിയതായിരുന്നു അവർ. ഒപ്പം 17കാരിയായ മകൾ ആഷ്നയുമുണ്ടായിരുന്നു.
ദേശീയ പതാക കൊണ്ട് പൊതിഞ്ഞ്, പൂക്കൾ കൊണ്ട് അലങ്കരിച്ച ലിഡ്ഡെറുടെ ശവപേടകത്തിന് മുകളിൽ മുട്ടുക്കുത്തി നിന്ന് ഗീതിക കണ്ണീർ പൊഴിക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഒരു പിടി റോസാപുഷ്പദളങ്ങൾ തന്റെ വിരലിലൂടെ അച്ഛന്റെ ശവപ്പെട്ടിക്ക് മുകളിലേക്ക് വീഴ്ത്തുമ്പോൾ പൊട്ടിക്കരയാതിരിക്കാൻ പരാവധി ശ്രമിച്ചുകൊണ്ട് ആഷ്നയും.
ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്. അതിൽ അഭിമാനമുണ്ട്. അതിനേക്കാളേറെ സങ്കടവുമുണ്ട്, ഇപ്പോൾ. ജീവിതം വളരെ നീണ്ടതാണ്. എന്തായാലും ദൈവം ഇതാണ് വിധിച്ചതെങ്കിൽ ഈ നഷ്ടത്തിൽ ഞങ്ങൾ ജീവിക്കും. പക്ഷേ, ഈ രീതിയിലായിരുന്നില്ല ഞങ്ങൾ അദ്ദേഹത്തെ തിരികെ പ്രതീക്ഷിച്ചിരുന്നത്. നമുക്ക് അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നൽകാം. പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്, ഇടറിയ ശബ്ദത്തിൽ ഗീതിക പറഞ്ഞു.
അമ്മയ്ക്കരികിൽ അവരെ സമാധാനിപ്പിച്ചുകൊണ്ട് ശാന്തമായി തന്നെ ആഷ്നയെ നിന്നു. പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചിട്ടും ഉള്ളിൽ നിന്ന് ആർത്തിരമ്പിയെത്തിയ കണ്ണീരിനോട് യുദ്ധം ചെയ്യാൻ ആഷ്ന നന്നായി പണിപ്പെടുന്നുണ്ടായിരുന്നു.
എനിക്ക് 17 വയസായി. 17 വർഷവും അച്ഛൻ എനിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഓർമകളുമായി ഞങ്ങൾ മുന്നോട്ട്പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛൻ ഒരു ഹീറോ ആയിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഒരു പക്ഷേ ഇത് വിധിയായിരിക്കും. മികച്ചത് നമ്മെ തേടിവരും. അദ്ദേഹമായിരുന്നു എൻറെ പ്രചോദനം, ആഷ്ന പറഞ്ഞു.
ജനറൽ ബിപിൻ റാവത്തിന്റെ പ്രധാന സഹായിയായിരുന്നു 52-കാരനായ ബ്രിഗേഡിയർ ലിഡ്ഡെർ. മേജർ ജനറലായി സ്ഥാനക്കയറ്റം കിട്ടിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. ബിപിൻ റാവത്തിനൊപ്പം ഒരു വർഷമായി സേനാ പരിഷ്കരണങ്ങളിൽ ഒപ്പം പ്രവർത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.
ഹരിയാണയിലെ പഞ്ച്കുള സ്വദേശിയായ ലിഡ്ഡെർ 1990-ലാണ് ജമ്മുകശ്മീർ റൈഫിൾസിൽ സൈനിക സേവനം ആരംഭിച്ചത്. സൈനിക നീക്കത്തിൻറെ ഭാഗമായി കസാഖിസ്താനിൽ ഇന്ത്യൻ സൈന്യത്തെ നയിച്ച അദ്ദേഹത്തിന് സേനാമെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.













