എല്ലാ
വിവാഹ
വാർഷികദിനത്തിലും
അവൾ പുലിയാകും!
വീടായ കാട്
അടിമുടി വിറയ്ക്കും!
അപ്പോൾ
ഞാനുറക്കം
നടിക്കും
പൂച്ചയാകും.
ആരു വിളിച്ചാലും
മുഖം തിരിക്കും!
കിടപ്പറ
നക്കിത്തുടയ്ക്കും…
മിനുക്കും!
എന്റെ
പിറന്നാൾ ദിനത്തിന്
സിംഹമാകും
ഞാൻ!
അയൽക്കാർക്ക്
നഷ്ടം…ഉറക്കം!
അപ്പോളവൾ
പതുങ്ങി നീങ്ങും
പൂച്ചയാകും…
രഹസ്യമായി
നന്ദി പ്രകടനം…
‘ചാറ്റിംഗ്’ തുടരും!
അന്യായം…ന്യായം!
സ്വസ്ഥം…ഗൃഹഭരണം
അന്യർക്ക് മാരണം!
ഗ്രഹങ്ങൾ
വണങ്ങിയിരിക്കും,
വഴിമാറിയിരിക്കും!
സ്വപ്നങ്ങളിൽ മാത്രം
ഞങ്ങൾ
മുയലുകളായി,
പച്ചയുടെ
പാൽപ്പുഞ്ചിരി,
യാസ്വദിക്കും.
കുഞ്ഞുങ്ങളെ
പച്ചകൊ,ണ്ടൂട്ടും!
അറിയുന്നുണ്ട്…
ഞങ്ങളുറങ്ങുമ്പോൾ
മക്കൾ
ഫാസ്റ്റ് ഫുഡ്,
ഫാസ്റ്റ് നെറ്റ്,
ഫാസ്റ്റ് പാസ്സഞ്ചർ,
ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഒക്കെ
എളുപ്പം
സ്വപ്നം കാണും.
തിരഞ്ഞെടുക്കും.
തിരഞ്ഞെടുപ്പിൽ
‘നോട്ട’യും,
‘ലിവിങ്ങ് ടുഗെതർ’
‘ഫ്രീസെക്സ്’
വിഷയത്തിൽ
വട്ടം കറക്കും,
നട്ടം തിരിക്കും,
ചോദ്യങ്ങളുമുയർത്തും!…
ഭരണകൂടം
വിറളിപൂണ്ട്,
അടിയന്തിര
വട്ടമേശ സമ്മേളനം
കൂടും!
സാംസ്‌ക്കാരിക നയം
തിരുത്തും!
കൂട്ടത്തല്ല്
ബാക്കിയാവും!
ഞങ്ങൾ
ആനക്കാര്യം
സംസാരിക്കുമ്പോൾ,
മക്കൾ
ചേനക്കാര്യം
എടുത്തിടും!
ഞങ്ങൾ
മതേതരത്വം
വിളമ്പുമ്പോൾ
മക്കൾ
മതംമാറ്റം
രുചിക്കും…
ചവച്ചു തുപ്പും!
“ശാസ്ത്രം ജയിച്ചു…
മതം തോറ്റു!”-
നൂറ്റൊന്നാവർത്തി
മന്ത്രിക്കും!
കൂട്ടത്തിൽ
സ്വകാര്യം പറയും-
“അവസരവാദത്തിന്
ഏഴഴകാണത്രെ!”
ജനാധിപത്യമല്ലേ
എല്ലാം സഹിക്കാം…
പ്രശ്നമില്ല.
എല്ലാം
പൊറുക്കാം…
ഇപ്പോൾ
ഒരേയൊരാഗ്രഹം മാത്രം.
സിംഹവും,
പുലിയും,
പൂച്ചയുമായില്ലെങ്കിലും,
അതിന്റെയൊക്കെ
കളിപ്പാവകളായാലും
വേണ്ടില്ല…
സ്വീകാര്യം
അതൊരു
സ്വകാര്യം!
മക്കളൊരിക്കലും
തൊരപ്പനോ,
എലിയോ,
കീരിയോ,
കരിമൂർക്കനോ,
കഴുകനോ,
പല്ലിയോ,
ചിലന്തിയോ
ആകാതിരിക്കട്ടെ!…
പ്രാർത്ഥന
ഇത്രമാത്രം!
വളരെ ചെറിയ
ആഗ്രഹം മാത്രം!
വയറ്റിപ്പിഴപ്പിന്റെ
വേവലാതി മാത്രം!











