LIMA WORLD LIBRARY

വെളിച്ചപ്പാട്ട് – രമാ പിഷാരടി

കാലമിരുണ്ടൊരു വഴിയിൽ നിന്നും
കാണുന്നുണ്ടൊരു കരിനാഗത്തെ

ജടമുടിപോലെയിരുണ്ടുപിണഞ്ഞ്
കരിമുകിൽ പോലെ കറുത്ത് തടിച്ച്

മലമുകളിൽ നിന്നോടി വരുന്ന
മഴപോലാകെയുലഞ്ഞ് കുതിർന്ന്

കൈയിൽ വാളിൻ മിന്നലുതിർത്ത്
തളയും പട്ടും ചാർത്തിക്കെട്ടി

കാലിൽ വെങ്കലമുത്തുകൾ കെട്ടി
നേർനെറ്റിത്തടമാകെയുടച്ച്

നിന്നുറയുന്ന വെളിച്ചപ്പാടിൻ
കണ്ണുകളാകെയിരുണ്ട് കലങ്ങി

സൂര്യനൊഴിഞ്ഞൊരു ചെങ്കൽ വാനം
പാതികൊഴിഞ്ഞൊരു പൂവായ് മാറി

രാശിപ്പുരയിൽ കവടികൾ നീങ്ങി
ഗോത്രപ്പുരയിൽ തീപ്പുക പാറി

കനൽ തിന്നിട്ടും മതിയാകാതെ
ചുടലത്തെയ്യം കണ്ണുമിഴിച്ചു

പാലപ്പൂവിൻ ഗന്ധവുമായി
പനകൾ തേടി യക്ഷികൾ നീങ്ങി

വെറ്റിലയാകെമുറുക്കിത്തുപ്പിയ
മുത്തശ്ശിക്കഥ കേട്ട് വിറച്ച്

കുട്ടിയുറങ്ങി കുടത്തിന്നുള്ളിൽ
കുട്ടിച്ചാത്തൻ കാവലിരുന്നു.

സ്വപ്നത്തിൻ്റെ നിലാപ്പൂവൊന്നിൽ
നക്ഷത്രങ്ങൾ വന്നേ പോയി

മുത്തശ്ശിക്കഥ മാഞ്ഞേ പോയി
പട്ടം പോലെ പറന്നുകുട്ടി

കുട്ടി ചിരിച്ചു
ആമ്പൽപ്പൂവിൽ
മുത്തം വച്ചു പാട്ടുകൾ പാടി

വെൺമേഘത്തിൻ ചിറകിൽ നിന്ന്
വെള്ളത്തൂവലടർത്തിയെടുത്തു

കുട്ടി ചിരിച്ചത് കണ്ട് നിറഞ്ഞ്
പിച്ചിപ്പൂക്കൾ മെല്ലെ വിടർന്നു

വാനത്തിൻ്റെ മരക്കൊമ്പൊന്നിൽ
ഊഞ്ഞാൽ കെട്ടി മാലാഖക്കൈ

താരാട്ടൊന്നൊരു പുഴയോ പാടി
താളംകൊട്ടി കാറ്റിൻ കൈകൾ…

കരിമഷിയാകെയണിഞ്ഞൊരു രാവ്
പിറകോട്ടല്പം മാറിയിരുന്നു

ഘടികാരത്തിൽ കിളി ചുംബിച്ചു
ചുമരിൽ സൂര്യൻ വെട്ടം പൂശി

പുലരിത്തോപ്പിൽ നിന്നൊരു സ്വപ്നം
ചിറകിൽ മിന്നി ഭൂമി ചിരിച്ചു.

മലകൾ കേറിയിറങ്ങിയ സൂര്യൻ
തിരുമുറ്റത്ത് വിളക്കും വച്ചു.

കിളികൾ ചിറകിൽ സ്വർണ്ണം തൂവി
പുതിയ വെളിച്ചപ്പാട്ടുകൾ പാടി

====================

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px