ദുർവാശി ആപത്താണ് – മിനി സുരേഷ്

Facebook
Twitter
WhatsApp
Email

ജോനുഉറുമ്പും,ജിനു ഉറുമ്പും വലിയ കൂട്ടുകാരായിരുന്നു. വിജുമോന്റെ വീടിന്റെ വരാന്തയ്ക്ക്
അരികിലെ ചെറിയ പൊത്തിലായിരുന്നു അവരുടെ
രാജ്യം.എല്ലാ ഉറുമ്പുകളും പടത്തലവന്റെ നേതൃത്വത്തിൽ ഒരുമിച്ച് തീറ്റ തേടിപോകുമ്പോൾ
ജോനുവും,ജിനുവും കൂട്ടത്തിൽ നിന്നും മാറി ആ വീട്ടിലെ അടുക്കളയിലാണ്
ഭക്ഷണം തേടിയിരുന്നത്.ഭക്ഷണത്തിന്റെ ഒരു പങ്ക്
അവർ കൂട്ടുകാർക്ക് എത്തിച്ചു കൊടുക്കുകയും
ചെയ്തിരുന്നു.വിജുമോന്റെ അമ്മ
കാപ്പിയുണ്ടാക്കുവാനായി പഞ്ചസാരപ്പാത്രം തുറക്കുമ്പോൾ ചിതറി വീഴുന്ന
പഞ്ചസാരത്തരികളും,അടുക്കളയുടെ താഴെ വീണുകിടക്കുന്ന ഭക്ഷണത്തരികളും മാത്രമാണ്
അവർ എടുത്തിരുന്നത്. അതു കൊണ്ട് അവരെ ഒരു
ശല്യക്കാരായി ആ വീട്ടിൽ ആരും കരുതിയിരുന്നില്ല.”പാവം
രണ്ട് ഉറുമ്പുകൾ ഉപദ്രവമൊന്നും ഉണ്ടാക്കുന്നില്ലല്ലോ
അതു കൊണ്ട് നമുക്ക് ഉറുമ്പിനെ നശിപ്പിക്കുന്ന മണ്ണെണ്ണയും,പൊടികളും ഒന്നും ഉപയോഗിക്കണ്ട
അമ്മേ”വിജുമോൻ കെഞ്ചിപ്പറഞ്ഞതു കൊണ്ട് അമ്മ
സമ്മതിച്ചു. ജോനുവും,ജിനുവും അങ്ങനെ സുഖമായി കഴിഞ്ഞു വന്നു.

പ്രജകളായ ഉറുമ്പുകൾ എവിടെ ഭക്ഷണം കണ്ടാലും
പടത്തലവനെ അറിയിക്കണമെന്നാണ് ഉറുമ്പുരാജ്യത്തിലെ നിയമം.പിന്നീട് പടത്തലവന്റെ
നേതൃത്വത്തിൽ ഉറുമ്പുപടകൾ നിരയായി ചെന്ന് ആ ഭക്ഷണം രാജ്യത്തേക്ക് കൊണ്ടുവരും.
കുറെ ഉറുമ്പുകൾ ഒത്തുചേർന്ന് അടുക്കളയിലേക്ക്
ചെന്നാൽ ആപത്താണെന്നറിയാവുന്നതുകൊണ്ട് ജോനുവും,ജിനുവും ആ വിവരം രഹസ്യമാക്കി വച്ചു.
കൂട്ടത്തിൽ നിന്നും മാറി ജോനുവും,ജിനുവും ഒന്നിച്ച് തീറ്റ തേടി നടക്കുന്നത് പടത്തലവനായ
ബ്രിജുവിന് ഇഷ്ടപ്പെട്ടില്ല. കേവലം രണ്ട് ചെറിയ ഉറുമ്പുകൾ പടത്തലവനെ ധിക്കരിക്കുന്നത് അനുവദിച്ചു കൊടുക്കരുതെന്ന് ബ്രിജു തീരുമാനിച്ചു.ഉറുമ്പുരാജ്യത്തിലെ റാണിയോട് ബ്രിജു പരാതി അറിയിച്ചു.
ജോനുവിനെയും,ജിനുവിനെയും പിടിച്ചുകെട്ടിക്കൊണ്ടു വരാൻ റാണി ആജ്ഞാപിച്ചു.
ഭക്ഷണം കൊണ്ടു വരുന്ന സ്ഥലം പടത്തലവനെ അറിയിച്ചില്ലെങ്കിൽ രണ്ട് ഉറുമ്പുകളെയുംവധിക്കുവാൻ റാണി ഉത്തരവിട്ടു.
പേടിച്ചു വിറച്ച ഉറുമ്പുകൾ ഭക്ഷണം കൊണ്ടു വരുന്ന സ്ഥലത്തേക്കുറിച്ച് പടത്തലവനോട് പറഞ്ഞു.
അഹങ്കാരിയായ പടത്തലവൻ ഉറുമ്പുസൈന്യത്തെ
അണിനിരത്തി അടുക്കളയിലേക്ക് നയിച്ചു.ജോനുവും,ജിനുവും കരഞ്ഞ് അപേക്ഷിച്ചിട്ടും പടത്തലവൻ ചെവിക്കൊണ്ടില്ല.
വിജുമോന്റെ അമ്മ വന്നു നോക്കിയപ്പോൾ പഞ്ചസാരപ്പാത്രത്തിലും ,ഭക്ഷണപാത്രങ്ങളിലുമെല്ലാം നിറയെ ഉറുമ്പുകൾ.ദേഷ്യം വന്ന അമ്മ ഉറുമ്പുകളെ നശിപ്പിക്കുന്ന മരുന്ന് ഉറുമ്പുസൈന്യത്തിന്റെ പുറത്തേക്ക് തൂകി.
പടത്തലവന്റെ ദുർവാശിമൂലം തന്റെ കൂട്ടുകാരും പിടഞ്ഞ് മരിക്കുന്നത്
വേദനയോടെ ജോനുവും,ജിനുവും നോക്കിനിന്നു.

ഗുണപാഠം-ദുർവാശി തനിക്കും ,സമൂഹത്തിനും
ആപത്തുണ്ടാക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *